Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

800 കോടി രൂപയുടെ കടബാധ്യത അടുത്ത സർക്കാരിന്റെ തലയിലേക്ക് ഇട്ടുകൊടുത്ത് പിണറായി വിജയൻ; സാലറി കട്ടും ലീവ് സറണ്ടറും ഇനി വരുന്ന ​ഗവൺമെന്റിന് ബാധ്യതയാകുന്നത് ഇങ്ങനെ

800 കോടി രൂപയുടെ കടബാധ്യത അടുത്ത സർക്കാരിന്റെ തലയിലേക്ക് ഇട്ടുകൊടുത്ത് പിണറായി വിജയൻ; സാലറി കട്ടും ലീവ് സറണ്ടറും ഇനി വരുന്ന ​ഗവൺമെന്റിന് ബാധ്യതയാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളുടെ നടുച്ചുഴിയിൽ നിൽക്കുമ്പോഴും ഇടത് സർക്കാർ ചെയ്യുന്നത് അടുത്ത തവണ അധികാരത്തിലെത്തുന്ന സർക്കാരിന്റെ തലയിലെ കടബാധ്യതയുടെ ഭാരം കൂട്ടാൻ. 800 കോടി രൂപയുടെ ബാധ്യത തീർക്കേണ്ട സംസ്ഥാന സർക്കാർ തന്ത്രപൂർവം അത് അടുത്ത സർക്കാരിന്റെ തലയിലേക്ക് ഇട്ടുകൊടുക്കുന്ന കാഴ്‌ച്ചയാണ് കേരളം കണ്ടത്. സാലറി കട്ട് തുകയും ലീവ് സറണ്ടർ തുകയും തിരിച്ചുനൽകുന്നതു നീട്ടിവയ്ക്കുന്നതു വഴിയാണ് 8000 കോടിയോളം രൂപയുടെ ബാധ്യത അടുത്ത തവണ ഭരണത്തിലെത്തുന്ന സർക്കാരിന്റെ തലയിലേക്ക് പിണറായി വിജയൻ നൈസായി വെച്ചുകൊടുത്തത്.

സാലറി കട്ട് വഴി 5000 കോടി രൂപയാണ് സർക്കാരിനു തൽക്കാലം മാറ്റിവയ്ക്കാനാകുന്നത്. ഏപ്രിലിൽ ഇതു പിഎഫിൽ ലയിപ്പിക്കും. അതിനു മുൻപു ലയിപ്പിച്ചാൽ സംസ്ഥാനത്തിന്റെ കടമെടുക്കാവുന്ന തുകയിൽനിന്ന് കേന്ദ്രം പിഎഫിൽ ലയിപ്പിച്ച തുക കുറവു ചെയ്യാനിടയുണ്ട്. ലയിപ്പിക്കുന്ന തുക അടുത്ത സർക്കാരിന്റെ കാലത്തു മാത്രമേ പിൻവലിക്കാൻ കഴിയൂ. അദ്ധ്യാപകർ ഒഴികെയുള്ള സർക്കാർ ജീവനക്കാർ വർഷം 1500 കോടിയോളം രൂപ അവധി സറണ്ടർ ചെയ്തു വാങ്ങാറുണ്ട്. അവധി സറണ്ടറിന്റെ വിലക്കു നീക്കിയെങ്കിലും ജൂണിലേ പിൻവലിക്കാൻ കഴിയൂ. അടുത്ത സാമ്പത്തിക വർഷം ഏപ്രിലിൽ പിൻവലിക്കാൻ കഴിയുന്ന അവധി സറണ്ടറും ജൂണിലേക്കു നീട്ടിയതോടെ അതും അടുത്ത സർക്കാർ തന്നെ കൊടുക്കേണ്ടി വരും. ഫലത്തിൽ 8000 കോടിയുടെ ബാധ്യതയിൽ നിന്നാണ് ഇൗ സർക്കാർ തന്ത്രപൂർവം രക്ഷപ്പെട്ടത്. 3 ഗഡു ക്ഷാമബത്ത കുടിശികയും അടുത്ത സർക്കാർ തന്നെയാകും മിക്കവാറും നൽകേണ്ടി വരുക. ഇത് 500 കോടിയോളം രൂപ വരും.

നേരത്തേയുള്ള അഞ്ചുമാസത്തെ ശമ്പളംപിടിത്തം അവസാനിച്ച സാഹചര്യത്തിലാണ് ആറുമാസം കൂടി സാലറി കട്ട് തുടരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണംചെയ്യുന്നതിന്റെ ഭാഗമായാണിത്. യോഗത്തിനുശേഷം ധനമന്ത്രി തോമസ് ഐസക് സംഘടനാ പ്രതിനിധികളുടെ യോഗം ഓൺലൈനിൽ വിളിച്ച് തീരുമാനം അറിയിക്കുകയായിരുന്നു.

ഏപ്രിൽ ഒന്നുമുതൽ ഓഗസ്റ്റ് 31 വരെ ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളം അടുത്ത ഏപ്രിൽ ഒന്നിന് പി.എഫിൽ ലയിപ്പിക്കും. ഉടൻ പണമായി തിരിച്ചുനൽകിയാൽ 2500 കോടി രൂപയുടെ അധികബാധ്യത വരുമെന്നതിനാലാണിത്. പി.എഫിൽ ലയിപ്പിക്കുന്ന തുക അടുത്ത ജൂൺ ഒന്നിനുശേഷം പിൻവലിക്കാം. 2021 ഏപ്രിൽ ഒന്നിന് പി.എഫിൽ ലയിപ്പിക്കുന്നതുവരെ ഒമ്പത് ശതമാനം പലിശ നൽകും. സെപ്റ്റംബർ മുതൽ പിടിക്കുന്ന ശമ്പളത്തിനും 2021 ഏപ്രിൽ ഒന്നിന് പി.എഫിൽ ലയിപ്പിക്കുന്നതുവരെ ഒമ്പത് ശതമാനം പലിശ നൽകും. പി.എഫിൽ ലയിപ്പിച്ചശേഷം പി.എഫ്. നിരക്കിൽ പലിശ നൽകും. മാറ്റിവെയ്ക്കുന്ന ശമ്പളത്തിന് ‘കോവിഡ്-19 ഇൻകം സപ്പോർട്ട് സ്‌കീം’ എന്നായിരിക്കും പേര്. പി.എഫ്. ഇല്ലാത്ത പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്ക് 2021 ജൂൺ ഒന്നിനു ശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി പണമായി തിരിച്ചുനൽകും.

ഇപ്പോൾ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടർ ആനുകൂല്യം പി.എഫിൽ ലയിപ്പിക്കും എന്ന വ്യവസ്ഥയിൽ സെപ്റ്റംബർ മുതൽ അനുവദിക്കും. ഇത് 2021 ജൂൺ ഒന്നുമുതൽ മാത്രമേ പി.എഫിൽനിന്ന് പിൻവലിക്കാൻ അനുവദിക്കൂ. അടുത്ത സാമ്പത്തികവർഷത്തെ എല്ലാവിഭാഗം ജീവനക്കാരുടെയും ലീവ് സറണ്ടർ 2021 ജൂൺ ഒന്നുമുതൽ മാത്രമേ അനുവദിക്കൂ.

20 വർഷം ശൂന്യവേതന അവധി എന്നുള്ളത് അഞ്ചുവർഷമായി ചുരുക്കും. അഞ്ചു വർഷത്തിനുശേഷം ജോലിക്കു ഹാജരാകാതിരുന്നാൽ കല്പിത രാജിയായി പരിഗണിക്കും. നിലവിൽ അവധി ദീർഘിപ്പിച്ച് ഉത്തരവ് ലഭിച്ചവരുടെ കാര്യത്തിൽ ഇത് ബാധകമല്ല. ഇപ്പോൾ പരിഗണനയിലിരിക്കുന്ന അഞ്ചുവർഷത്തിന് ശേഷമുള്ള അവധിയപേക്ഷകൾ ദീർഘിപ്പിച്ച് നൽകുന്ന കാര്യം പരിഗണിക്കുമ്പോൾ കരാർ വ്യവസ്ഥ നിലനിൽക്കുന്ന കേസുകളിൽ അക്കാര്യവും കണക്കിലെടുക്കും. ഒരു ഉദ്യോഗസ്ഥൻ 90 ദിവസം അവധിയെടുത്താൽ പ്രൊമോഷൻ നൽകി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും. അധികചുമതല നൽകി കൃത്യനിർവഹണം നടത്താൻ ക്രമീകരണമുണ്ടാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP