Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എസ് എ പി ക്യാമ്പിലെ വെടിയുണ്ടകൾ കടത്തി പകരം ഡമ്മി ഉണ്ടകൾ വെച്ച കേസ്: എസ് ഐക്ക് ജാമ്യമില്ല; രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവമേറിയ കുറ്റകൃത്യമെന്ന് കോടതി

എസ് എ പി ക്യാമ്പിലെ വെടിയുണ്ടകൾ കടത്തി പകരം ഡമ്മി ഉണ്ടകൾ വെച്ച കേസ്: എസ് ഐക്ക് ജാമ്യമില്ല; രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവമേറിയ  കുറ്റകൃത്യമെന്ന് കോടതി

അഡ്വ.പി.നാഗ് രാജ്

 തിരുവനന്തപുരം: തലസ്ഥാനത്തെ സ്‌പെഷ്യൽ ആംഡ് പൊലീസ് ആസ്ഥാനത്ത് നിന്നും 12,061 പ്രവർത്തനക്ഷമമായ വെടിയുണ്ടകൾ കടത്തി പകരം ഡമ്മി വെടിയുണ്ടകൾ വച്ച കേസിൽ റിമാന്റിൽ കഴിയുന്ന ഒമ്പതാം പ്രതിയായ എസ്‌ഐക്ക് ജാമ്യമില്ല. കാർട്രിഡ്ജ് കടത്ത് കേസിൽ ഒമ്പതാം പ്രതിയും നിലവിൽ അടൂർ കെ.എ.പി ക്യാമ്പ് ട്രെയിനർ എസ്‌ഐയുമായ റെജി ബാലചന്ദ്രന്റെ ജാമ്യഹർജിയാണ് തള്ളിയത്. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകർ ആണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്. 5.56 എംഎം കാർട്രിഡ്ജ് ഇൻസാസ് 1835 എണ്ണം , എ കെ - 47 തോക്കിനുള്ള 7.62 എംഎം എ 7 കാർട്രിഡ്ജ് 1578 എണ്ണം ,സെൽഫ് ലോഡിങ്ങ് റൈഫിളുകൾക്ക് 7. 62 എംഎം എം 80 വെടിയുണ്ടകൾ 8398 എണ്ണം , 9 എംഎം ഡ്രിൽ കാർ ട്രിഡ്ജ് 250 എണ്ണം ഉൾപ്പെടെ 12, 061 എണ്ണം വെടിയുണ്ടകളാണ് ഭൗതിക പരിശോധനയിൽ കാണാതായത്. ഇവയിൽ അസ്സൽ 350 എണ്ണം വെടിയുണ്ടകൾക്ക് പകരം വ്യാജമായി നിർമ്മിച്ച ഡമ്മി വെടിയുണ്ടകൾ തിരുകി കയറ്റിവച്ചുവെന്നാണ് ഒമ്പതാം പ്രതിയായ എസ്‌ഐക്കെതിരായ ആരോപണം.

രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവമേറിയ കുറ്റം ചെയ്തുവെന്നാരോപിക്കുന്ന കേസിൽ അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യത്തിനർഹതയില്ല. ഈ ഘട്ടത്തിൽ ജാമ്യത്തിൽ സ്വതന്ത്രനായി വിട്ടയച്ചാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 26 ന് അറസ്റ്റ് ചെയ്ത പ്രതിയെ വെള്ളിയാഴ്ച ഉച്ചക്ക് 1.30 മുതൽ ശനിയാഴ്ച വൈകിട്ട് 4.30 മണി വരെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് 2 ഡിവൈഎസ്‌പിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു.

ഡമ്മിയുടെ ഉറവിടം , നിർമ്മാതാക്കൾ , വിതരണക്കാർ , നിർമ്മിച്ച യന്ത്രങ്ങൾ എന്നിവ കണ്ടെത്താനായാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അനിൽകുമാർ കോടതിയിൽ അപേക്ഷ സമർപ്പിച്ച് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. എന്നാൽ കസ്റ്റഡി ചോദ്യം ചെയ്യൽ പൂർത്തിയാക്കി കോടതിയിൽ തിര്യെ ഹാജരാക്കിയ വേളയിൽ കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞ അഡ്രസ് റിപ്പോർട്ട് ഹാജരാക്കിയിട്ടില്ല. അതേ സമയം അസ്സൽ ഉണ്ടകൾ കടത്തിയ സ്ഥലം , വാങ്ങിയ വ്യക്തികൾ , എന്തിനുപയോഗിച്ചു , കൃത്യത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളുടെ പങ്കും പങ്കാളിത്തവും കണ്ടെത്തൽ , പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യൽ , തൊണ്ടിമുതലുകൾ , കൃത്യത്തിനുപയോഗിച്ച വാഹനങ്ങൾ , യന്ത്രസാമഗ്രികൾ തുടങ്ങിയവ വീണ്ടെടുത്ത് തൊണ്ടിയായി കോടതിയിൽ ഹാജരാക്കൽ എന്നീ ആവശ്യങ്ങൾ കസ്റ്റഡി അപേക്ഷയിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടില്ല. അവ്യക്തമായ കസ്റ്റഡി അപേക്ഷയാണ് കോടതിയിൽ സമർപ്പിച്ചത്. ഇത് ആഴത്തിലുള്ള അന്വേഷണം നടത്താതെ കൃത്യത്തിലുൾപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ കേസിൽ നിന്നും രക്ഷിച്ചെടുക്കാനാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

എസ്എപി ക്യാമ്പിലെ പൊലീസുകാരായ ഗോപകുമാർ , അശോക് കുമാർ ,ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാൻ സനിൽകുമാർ , സതീഷ് കുമാർ , അനീഷ് , ബെൽ രാജ് , വിനോദ് , റെജി ബാലചന്ദ്രൻ , സുദേഷ്‌കുമാർ , സുരേഷ് കുമാർ എന്നിവരെ ഒന്നു മുതൽ പതിനൊന്ന് വരെ പ്രതിചേർത്താണ് എഫ് ഐ ആർ സമർപ്പിച്ചിട്ടുള്ളത്.

ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ചുമതലയുള്ള ഉദ്യോഗസ്ഥന്മാർ ആഴ്ചയിലൊരിക്കൽ അവ പരിശോധിക്കുകയും സ്റ്റോറിൽ സൂക്ഷിച്ചിട്ടുള്ള ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കൃത്യത അതിനായി സൂക്ഷിച്ചിട്ടുള്ള ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തുകയും വേണമെന്നുള്ളതായിരുന്നു 2004 ൽ പുറപ്പെടുവിച്ച പൊലീസ് സർക്കുലറിലെ ഒരു നിർദ്ദേശം എന്ന് സിഎജി റിപ്പോർട്ടിൽ ഇരുപത്തഞ്ചാം പേജിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുപോലെ കമ്പനി കമാൻഡർ / സർക്കിൾ ഇൻസ്‌പെക്ടർമാർ മാസത്തിലൊരിക്കൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും സ്റ്റോക്ക് , മിന്നൽ പരിശോധന നടത്തി അതിനായി സൂക്ഷിച്ച രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദ്ദേശിച്ചിരുന്നു. അതു പോലെ പൊലീസ് സൂപ്രണ്ട് / കമാൻഡന്റ് ആറുമാസത്തിലൊരിക്കൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും പരിശോധന നടത്തി കൃത്യത ഉറപ്പു വരുത്തണമെന്ന നിർദേശവും പൊലീസ് സർക്കുലർ നിഷ്‌ക്കർശിക്കുന്നതായി സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്യാമ്പുകൾ / പൊലീസ് സ്റ്റേഷനുകൾ സന്ദർശിക്കുന്ന ഉയർന്ന പൊലീസുദ്യോഗസ്ഥന്മാരും സ്റ്റോക്കിലുള്ള ആയുധ വെടിക്കോപ്പുകളുടെ ഭൗതിക സാന്നിദ്ധ്യം പരിശോധിക്കുകയും സ്റ്റോക്കിലേക്ക് വന്നു ചേർന്നതും വിതരണം നടത്തിയതുമായതിന്റെ വിവരങ്ങൾ നോക്കുകയും അവരുടെ ഇൻസ്പക്ഷൻ റിപ്പോർട്ടുടുകളിൽ ചേർക്കുകയും വേണം - സി എ ജി റിപ്പോർട്ടിൽ പറയുന്നുണ്ട്.

എന്നാൽ ക്രൈം ബ്രാഞ്ച് സിഎജി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാതെ മറച്ചു വെച്ചിരിക്കുകയാണ്. ഇത് അറസ്റ്റ് ചെയ്ത എസ് ഐയെ മാത്രം കേസിൽ ബലിയാടാക്കി ഉന്നതരെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നാണ് ആക്ഷേപം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP