Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആറന്മുള വിമാനത്താവളത്തിന് എതിരായ സമരങ്ങൾ അനാവശ്യം; പ്രതിഷേധം ഉയർത്തുന്നത് വർഗീയ അജണ്ട വച്ച്; ദൈവത്തിന്റെ പേര് പറഞ്ഞ് വികസനത്തെ എതിർക്കുന്നത് വിരോധാഭാസം: വിമാനത്താവളത്തിന് അനുകൂല നിലപാടുമായി സക്കറിയ

ആറന്മുള വിമാനത്താവളത്തിന് എതിരായ സമരങ്ങൾ അനാവശ്യം; പ്രതിഷേധം ഉയർത്തുന്നത് വർഗീയ അജണ്ട വച്ച്; ദൈവത്തിന്റെ പേര് പറഞ്ഞ് വികസനത്തെ എതിർക്കുന്നത് വിരോധാഭാസം: വിമാനത്താവളത്തിന് അനുകൂല നിലപാടുമായി സക്കറിയ

തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ ആറന്മുള പൈതൃക സമിതിയും പരിസ്ഥിതി പ്രവർത്തകരും എതിർപ്പുമായി രംഗത്തെത്തിയതിനെ വിമർശിച്ച് എഴുത്തുകാരൻ സക്കറിയ രംഗത്തെത്തി. വിമാനത്താവളത്തിന് എതിരായ സമരം വികസനത്തിന് തടസം നിൽക്കുന്ന നിലപാടാണെന്നും പ്രതിഷേധം ഉയർത്തുന്നവർക്ക് വർഗീയ അജണ്ടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആറന്മുള വിമാനത്താവളത്തിനെതിരായി, സുഗതകുമാരിയുടെയും ചില സാംസ്‌കാരിക നായകന്മാരുടെയും നേതൃത്വത്തിൽ നടക്കുന്ന സമരം അനാവശ്യമാണ്. സങ്കുചിതമായ പ്രാദേശിക താത്പര്യങ്ങൾക്കുവേണ്ടിയും ഇടുങ്ങിയതും ജീർണിച്ചതുമായ വർഗ്ഗീയ അജൻഡകൾ ലക്ഷ്യമിട്ടുമാണ് ഇത്തരം പ്രതിഷേധങ്ങൾ ഉയരുന്നത്. കൊച്ചി വിമാനത്താവളത്തിനെതിരെ ആദ്യമുയർന്ന പ്രതിഷേധങ്ങൾ പിന്നീട് കെട്ടടങ്ങിയെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

നെടുമ്പാശ്ശേരിയിൽ വിമാനത്താവളം വരുന്നതിനെതിരെ ആദ്യം പ്രതിഷേധിക്കാൻ രംഗത്തുണ്ടായിരുന്ന വി എസ്.അച്യുതാനന്ദൻ അടക്കമുള്ളവർ പിന്നീട് ഈ വിമാനത്താവളത്തിൽ യാത്രക്കാരായി എത്തി. തങ്ങളുടെ ശവശരീരങ്ങൾക്കുമീതെ മാത്രമേ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങൂ എന്ന് പ്രഖ്യാപിച്ച വി എസ്. അടക്കമുള്ളവർ ഇതിനകം ആയിരം തവണയെങ്കിലും നെടുമ്പാശ്ശേരിയിൽ വിമാനം കയറുകയും ഇറങ്ങുകയും ചെയ്തതായി സക്കറിയ പറഞ്ഞു.

ഇത്തരം മനുഷ്യരാണ് ആറന്മുളയിലും നിറഞ്ഞുനില്ക്കുന്നത്. 2013 ഏപ്രിൽ മുതൽ ഡിസംബർ വരെ നെടുമ്പാശ്ശേരി വിമാനത്താവളം ഉപയോഗിച്ചത് 40 ലക്ഷത്തിലേറെ യാത്രികരായിരുന്നെങ്കിൽ 2014ൽ ഇതേ കാലഘട്ടത്തിലത് 48 ലക്ഷത്തോളമായി ഉയർന്നത് വിമാനത്താവളത്തിനുള്ള ജനപിന്തുണയാണ് വെളിപ്പെടുത്തുന്നത്. ഇതേ മാതൃകയിൽ ആറന്മുള വിമാനത്താവളവും പൊതു സ്വീകാര്യത കൈവരിക്കും.

ദൈവത്തിന്റെ പേര് പറഞ്ഞ് ആറന്മുള വിമാനത്താവളത്തെ എതിർക്കുന്നതിൽ വിരോധാഭാസവുമുണ്ട്. ആറന്മുള വിമാനത്താവളത്തിന്റെ ഏറ്റവും വലിയ ഗുണഭോക്തളായി മാറുക ശബരിമലഭക്തരാണ്. ശബരിമല സീസണിൽ ഒരുപക്ഷേ, അവർക്കായി മാത്രം വിമാനത്താവളം ഉഴിഞ്ഞുവെക്കേണ്ടി വന്നേക്കാം. ആറന്മുള ക്ഷേത്രത്തെ കേന്ദ്രീകരിച്ച് ഉയരുന്ന ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് സക്കറിയ ആരോപിച്ചു. വിമാനത്താവളം ക്ഷേത്രത്തെ ഒരുവിധത്തിലും ബാധിക്കില്ല.

മധ്യകേരളത്തിന്റെ സാമ്പത്തികഭദ്രതയ്ക്ക് ആറന്മുള വിമാനത്താവളം അടിത്തറപാകും. വിമാനത്താവളത്തിനുവേണ്ടി കുടിയൊഴിപ്പിക്കൽ വേണ്ടിവരില്ല. വനഭൂമിയോ പാരിസ്ഥികപ്രാധാന്യമുള്ള ഭൂമിയോ പരിസരപ്രദേശത്തില്ല. ആറന്മുള ക്ഷേത്രം പദ്ധതിപ്രദേശത്തുനിന്ന് ഒരു കിലോമീറ്റർ അകലെയാണ്. വിമാനങ്ങൾ ആരാധനാലയങ്ങൾക്ക് മുകളിലൂടെ പറന്നുകൂടായെന്ന നിയമം ലോകത്തൊരിടത്തുമില്ല സക്കറിയ പറഞ്ഞു.

കെജിഎസ് ഗ്രൂപ്പിന്റെ പാരിസ്ഥിതി അനുമതി പരിഗണിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇനി പരസ്യമായി പ്രതിഷേധിക്കാനുള്ള നീക്കത്തിലേക്കാണ് ഇവർ കടക്കുന്നതും ഇതിനിടെയാണ് വിമർശനവുമായി സക്കറിയ രംഗത്തെത്തിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP