Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭക്തരുടെ വിഷമവും കണ്ണീരും കണ്ടില്ലെന്ന് നടിച്ച് ഇനി മുന്നോട്ട് ഒരിഞ്ചുനീങ്ങാനാവില്ല; രാത്രി മല ചവിട്ടുന്നവർക്ക് നെയ്യഭിഷേകം നടത്താതെ മടങ്ങേണ്ടി വരില്ല; നെയ്യഭിഷേകം നടത്തേണ്ടവർക്ക് സന്നിധാനത്ത് തങ്ങാം; കടകളും മുറികളും അടയ്ക്കാനും അനുവദിക്കില്ല; ആചാരങ്ങളിൽ ഒരുവീട്ടുവീഴ്ചയുമില്ല; പൊലീസിന്റെ നിയന്ത്രണങ്ങൾ തള്ളി ദേവസ്വം ബോർഡ്; ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കാൻ സുപ്രീംകോടതിയിൽ സാവകാശ ഹർജി നൽകുമെന്ന് എ.പത്മകുമാർ; മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു

ഭക്തരുടെ വിഷമവും കണ്ണീരും കണ്ടില്ലെന്ന് നടിച്ച് ഇനി മുന്നോട്ട് ഒരിഞ്ചുനീങ്ങാനാവില്ല; രാത്രി മല ചവിട്ടുന്നവർക്ക് നെയ്യഭിഷേകം നടത്താതെ മടങ്ങേണ്ടി വരില്ല; നെയ്യഭിഷേകം നടത്തേണ്ടവർക്ക് സന്നിധാനത്ത് തങ്ങാം; കടകളും മുറികളും അടയ്ക്കാനും അനുവദിക്കില്ല; ആചാരങ്ങളിൽ ഒരുവീട്ടുവീഴ്ചയുമില്ല; പൊലീസിന്റെ നിയന്ത്രണങ്ങൾ തള്ളി ദേവസ്വം ബോർഡ്; ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കാൻ സുപ്രീംകോടതിയിൽ സാവകാശ ഹർജി നൽകുമെന്ന് എ.പത്മകുമാർ; മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: ശബരിമലയിലെ യുവതീപ്രവേശന വിധി നടപ്പാക്കാൻ സാവകാശം തേടി ഹർജി നൽകുമെന്ന് ദേവസ്വം ബോർഡ്. ശബരിമലയിലെ അസൗകര്യങ്ങളും ക്രമസമാധാനപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകുക. കഴിയുമെങ്കിൽ നാളെ തന്നെ ഹർജി നൽകും. തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യും. ഇക്കാര്യത്തിൽ നിയമോപദേശം അനുകൂലമാണ്. മുതിർന്ന അഭിഭാഷകനായ ചന്ദ്രോദയ സിങ് ദേവസ്വം ബോർഡിനായി സുപ്രീംകോടതിയിൽ ഹാജരാകുമെന്് ദേവസ്വം ബോർഡ് പ്രസിഡന്റ എ.പത്മകുമാർ പറഞ്ഞു. എത്ര സമയം സാവകാശം നൽകണമെന്നു തീരുമാനിക്കുന്നത് സുപ്രീംകോടതിയാണ്. എന്തായാലും നാളെയോ അല്ലെങ്കിൽ തിങ്കളാഴ്ചയോ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആചാരങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. പൊലീസിന്റെ നിയന്ത്രണങ്ങൾ അദ്ദേഹം തള്ളി. സന്നിധാനത്തെ കടകൾ രാത്രി അടപ്പിക്കാനുള്ള നീക്കം അനുവദിക്കില്ല. മുറികൾ അടയ്ക്കാനും അനുവദിക്കില്ല. രാത്രി മല ചവിട്ടുന്നവർക്ക് നെയ്യഭിഷേകം നടത്താതെ മടങ്ങേണ്ടി വരില്ല. നെയ്യഭിഷേകം നടത്തേണ്ടവർക്ക് സന്നിധാനത്ത് തങ്ങാം. രാത്രി കടകളൊന്നും അടയ്ക്കാൻ സാധിക്കില്ല. ഇക്കാര്യങ്ങൾ ദേവസ്വം മന്ത്രി ഡിജിപിയുമായി സംസാരിച്ചു. തീർത്ഥാടകർക്കു നെയ്യഭിഷേകം, അപ്പം, അരവണ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാക്കും. അപ്പം, അരവണ കൗണ്ടറുകൾ രാത്രി പത്തിനുശേഷം അടയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും റിട്ട്, റിവ്യു ഹർജികളിൽ എടുത്ത നിലപാടും യോഗം ചർച്ച ചെയ്തതായി പത്മകുമാർ പറഞ്ഞു. വിധി നടപ്പിലാക്കാൻ സാവകാശം വേണമെന്ന് സുപ്രീംകോടതിയോട് അപേക്ഷിക്കും. ഇതിന് ഹർജി നൽകാൻ തീരുമാനിച്ചു. പമ്പയിൽ പ്രളയത്തെ തുടർന്ന് ഉണ്ടായിട്ടുള്ള സാഹചര്യം, വനഭൂമി കൂടുതൽ ആവശ്യമാണ് എന്നതുൾപ്പെടെ സുപ്രീം കോടതിയെ അറിയിക്കും

ചിത്തിര ആട്ടത്തിരുനാളിൽ അടക്കം ഉണ്ടായിട്ടുള്ള സംഭവങ്ങൾ സുപ്രീംകോടതിയിൽ അറിയിക്കും. തീരുമാനത്തോട് എല്ലാവരും സഹകരിക്കണം. സമാധാനപരമായി ദർശനം നടത്താൻ എല്ലാവരും തയാറാകണമെന്ന് അഭ്യർത്ഥിക്കുന്നതായി പത്മകുമാർ പറഞ്ഞു. ശബരിമല സന്നിധാനത്തു ഹോട്ടലുകളും പ്രസാദം വിതരണം ചെയ്യുന്ന കൗണ്ടറുകളും രാത്രി അടയ്ക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കി. ഇവ രാത്രി 11ന് അടയ്ക്കണമെന്ന തരത്തിലുള്ള നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ബെഹ്‌റ വാർത്താക്കുറിപ്പിൽ അറിയിച്ചു. നേരത്തേ ഇതു സംബന്ധിച്ച നിർദ്ദേശം പൊലീസ് ശബരിമലയിലെ എക്‌സിക്യൂട്ടീവ് ഓഫിസർക്കു നൽകിയിരുന്നു.

പ്രളയം മൂലമുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്തും വനംഭൂമി വിട്ടുകിട്ടാത്തതിനാൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കാനാവാത്തതും ചൂണ്ടിക്കാട്ടിയാവും ഹർജി നൽകുക. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ട വിശേഷത്തിനും നടതുറന്നപ്പോൾ അരങ്ങേറിയ അനിഷ്ടസംഭവങ്ങളും കോടതിയെ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാവകാശ ഹർജി നൽകാൻ വ്യാഴാഴ്ച രാത്രി ചേർന്ന ദേവസ്വം ബോർഡ് യോഗം തത്വത്തിൽ തീരുമാനിച്ചിരുന്നു.

ഭക്തരെ വലച്ച നിയന്ത്രണങ്ങൾ

യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒഴിവാക്കാനെന്ന പേരിൽ ശബരിമലയിലും പരിസരത്തും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങൾക്കെതിരെ അതൃപ്തിയുമായി ദേവസ്വം ബോർഡ് രംഗത്തെത്തി. ഹരിവരാസനം പാടി ശബരിമല നട അടച്ചാൽ സന്നിധാനത്തു പിന്നെയൊന്നും പാടില്ലെന്ന തരത്തിലാണു പൊലീസ് നിയന്ത്രണം. നട അടയ്ക്കുന്നതിനോടൊപ്പം സന്നിധാനത്തെ വഴിപാട് കൗണ്ടറുകൾ പൂട്ടണം. ഹോട്ടലുകളും കടകളും രാത്രി 11നു ശേഷം പ്രവർത്തിക്കരുത്. ഈ സമയത്തിനു ശേഷം കടകളിൽനിന്നു ഭക്ഷണം നൽകരുത്. നിലയ്ക്കലിൽ മാത്രമേ വിരി വയ്ക്കാവൂ. അപ്പം അരവണ കൗണ്ടറുകൾ രാത്രി 10നും അന്നദാന കൗണ്ടർ രാത്രി 11നും അടയ്ക്കണം. മുറികൾ രാത്രി വാടകയ്ക്കു നൽകരുത്. നടയടച്ചാൽ തീർത്ഥാടകരെ സന്നിധാനത്തു നിൽക്കാൻ സമ്മതിക്കില്ല. ദേവസ്വം ബോർഡിന്റെ പിൽഗ്രിം സെന്റർ, ഡോണർ ഹൗസ് എന്നിവിടങ്ങളിൽ തീർത്ഥാടകരെ താമസിപ്പിക്കരുത്. നടയടച്ച ശേഷം എല്ലാ കെട്ടിടങ്ങളുടെയും മുറികൾ പൂട്ടി താക്കോൽ എൽപ്പിക്കണമെന്നും പൊലീസ് നിർദ്ദേശിക്കുന്നു.

പൊലീസ് ഏകപക്ഷീയമായാണ് സന്നിധാനത്തു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നു ദേവസ്വം ബോർഡ് പറഞ്ഞു. വഴിപാട്, പ്രസാദ കൗണ്ടറുകൾ അടക്കം രാത്രിയിൽ അടപ്പിക്കുന്നതു വരുമാനം ഇല്ലാതാകുമെന്നു ബോർഡ് വിലയിരുത്തി.

സീസണിൽ പുലർച്ചെ മൂന്നിനാണു നട തുറക്കാറുള്ളത്. ഭക്തർക്ക് ഇത്ര നിയന്ത്രണമാണെങ്കിൽ നാലിനു തുറന്നാൽ പോരെയെന്നു ബോർഡിലെ ചില ഉദ്യോഗസ്ഥർ ചോദിക്കുന്നു. രാവിലെ എത്ര മണി മുതൽ തീർത്ഥാടകരെ കയറ്റിവിടുമെന്നു പൊലീസ് പറയാത്തതിനാൽ, വളരെ നേരത്തേ നട തുറക്കേണ്ടതുണ്ടോയെന്നാണ് ഇവരുടെ സംശയം. പൊലീസിന് എല്ലായിടത്തും യൂണിഫോം നിർബന്ധമാക്കി. പരസ്പരം സ്വാമിയെന്ന് അഭിസംബോധന ചെയ്യരുതെന്നും പൊലീസിനു നിർദ്ദേശമുണ്ട്. രാവിലെ പമ്പയിലും സന്നിധാനത്തും മാധ്യമങ്ങളെ അനുവദിച്ച പൊലീസ്, നിലയ്ക്കലിൽ മാധ്യമ പ്രവർത്തകരെ തടഞ്ഞു. മാധ്യമങ്ങൾക്കു വിലക്കില്ലെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിലയ്ക്കലിൽ പറഞ്ഞതിനു തൊട്ടു പിന്നാലെയാണു മാധ്യമങ്ങളെ തടഞ്ഞത്.

മണ്ഡലകാലത്തിന് തുടക്കം: ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തിൽ മേൽശാന്തിയാണു നട തുറന്നത്.സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ് ഇത്തവണ മണ്ഡലകാലത്തിന് ആരംഭമായത്. സന്നിധാനത്തെത്തിയ നിയുക്ത മേൽശാന്തിമാർക്ക് ആചാരപരമായ സ്വീകരണം നൽകി.

സന്നിധാനത്തും പരിസരത്തും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നെയ്‌വിളക്ക് തെളിയിച്ച് ഭക്തജനസാന്നിധ്യമറിയിച്ച ശേഷം പതിനെട്ടാം പടിക്ക് കീഴെയുള്ള ആഴിയിലേക്ക് അഗ്‌നി പകരും. അതിന് ശേഷം ഇന്നത്തെ പ്രധാനചടങ്ങുകൾ അവസാനിക്കും.

തുടർന്ന് രാത്രി പത്ത് മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും. നാളെ പുലർച്ചെ നാല് മണിക്കാണ് നട തുറക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP