Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സാമ്പത്തിക സംവരണത്തിന്റെ മറവിൽ പിന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നു; സംവരണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് സമസ്തയുടെ ഒപ്പ് ശേഖരണം നാളെ

സാമ്പത്തിക സംവരണത്തിന്റെ മറവിൽ പിന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നു; സംവരണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് സമസ്തയുടെ ഒപ്പ് ശേഖരണം നാളെ

കെ വി നിരഞ്ജൻ

കോഴിക്കോട്: സംവരണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് പ്രക്ഷോഭം ശക്തിപ്പെടുത്താൻ സമസ്ത. നാളെ സമസ്ത സംവരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഒപ്പു ശേഖരണം നടത്തും. ജുമുഅ നിസ്കാര ശേഷം പള്ളികളിൽ വച്ചാണ് ഒപ്പുകൾ ശേഖരിക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലുള്ള പള്ളികളിലും ഇതിനായി പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തും. ഇങ്ങനെ ശേഖരിക്കുന്ന ഒപ്പുകൾ ക്രോഡീകരിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. 10 ലക്ഷം ഒപ്പുകൾ ശേഖരിക്കാനാണ് സമസ്ത സംവരണ സംരക്ഷണ സമിതിയുടെ തീരുമാനം. എസ് കെ എസ് എസ് എഫ് ശാഖാ കമ്മിറ്റികൾക്കാണ് ഒപ്പുശേഖരണത്തിന്റെ ചുമതല.

സാമ്പത്തിക സംവരണത്തിന്റെ മറവിൽ പിന്നോക്ക വിഭാഗങ്ങളെ പൂർണമായും അവഗണിച്ച് മുന്നോക്ക സംവരണം നടപ്പിലാക്കി മുന്നോട്ടുപോവുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരേയാണ് ഒപ്പുശേഖരണം. വിദ്യാഭ്യാസ, തൊഴിൽ മേഖലയിൽ സംവരണ വിഭാഗങ്ങളുടെ അവസരങ്ങൾ നിഷേധിക്കുന്ന സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ കൈയൊപ്പ് കൂടിയാകും നാളെ ചാർത്തപ്പെടുകയെന്ന് സമസ്ത ഭാരവാഹികൾ വ്യക്തമാക്കുന്നു

മുസ്ലിംകൾ ഉൾപ്പെടെയുള്ള പിന്നോക്ക ജനവിഭാഗത്തിന് ഇന്ത്യൻ ഭരണഘടനാപ്രകാരം അനുവദിച്ച സംവരണാനുകൂല്യങ്ങളിൽ അട്ടിമറി നടത്തുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിക്കുന്നതോടൊപ്പം എല്ലാ മേഖലകളിലും കാറ്റഗറികളിലും മുസ്ലിംകൾക്ക് 12 ശതമാനം സംവരണം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക, റിസർവേഷൻ ബാക്ക് ലോഗ് ഒഴിവുകൾ നികത്തുക, പിന്നോക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി സംവരണമേർപ്പെടുത്തുക, റിസർവേഷൻ റോസ്റ്റർറൊട്ടേഷൻ സംവിധാനങ്ങൾ കുറ്റമറ്റതാക്കുക, സംവരണാനുപാതം പുനർനിർണയിക്കുന്നതിന് 1993 മുതൽ നടത്തേണ്ടിയിരുന്ന സർവെ യഥാവിധി നടത്തുകയും സംവരണ ക്വാട്ട പുനർനിർണയം നടത്തുകയും ചെയ്യുക തുടങ്ങിയ അഞ്ച് പ്രധാന ആവശ്യങ്ങളും ഭീമഹരജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിന്റെ ജനസംഖ്യയിൽ രണ്ടോ മൂന്നോ ശതമാനം മാത്രമുള്ളവർക്ക് വേണ്ടി 10 ശതമാനം എല്ലാ വിഭാഗങ്ങളിലും സംവരണമേർപ്പെടുത്തുകയും പതിറ്റാണ്ടുകളായി പാർശ്വവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പിന്നോക്കക്കാർക്ക് വിവിധ തസ്ഥികകളിൽ രണ്ടും മൂന്നും ശതമാനം മാത്രം നൽകുകയും ചെയ്യുന്ന കടുത്ത അനീതിക്കെതിരേയുള്ള പ്രതിഷേധം അലയടിക്കുന്നതാകും നാളത്തെ ഒപ്പ് ശേഖരണമെന്നും നേതൃത്വം വിശദീകരിക്കുന്നു. മഹല്ല് മദ്രസ്സ കമ്മറ്റികൾ, സുന്നി യുവജന സംഘം, സുന്നി മഹല്ല് ഫെഡറേഷൻ, എസ് കെ എസ് എസ് എഫ്, ജംഇയ്യത്തുൽ മുഅല്ലിമീൻ,ജംഇയ്യത്തുൽ മുദരിസീൻ,ജംഇയ്യത്തുൽ ഖുതബാങ്ക്, സമസ്ത പ്രവാസി സെൽ തുടങ്ങിയ സമസ്തയുടെ കീഴ്ഘടകങ്ങളും ഒപ്പുശേഖരണത്തിന് നേതൃത്വം നൽകും.

എസ് കെ എസ് എസ് എഫ് ശാഖാ കമ്മറ്റികൾ ശേഖരിക്കുന്ന ഒപ്പുകൾ ക്ലസ്റ്റർ, മേഖലാ, ജില്ല കമ്മറ്റികൾ മുഖേന നവംബർ 18നകം കോഴിക്കോട് ഇസ് ലാമിക് സെന്ററിൽ എത്തിക്കേണ്ടതാണെന്ന് സമസ്ത സംവരണ സംരക്ഷണ സമിതി കൺവീനർ മുസ്തഫ മുണ്ടുപാറ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP