Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഇന്റർപോൾ ലിസ്റ്റിലുള്ള കുറ്റവാളിയെ പിടിച്ചെന്ന ക്രെഡിറ്റ് നേടാൻ പൊലീസ് ആവേശം കാട്ടിയപ്പോൾ യാതന താണ്ടിയത് നിരപരാധിയായ യുവതി; ഒരു പേരിന്റെ പേരിൽ റാന്നിക്കാരിയായ സാറ തടവിൽ കഴിഞ്ഞത് അഞ്ചുദിവസം!

ഇന്റർപോൾ ലിസ്റ്റിലുള്ള കുറ്റവാളിയെ പിടിച്ചെന്ന ക്രെഡിറ്റ് നേടാൻ പൊലീസ് ആവേശം കാട്ടിയപ്പോൾ യാതന താണ്ടിയത് നിരപരാധിയായ യുവതി; ഒരു പേരിന്റെ പേരിൽ റാന്നിക്കാരിയായ സാറ തടവിൽ കഴിഞ്ഞത് അഞ്ചുദിവസം!

ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ടാകാം. എന്നാൽ, ചോദ്യം റാന്നി അങ്ങാടി പുല്ലുപ്രം കൊടിത്തോപ്പിൽ വീട്ടിൽ സാറ തോമസിനോടാണെങ്കിൽ, ദുഃസ്വപ്‌നത്തെക്കാൾ ഭീകരമായി അവരുടെ ജീവിതത്തെ വേട്ടയാടിയ അഞ്ചുദിവസത്തെക്കുറിച്ച് അവർ പറയും. തന്റെ അതേ പേരിലുള്ള കുറ്റവാളിയെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സാറ തോമസിന് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല.

സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായ പുനലൂർ പത്തേക്കർ ഇത്തിവിള ബംഗ്ലാവിൽ സാറ വില്യംസ് എന്ന സാറ തോമസിനുവേണ്ടിയാണ് പൊലീസ് വലവിരിച്ചിരുന്നത്. ആ വലയിൽ വീണതാകട്ടെ, ദുബായ് ഫ്‌ളോർസ് ആൻഡ് കാർപെറ്റ്‌സ് കമ്പനിയുടെ അഡ്‌മിനിസ്‌ട്രേറ്റീവ് ഡയറക്ടറായ സാറ തോമസും. കഴിഞ്ഞ 29-ന് ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് സാറ തോമസിനെ ഇമിഗ്രേഷൻ വിഭാഗം അറസ്റ്റ് ചെയ്യുന്നത്. മദ്രാസ് ക്രിസ്ത്യൻ കോളജിൽ പഠിക്കുന്ന മകൻ കെവിൻ സജിത് ജോണിനെ കാണാനാണ് സാറ എത്തിയത്. ഇന്റർപോൾ തിരയുന്ന കുറ്റവാളിയല്ല താനെന്ന് അവർ പലതവണ വ്യക്തമാക്കിയിട്ടും ഇമിഗ്രേഷൻ വിഭാഗം വഴങ്ങിയില്ല.

അമ്മയെ കാണാതെ കെവിൻ നടത്തിയ അന്വേഷണത്തിലാണ് അമ്മ കസ്റ്റഡിയിലാണെന്ന് തിരിച്ചറിയുന്നത്. വിമാനത്താവളത്തിൽ തനിക്ക് സംഭവിച്ച കാര്യങ്ങൾ, കെവിന്റെ ചെന്നൈയിലെ ലോക്കൽ ഗാർഡിയൻ കൂടിയായ പിന്നണിഗായകൻ കൗശിക് മേനോനെ സാറ എസ്.എം.എസ്സിലൂടെ അറിയിച്ചിരുന്നു. രാവിലെ 8.10നാണ് സാറ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. അപ്പോൾത്തന്നെ കസ്റ്റഡിയിലായ അവരെ, വൈകീട്ട് ഏഴരവരെ അവിടെ തടഞ്ഞുവച്ചു. ഇതിനിടെ, കേരളത്തിലെ സി.ബി.സിഐഡി. തിരയുന്ന ഇന്റർപോൾ പട്ടികയിലുള്ള സാറാ തോമസ് തന്നെയാണു താനെന്നു സമ്മതിക്കാനും തമിഴിൽ തയ്യാറാക്കിയ രേഖകളിൽ ഒപ്പിട്ടു നൽകാനും ഉദ്യോഗസ്ഥർ നിർബന്ധിക്കുകയും ചെയ്തു.

രാത്രി ഏഴരയോടെ മൊബൈൽ ഫോണും അധികൃതർ വാങ്ങിയതോടെ സാറയ്ക്ക് പുറംലോകവുമായുള്ള ബന്ധവും അറ്റു. ഇതിനിടെ, വനിതാ ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് തമിഴിലെഴുതിയ ചില രേഖകളിൽ ഒപ്പിടുവിച്ചിരുന്നു. തുടർന്ന് എയർപോർട്ട് എസ് ടു പൊലീസ് യുവതിയെ ആലന്തൂർ കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻഡ് ചെയ്ത സാറയെ പുഴൽ സെൻട്രൽ ജയിലിൽ അടയ്ക്കുകയും ചെയ്തു.

മകനെക്കാണാനെത്തിയ താൻ, ചെന്നൈ സെൻട്രൽ ജയിലിൽ അകപ്പെട്ടതോടെ, സാറയുടെ സർവപ്രതീക്ഷകളും അവസാനിച്ചു. അന്നും പിറ്റേന്നും ജയിലിൽ കഴിയേണ്ടിവന്ന സാറയെ 31-ന് കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഇതിനിടെ പുനലൂർ കോടതി പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറന്റിന്റെ അടിസ്ഥാനത്തിൽ ആലന്തൂർ കോടതി സാറയെ ക്രൈംബ്രാഞ്ചിന് കൈമാറി. മദ്രാസ് ഹൈക്കോടതിയിൽ കെവിൻ ഹേബിയസ് കോർപസ് ഫയൽ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. വെള്ളിയാഴ്ച രാത്രി സാറായുമായി ക്രൈംബ്രാഞ്ച് സംഘം കൊല്ലത്തേയ്ക്ക് പുറപ്പെട്ടു. ശനിയാഴ്ച രാത്രിയോടെ ഇവർ കൊല്ലത്തെത്തി. രാത്രി ഈസ്റ്റ് സ്റ്റേഷനിലെ വനിതാ ഹെൽപ്പ് ലൈനിലേക്കു മാറ്റിയ അവരെ ഞായറാഴ്ച രാവിലെ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി.

താൻ തട്ടിപ്പുകാരി സാറ വില്യംസല്ലെന്ന് പുനലൂർ കോടതിയിലും സാറ വ്യക്തമാക്കിയിരുന്നു. 31-ന് വൈകിട്ട് മുതൽ കോടതിയിൽ ഹാജരാക്കുന്നതുവരെ സാറാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആയിരുന്നു. ഇവർ സാറാ താമസ് തന്നെയാണോ എന്ന് വ്യക്തമാകുന്നതിനായി ഇവരെ റാന്നിയിലേയ്ക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിനിടെ, കുവൈത്തിലുള്ള സാറയുടെ മാതാപിതാക്കളായ തോമസ് ഏബ്രഹാമും മറിയാമ്മ തോമസും കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി തെളിവുകൾ ഹാജരാക്കി. തുടർന്ന് ക്രൈംബ്രാഞ്ച് സംഘം സാറാ തോമസുമായി റാന്നിയിലേയ്ക്ക് പോയി. അവിടെ പഞ്ചായത്ത് , വില്ലേജ് അധികൃതരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഉറപ്പാക്കി. തുടർന്ന് വൈകിട്ട ഏഴുമണിയോടെ പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി(3)-ൽ ഹാജരാക്കി. ഇവർ പിടികിട്ടാപ്പുള്ളിയായ സാറ വില്യംസ് അല്ലെന്നും വിട്ടയക്കണമെന്നുമുള്ള സത്യവാങ്മൂലം ക്രൈംബ്രാഞ്ച് ഹാജരാക്കുകയും സാറ മോചിതയാവുകയുമായിരുന്നു. വെറുമൊരു പേരിന്റെ സാമ്യത്തിൽ നിരപരാധിയായ മകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് പീഡിപ്പിച്ച അധികൃതർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് സാറാ തോമസിന്റെ മാതാപിതാക്കളും ബന്ധുക്കളും അറിയിച്ചു. എന്നാൽ, നടുക്കത്തിൽനിന്ന് മോചിതയല്ലാത്തതിനാൽ, സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സാറ തയ്യാറായില്ല.

പേരുകളിലെ സാമ്യമുൾപ്പെടെയുള്ള കാര്യങ്ങളാണു സാറാ തോമസിന് വിനയായതെന്നു ക്രൈംബ്രാഞ്ച് പറഞ്ഞു. ഇന്റർപോൾ തിരയുന്ന സാറാ വില്യംസിന് സാറാമ്മ തോമസ് എന്നും പേരുണ്ട്്. രണ്ടു പേരും ജനിച്ചതു 1975-ലാണ്. ഇരുവരും മലയാളികളാണെന്നതും ദുബായിലാണു താമസിക്കുന്നതെന്നതും ഇമിഗ്രേഷൻ വിഭാഗത്തിന് അബദ്ധം പറ്റാനിടയാക്കി. എന്നാൽ, സാറാ വില്യംസിന്റെ തിരച്ചിൽ നോട്ടീസിലെ ഫോട്ടോയും സാറാ തോമസിന്റെ പാസ്‌പോർട്ടിലെ ഫോട്ടോയും വ്യത്യസ്തമാണെങ്കിലും ആവേശംമൂത്ത ഉദ്യോഗസ്ഥർ കണക്കിലെടുത്തില്ല.

എന്നാൽ, ചെന്നൈയിൽ അറസ്റ്റിലായത് യഥാർഥ പ്രതിയല്ലെന്ന് ഉറപ്പായതോടെ, സാറ വില്യംസിനെത്തേടി അധികൃതർ വീണ്ടും നെട്ടോട്ടം തുടങ്ങി. മയ്യനാടു കാക്കോട്ടുമൂല സ്വദേശിയായ സാറ വില്യംസ് ആദ്യ ഭർത്താവിന്റെ മരണത്തിനുശേഷം അറബിയെ വിവാഹം കഴിച്ചു ദുബായിൽ ഒളിവിലാണെന്നു സൂചനയുണ്ടെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം.

പുനലൂരിൽ നിന്നു സ്വന്തം പേരിൽ മരണസർട്ടിഫിക്കറ്റു ചമച്ചു ബ്രിട്ടനിലെ ഇൻഷുറൻസ് കമ്പനിയിൽ ഹാജരാക്കി രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിനു 2002-ലാണ് പുനലൂർ പൊലീസ് സാറാ വില്യംസിനെതിരെ കേസെടുത്തത്. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇന്റർപോളിന്റെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. ഗൗരവതരമായ കുറ്റകൃത്യങ്ങളിൽ പെടുന്നവർക്കുള്ള റെഡ് കോർണർ വിഭാഗത്തിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബറിൽ സാറയ്ക്കു വേണ്ടിയുള്ള തിരച്ചിൽ നോട്ടീസിന്റെ കാലാവധി ഇന്റർപോൾ നീട്ടിയിരുന്നു. സാറാമ്മ തോമസ്, സാറാ വില്യംസ് എന്നിങ്ങനെ രണ്ടു പേരുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. ഭർത്താവ് വിൻസന്റ് വിനോ വില്യമിന്റെ മരണശേഷം പിതാവ് വർഗീസ് തോമസിന്റെ പേരു സ്വന്തം പേരിനൊപ്പം ചേർത്തുവെന്നു കരുതുന്നു. ഇതിലെ സാറ തോമസ് എന്ന പേരാണ്, പാവം സാറയ്ക്ക് വിനയായത്.

അതേസമയം, സാറാ വില്യംസിനെക്കുറിച്ചു ദുരൂഹത ഏറുകയാണ്. ഭർത്താവിന്റെ സ്വദേശമായ കാക്കോട്ടുമൂലയിൽ സാറയുടെ പേരിൽ ഒന്നര ഏക്കർ സ്ഥലമുണ്ടെന്നാണു വിവരം. സാധാരണ കുടുംബത്തിൽപ്പെട്ട സാറ സമ്പത്തു മോഹിച്ചാണു വിൻസന്റിനെ വിവാഹം കഴിച്ചത്. ഇയാളുടെ മാതാപിതാക്കൾ ലണ്ടനിലായിരുന്നു. വിവാഹം കഴിഞ്ഞതോടെ ഭർതൃസഹോദരന്റെ പേരിലുണ്ടായിരുന്ന ഒന്നരയേക്കർ സാറ സ്വന്തം പേരിലാക്കി. ഭർത്താവിന്റെ മാതാപിതാക്കൾ വൈകാതെ മരിച്ചതുമായി ബന്ധപ്പെട്ടും അഭ്യൂഹങ്ങളുണ്ട്.

ലണ്ടനിലായിരുന്ന സാറയും വിൻസന്റും 2000-ൽ നാട്ടിലെത്തിയ ശേഷമാണു മരണസർട്ടിഫിക്കറ്റു ചമച്ചത്. സാറ കാക്കോട്ടുമൂലയിൽ തങ്ങുകയും ഭർത്താവ് ഇംഗ്ലണ്ടിലെത്തി ഇൻഷുറൻസ് കമ്പനിയിൽ മരണസർട്ടിഫിക്കറ്റു ഹാജരാക്കി നഷ്ടപരിഹാരത്തിന് അപേക്ഷിക്കുകയായിരുന്നു. എന്നാൽ, കമ്പനി പ്രതിനിധികൾ നാട്ടിലെത്തി നടത്തിയ അന്വേഷണത്തിൽ സാറ മരിച്ചിട്ടില്ലെന്ന് വ്യക്തമായി. കമ്പനിയുടെ പരാതിപ്രകാരം പുനലൂർ പൊലീസ് കേസെടുക്കുന്നതിനു മുൻപു ദമ്പതികൾ ഇംഗ്ലണ്ടിലേക്കു മടങ്ങി. ഇതിനിടെ, ലണ്ടനിൽവച്ച് വിൻസന്റ് മരിച്ചതായി നാട്ടിൽ വിവരം ലഭിച്ചു. ഈ മരണം സംബന്ധിച്ചും ദുരൂഹതകളേറെയാണ്. ബന്ധുക്കളോ ലണ്ടനിലുള്ള പരിചയക്കാരോ വിൻസെന്റിന്റെ മരണവാർത്ത സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ ഏക മകൾ ഇസബെല്ല (17) എവിടെയാണെന്നും ആർക്കുമറിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP