Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷുഹൈബ് വധം കേരളത്തിനു അപമാനകരം; നേതാക്കൾ സുരക്ഷിതരായിരുന്നു സാധാരണ അണികളെ കൊലയ്ക്കു കൊടുത്തു രക്തസാക്ഷികളുടെ എണ്ണം കൂട്ടുവാൻ മത്സരിക്കുന്ന കാഴ്ചയാണ് കണ്ണൂരിൽ കാണുന്നത്; അപലപിച്ച് കവി സച്ചിദാനന്ദൻ

ഷുഹൈബ് വധം കേരളത്തിനു അപമാനകരം; നേതാക്കൾ സുരക്ഷിതരായിരുന്നു സാധാരണ അണികളെ കൊലയ്ക്കു കൊടുത്തു രക്തസാക്ഷികളുടെ എണ്ണം കൂട്ടുവാൻ മത്സരിക്കുന്ന കാഴ്ചയാണ് കണ്ണൂരിൽ കാണുന്നത്; അപലപിച്ച് കവി സച്ചിദാനന്ദൻ

ന്യൂഡൽഹി: ഷുഹൈബ് വധത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി സാംസ്കാരിക നായകരും. കവി സച്ചിതാനന്ദനാണ് ഷുഹൈബ് വധത്തെ അപലപിച്ച് രംഗത്തെത്തിയത്. എടയന്നൂരിലെ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എസ്‌പി. ശുഹൈബിന്റെ വധത്തിൽ കവി സച്ചിദാനന്ദൻ അപലപിച്ചു. സംഭവം കേരളജനതയ്ക്കു അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

വർഷങ്ങളായി തുടരുന്ന കൊലപാതകപരമ്പര പൊതുജനങ്ങളുടെ കണ്ണിൽ കണ്ണൂരിനെ കൊലനിലമാക്കിയിരിക്കുന്നു. ഇവയിൽ ഇരകളാകുന്നവർ സാധാരണ കുടുംബങ്ങളിലെ യുവാക്കളാണ്. നേതാക്കൾ സുരക്ഷിതരായിരുന്നു സാധാരണ അണികളെ കൊലയ്ക്കു കൊടുത്തു രക്തസാക്ഷികളുടെ എണ്ണം കൂട്ടുവാൻ മത്സരിക്കുന്ന കാഴ്ചയാണ് കണ്ണൂരിൽ കാണുന്നത്. കേരളത്തിനു മുഴുവൻ അപമാനകരമായ ഈ കൊലപാതകപ്രവണതകൾക്ക് നിത്യവിരാമം കുറിക്കണമെന്ന് രാഷ്ട്രീയ കക്ഷികളോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

എടയന്നൂരിലെ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്റെ കൊലപാതകം കണ്ണൂരിൽ വർഷങ്ങളായി തുടർന്നു പോരുന്ന കൊലപാതകപരമ്പരയിൽ ഒരു പുതിയ വഴിത്തിരിവാണ്. തുടർ യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന പാർട്ടികൾക്ക് പുറത്തുള്ള ഒരാൾ കൂടി വധിക്കപ്പെട്ടതോടെ അത് ഒരു ഭീകരമായ സാംക്രമികരോഗത്തിന്റെ സ്വഭാവം കൈവരിക്കുന്നു. കേരളത്തിലെയും ഇന്ത്യയിലെ തന്നെയും പൊതുജനങ്ങളുടെ കണ്ണിൽ കണ്ണൂരിനെത്തന്നെ ഒരു കൊലനിലമാക്കിയിരിക്കുന്നു വർഷങ്ങളായി തുടരുന്ന ഈ കൊലപാതകപരമ്പര. ഇവയിൽ ഇരകളാകുന്നവർ സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന യുവാക്കളാണ്, പ്രതികാരക്കൊലകളിൽ ഉൾപ്പെട്ട കക്ഷികളുടെ വൻനേതാക്കൾ അല്ല. വേറൊരു തരത്തിൽ പറഞ്ഞാൽ നേതാക്കൾ സുരക്ഷിതരായിരുന്നു സാധാരണ അണികളെ കൊലയ്ക്കു കൊടുത്തു രക്തസാക്ഷികളുടെ എണ്ണം കൂട്ടുവാൻ മത്സരിക്കുന്ന കാഴ്ചയാണ് നാം കണ്ണൂരിൽ കാണുന്നത്. കണ്ണൂരിലെയും പരിസരങ്ങളിലെയും ജനങ്ങൾ സമാധാനം കാംക്ഷിക്കുന്നവർ തന്നെയാണ്, എന്നാൽ ഈ പ്രതികാരത്തിന്റെ യുക്തിയും അത് ജനിപ്പിക്കുന്ന ഭയവും അവരെ അമ്പരപ്പിക്കുകയും നിശ്ശബ്ദരാക്കുകയും ചെയ്യുന്നതായി കാണുന്നു.

നമ്മുടെ ജനാധിപത്യ സമ്പ്രദായത്തെയും സംവാദത്തിന്റെ സംസ്‌കാരത്തെയും സാമൂഹ്യനീതിയെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങളെയും മുഴുവൻ ചോദ്യം ചെയ്യുന്നതാണ് ഈ കൊലപാതകങ്ങൾ. അവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന കയ്യുകൾ ശുദ്ധമാണെന്ന് വിശ്വസിക്കാൻ ഒരാൾക്കും കഴിയുകയില്ല. രാഷ്ട്രീയം മാത്രമല്ല സാമ്പത്തികവുമായ കാരണങ്ങൾ അവയ്ക്കുണ്ടാകാം എന്നാണു സാമാന്യ ബുദ്ധിയുള്ളവർക്ക് തോന്നുക. ആ കാരണങ്ങൾ കണ്ടു പിടിക്കാതെ, അവയ്ക്ക് പരിഹാരം തേടാതെ, ഈ അരുംകൊലകൾ നിർത്താനാവില്ല. ഇതിനകം പല സംഘടനകളും, ചിലപ്പോൾ ഉൾപ്പെട്ട പാർട്ടികൾ തന്നെയും സമാധാന യോഗങ്ങളും ശ്രമങ്ങളും നടത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഫലം കണ്ടിട്ടില്ലെന്നതിൽ നിന്ന് ഊഹിക്കേണ്ടത് ഏതൊക്കെയോ സ്ഥാപിതരാഷ്ട്രീയ-സാമ്പത്തിക താത്പര്യങ്ങൾ ഈ നീചമായ ഹിംസയ്ക്ക് പിറകിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ്. കണ്ണൂരിൽ നിന്ന് പുറത്തേയ്ക്കും ഈ പ്രതികാരസംസ്‌കാരം പടർന്നുപിടിക്കുന്നുണ്ടെന്നു അടുത്ത കാലത്ത് മറ്റു ചില സ്ഥലങ്ങളിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ കാണിക്കുന്നു.

കണ്ണൂരിനും കേരളത്തിനു മുഴുവനും അപമാനകരവും ജനാധിപത്യത്തിന്റെ സംവാദാത്മകതയ്ക്ക് കടകവിരുദ്ധവുമായ ഈ കൊലപാതകപ്രവണതകൾക്ക് നിത്യവിരാമം കുറിക്കണം എന്ന് ഞാൻ ഇതിൽ ഉൾപ്പെട്ട രാഷ്ട്രീയ കക്ഷികളോടും വ്യക്തികളോടും കണ്ണൂരിലെയും കേരളത്തിലെയും ജനങ്ങളോടും അഭ്യർത്ഥിക്കുന്നു. ഇത് , ചില മാറ്റങ്ങളോടെ , കൂടുതൽ പേർ ഒപ്പിട്ട ഒരു പ്രസ്താവനയായി പുറത്തു വരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP