Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരേ കമ്പനിയുടെ ഒരേ നിറത്തിലുള്ള സ്‌കൂട്ടറുകൾ ഒരേ സമയം 'മോഷണം' പോയി: ഉടമകളുടെ പരാതിയിന്മേൽ ഓടിപ്പാഞ്ഞ പൊലീസ് കണ്ടെത്തിയത് സ്‌കൂട്ടറുകൾ വച്ചു മാറി എടുത്തു കൊണ്ടുപോയതെന്ന്: പണി പറ്റിച്ചത് ഒരു ഉടമയുടെ സുഹൃത്ത്: റാന്നി പൊലീസിനെ വട്ടം ചുറ്റിച്ച ആ കഥ ഇങ്ങനെ

ഒരേ കമ്പനിയുടെ ഒരേ നിറത്തിലുള്ള സ്‌കൂട്ടറുകൾ ഒരേ സമയം 'മോഷണം' പോയി: ഉടമകളുടെ പരാതിയിന്മേൽ ഓടിപ്പാഞ്ഞ പൊലീസ് കണ്ടെത്തിയത് സ്‌കൂട്ടറുകൾ വച്ചു മാറി എടുത്തു കൊണ്ടുപോയതെന്ന്: പണി പറ്റിച്ചത് ഒരു ഉടമയുടെ സുഹൃത്ത്: റാന്നി പൊലീസിനെ വട്ടം ചുറ്റിച്ച ആ കഥ ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഒരേ കമ്പനിയുടെ ഓരേ മോഡലിലും നിറത്തിലുമുള്ള രണ്ടു സ്‌കൂട്ടറുകൾ ഒരു ടൗണിൽ 200 മീറ്റർ ചുറ്റളവിൽ വച്ച് മോഷണം പോയി. ഉടമകൾ പരാതിയുമായി പൊലീസിനെ സമീപിച്ചു. പിന്നെ, സ്‌കൂട്ടറുകൾ തിരക്കി രണ്ടു മണിക്കൂർ നെട്ടോട്ടം. ഒടുവിൽ സ്‌കൂട്ടറുകൾ കണ്ടെത്തി. പണി പറ്റിച്ചത് കൂട്ടത്തിൽ ഒരു വണ്ടിയുടെ ഉടമയുടെ സുഹൃത്ത്. താൻ വന്ന വണ്ടിയാണെന്ന് കരുതി മറ്റൊരാളുടെ സ്‌കൂട്ടറുമായി സുഹൃത്ത് പോയതാണ് എല്ലാ കുഴപ്പത്തിനും കാരണമായത്. റാന്നി ഇട്ടിയപ്പാറയിൽ ഇന്നലെ വൈകിട്ടാണ് 'മോഷണങ്ങൾ' അരങ്ങേറിയത്.

അത്തിക്കയം കുടമുരുട്ടി മേലേടത്ത് ഷാജിയുടെ ഹീറോ ഹോണ്ട പ്ലഷർ സ്‌കൂട്ടർ മോഷണം പോയി എന്നായിരുന്നു ആദ്യ പരാതി. ഇട്ടിയപ്പാറ ബസ് സ്റ്റേഷനിലെ ഒരു ബേക്കറിക്കു മുന്നിൽ സ്‌കൂട്ടർ വച്ചിട്ട് സാധനം വാങ്ങാൻ കയറിയതായിരുന്നു ഷാജി. തിരിച്ചിറങ്ങി വന്നപ്പോൾ സ്‌കൂട്ടർ വച്ചിടത്തു കാണുന്നില്ല. സമീപത്തൊക്കെ കുറെ തെരഞ്ഞ ശേഷം ഇയാൾ സ്‌കൂട്ടർ മോഷണം പോയതായി കാണിച്ച് പൊലീസിൽ പരാതി നൽകി.

എസ്ഐമാരായ ശ്രീജിത്ത്, ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പാഞ്ഞെത്തി അന്വേഷണം തുടങ്ങി. ഷാജിയുടെ സ്‌കൂട്ടർ ഇരുന്നതിന് അധികം ദൂരത്തല്ലാതെ ഇതേ പോലുള്ള മറ്റൊരു സ്‌കൂട്ടർ ഇരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. അതിന്റെ ഉടമയെ തേടിയെങ്കിലും കണ്ടെത്താൻ ആയില്ല. വാഹനത്തിൽ നിന്നും ഉടമയുടെ ഫോൺ നമ്പർ കണ്ടെത്തി പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് രണ്ടാമത്തെ മോഷണം അറിയുന്നത്.

ഇട്ടിയപ്പാറ ഗോകുലം ഫിനാൻസിന്റെ മുമ്പിൽ വച്ചിരുന്ന തന്റെ പ്ലഷർ സ്‌കൂട്ടർ മോഷണം പോയതായാണ് രണ്ടാമത്തെ ഉടമ പൊലീസിനോട് പറഞ്ഞത്. ഇതോടെ പൊലീസ് ജാഗ്രതയിലായി. രണ്ടാമത് പരാതി പറഞ്ഞയാളെ ഷാജി സാധനം വാങ്ങിയ ബേക്കറിക്കു സമീപത്തേക്ക് എത്തിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന സ്‌കൂട്ടർ അദ്ദേഹത്തിന്റേതാണെന്നു ബോധ്യമായി. അപ്പോഴാണ് നേരത്തേ അയാളുടെ സ്‌കൂട്ടർ വച്ചിരുന്ന ഭാഗത്ത് ഇതേ കമ്പനിയുടെ മറ്റൊരു സ്‌കൂട്ടർ ഉള്ളതായ വിവരം പറയുന്നത്.

പൊലീസും ആദ്യ പരാതിക്കാരൻ ഷാജിയും ഈ സ്ഥലത്ത് ചെന്നപ്പോൾ സ്‌കൂട്ടർ ഷാജിയുടേത് തന്നെ. രണ്ടു മോഷണ കേസുകളിലും തൊണ്ടി മുതൽ ഞൊടിയിടക്കുള്ളിൽ കണ്ടെത്താൻ കഴിഞ്ഞെങ്കിലും എന്താണു സംഭവിച്ചതെന്ന് രണ്ടു വാഹന ഉടമകൾക്കും മനസിലായിരുില്ല. രണ്ടാമന്റെ സുഹൃത്തായിരുന്നു കഥയിലെ വില്ലനെന്ന് പിന്നീട് മനസിലായി.

രണ്ടാമന്റെ വാഹനത്തിന്റെ താക്കോൽ വാങ്ങി പോയ സുഹൃത്ത് ഒരേ കമ്പനിയുടെ സ്‌കൂട്ടറുകൾ അബദ്ധത്തിൽ മാറി എടുത്തു കൊണ്ടുപോയതായിരുന്നു. ഗോകുലത്തിന്റെ മുമ്പിൽ നിന്നും സുഹൃത്ത് എടുത്ത സ്‌കൂട്ടർ, ബേക്കറിക്കു മുമ്പിൽ വച്ച ശേഷം തിരികെ വന്ന് എടുത്തപ്പോൾ മാറി ഷാജിയുടെ വണ്ടി എടുക്കുകയായിരുന്നു. പൊലീസ് ഇരു കൂട്ടർക്കും താക്കീത് നൽകി വിട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP