Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടകംപള്ളി-കളമശ്ശേരി ഭൂമി തട്ടിപ്പുക്കേസിൽ സലിംരാജടക്കം 11പേരെ സിബിഐ അറസ്റ്റ് ചെയ്തു; മുഖ്യമന്ത്രിയുടെ മുൻഗൺമാനെതിരെ ചുമത്തുന്നത് ഗൂഢാലോചനകുറ്റം; കസ്റ്റഡിയിലെടുത്തവരിൽ റവന്യൂ ജീവനക്കാരും

കൊച്ചി: കളമശ്ശേരി-കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിംരാജിനെ സിബിഐ അറസ്റ്റ് ചെയ്തു. ഈ രണ്ട് കേസിലുമായി പതിനൊന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കടകംപള്ളി കേസിലാണ് സലിംരാജിന്റെ അറസ്റ്റ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് സലിംരാജിനെ അറസ്റ്റ് ചെയ്തത്. തണ്ടപ്പേര് തിരുത്തി ഭൂമി തട്ടിയെടുത്തുവെന്നാണ് ആരോപണം. നൂറിലധികം പേരുടെ സ്ഥലം അവരറിയാതെ തട്ടിയെടുക്കാനാണു ഭൂമാഫിയ ശ്രമിച്ചത്. സലിംരാജിനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. അഡിഷണൽ തഹസിൽദാർ വിദ്യോദയകുമാർ അടക്കം മറ്റ് അഞ്ചു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറസ്റ്റിലായ സലിം രാജ് ഉൾപ്പെടെയുള്ള പ്രതികളെ സിബിഐ കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയാണ് ഇവരെ രണ്ടു ദിവസം കസ്റ്റഡിയിൽ വിട്ടത്.

കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ അറസ്റ്റിലായവരിൽ ആറു പേരും ഉദ്യോഗസ്ഥരാണ്. കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ 21ാം പ്രതിയാണ് സലിം രാജ്. തിരുവനന്തപുരത്തെ സിബിഐ ഓഫിസിലേക്ക് ഇന്നു രാവിലെ സലിം രാജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദ്യോധയ കുമാർ, നാസർ, അബ്ദുൽ മജീദ്, ജയറാം, എം.എസ്.സലീം, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് സലീം രാജിനൊപ്പം അറസ്റ്റിലായത്. ഉദ്യോഗസ്ഥരും സലീം രാജിന്റെ ബന്ധുക്കളും ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നാസർ, അബ്ദുൽ മജീദ്, എം.എസ്.സലീം, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് സലിംരാജിന്റെ ബന്ധുക്കൾ. സലീം രാജ് ഉൾപ്പെട്ട കളമശേരി ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മൂന്നു ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃക്കാക്കര വില്ലേജ് ഓഫീസർ സാബു, വില്ലേജ് അസിസ്റ്റന്റ് മുറാദ്, കലക്ട്രേറ്റിലെ ക്ലാർക്ക് ഗീവർഗീസ് എന്നിവരാണ് അറസ്റ്റിലായത്.

കടകംപള്ളിയിൽ കോടിക്കണക്കിനു രൂപ വിലവരുന്ന സർക്കാർ ഭൂമി മുഖ്യമന്ത്രിയുടെ ഗൺമാൻ എന്ന സ്ഥാനം ദുരുപയോഗം ചെയ്തു കൃത്യമരേഖകളുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നതാണ് കേസ്. രണ്ടാഴ്ച മുൻപ് ഈ കേസ് ഹൈക്കോടതിയിൽ വന്നപ്പോൾ കേസിലെ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സലീം രാജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.രേഖകളിൽ കൃത്രിമം കാണിച്ചു സ്ഥലത്തന്റെ ഉടമസ്ഥാവകാശം സലീം രാജിന് അനുകൂലമാക്കിയെന്നാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസ്. ഈ കേസിൽ ആദ്യമായാണ് സലീം രാജിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തുന്നത്. കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ സലീം രാജിന്റെ ഭാര്യയും പ്രതിയാണ്. സലിംരാജിന്റെ ഉന്നത ബന്ധങ്ങൾ കേസിന് തടസ്സമായതായി സിബിഐ കോടതിയിൽ അറിയിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്യാൻ പോലും ആരും തയ്യാറായില്ലെന്നും സലിംരാജ് മുഖ്യമന്ത്രിയുടെ ഗൺമാനെന്ന പദവി ദുരുപയോഗം ചെയ്തുവെന്നുമായിരുന്നു സിബിഐ എഫ്‌ഐആർ. സിബിഐ തിരുവനന്തപുരത്തെ പ്രത്യേക കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിൽ നാല് വില്ലേജ് ഓഫീസർമാർ അടക്കം 27 പേരാണ് പ്രതികൾ.

സലിം രാജിനെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയും മറ്റുള്ളവരെ കൊച്ചിയിലെ ഓഫീസിലേക്ക് വളിച്ചുവരുത്തിയുമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് നുണപരിശോധനക്ക് തയ്യാറല്ലെന്ന് സലീംരാജ് കോടതിയെ ബോധിപ്പിച്ചിരുന്നു. ആദ്യം പരിശോധനക്ക് തയ്യാറാണെന്ന് സമ്മതിച്ചതിന് ശേഷമായിരുന്നു ഇത്. കേസുമായി ബന്ധപ്പെട്ട് രേഖാമൂലമുള്ള തെളിവുകൾ സിബിഐക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. പരാതിക്കാരുടെ വാദം ശരിയാണെന്ന നിഗമനത്തിലാണ് സിബിഐ എന്നും അറിയുന്നു. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥയായിരുന്ന തന്റെ ഭാര്യയുടെ സഹായത്തോടെയാണ് സലീം രാജ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് സിബിഐ കരുതുന്നത്. നേരത്തെ കടകംപള്ളി ഭൂമിതട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരുടെ കടുത്ത ആരോപണങ്ങൾ ഉയർന്നിരുന്നു.

കടകംപള്ളി വില്ലേജിലെ 44.5 ഏക്കർ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകളുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിച്ചതാണ് സലിംരാജിനെതിരായ കേസ്.വ്യാജരേഖയുണ്ടാക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരും അറസ്റ്റലായി. റിയൽ എസ്റ്റേറ്റ് ഉദ്യോഗസ്ഥ കൂട്ടുകെട്ടിലൂടെ വ്യാജ തണ്ടപ്പേര് തയാറാക്കിയും കോടതി വിധികൾ ദുർവ്യാഖ്യാനം ചെയ്തും 44.5 ഏക്കർ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. നൂറ്റിയമ്പതോളം പേരുടെ കൈവശമുള്ള ഭൂമിയാണ് വ്യാജ തണ്ടപ്പേരുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമമുണ്ടായത്. രാജഭരണകാലത്ത് കൂവക്കര മഠത്തിലെ ശംഭു പോറ്റിയുടേതായിരുന്നു ഈ വസ്തുക്കൾ. ശംഭു പോറ്റിയും പിന്തുടർച്ചക്കാരും എഴുതിക്കൊടുത്താണ് നൂറ്റിയമ്പതോളം അവകാശികൾക്ക് ഈ വസ്തു ലഭിച്ചത്. 2012-13 വരെ ഇവർ കരം ഒടുക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ ഭൂമി അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ മുൻഗാമിയായ മൂസാഹാജിയുടേതാണെന്നുകാട്ടി അബ്ദുൽ റഹ്മാന്റെ ബന്ധു എ.എം. അഷ്‌റഫ് രംഗത്തുവന്നതോടെയാണ് സംഭവം വിവാദമായത്. 3587 എന്ന തണ്ടപ്പേരിൽ നിന്നാണ് വസ്തുക്കൾ തങ്ങളുടെ പേരിലായിരിക്കുന്നതെന്നും ഇവർ വാദിച്ചു. ഇക്കാര്യം അന്വേഷിച്ച ഡെപ്യൂട്ടി കലക്ടർ ഈ തണ്ടപ്പേര് നമ്പർ തന്നെ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. മൂസാ ഹാജിക്ക് ഈ വസ്തുവിൽ ഒറ്റി അവകാശം മാത്രമാണുണ്ടായിരുന്നത്. ബേസിക് ടാക്‌സ് രജിസ്റ്റർ രേഖകൾ പ്രകാരവും ഇവർക്ക് ഉടമസ്ഥാവകാശം ഇല്ലെന്നും തെളിഞ്ഞു. കടകംപള്ളി വില്ലേജിൽ നടത്തിയ പരിശോധനയിൽ വസ്തുവിന്റെ ശരിയായ തണ്ടപ്പേര് കണ്ടത്തെി. പള്ളിമുറിയിൽ കൃഷ്ണപ്പണിക്കരുടേതാണ് ഈ തണ്ടപ്പേര്.

1984ൽ തന്നെ ഈ തണ്ടപ്പേരിലുണ്ടായിരുന്ന 25 സെന്റ് പുരയിടം കൃഷ്ണപ്പണിക്കർ വിറ്റിരുന്നു. തുടർന്ന് ശൂന്യമായിക്കിടന്ന തണ്ടപ്പേര് നമ്പറിലാണ് 2008ൽ അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ പേര് എഴുതിച്ചേർത്തത്. 3586, 3588 തണ്ടപ്പേരുകളിലെ കൈയക്ഷരങ്ങളിൽ നിന്ന് വ്യത്യസ്തവുമാണ് 3587ലെ കൈയക്ഷരം. വില്ലേജോഫിസിൽ വിവിധ കാലഘട്ടങ്ങളിൽ ജോലിചെയ്തിരുന്നവരും ഇക്കാര്യം സ്ഥിരീകരിച്ചു. ഈ കള്ളക്കളികൾക്കെല്ലാം കാരണം മുഖ്യമന്ത്രിയുടെ ഗൺമാൻ എന്ന നിലയിൽ സലിംരാജ് നടത്തിയ ഇടപെടൽ എന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. നേരത്തെ കേസിൽ സലിംരാജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ സിബിഐ ശ്രമിച്ചിരുന്നു. എന്നാൽ സലിംരാജ് വിസമ്മതം അറിയിക്കുകയാണ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP