Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെയ്യഭിഷേകവും വഴിപാടുകളും നടത്താൻ അവസരം നിഷേധിക്കുന്നത് ഭക്തരോടു കാണിക്കുന്ന വിവേചനം; കൊറോണ രോഗികളല്ല എന്ന് ബോധ്യപ്പെട്ട ശേഷം പ്രവേശിപ്പിക്കുന്ന തീർത്ഥാടകരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാകരുത് തീർത്ഥാടനം; ശബരിമലയിലെ നിയന്ത്രണങ്ങൾക്കെതിരെ ജി സുകുമാരൻ നായർ

നെയ്യഭിഷേകവും വഴിപാടുകളും നടത്താൻ അവസരം നിഷേധിക്കുന്നത് ഭക്തരോടു കാണിക്കുന്ന വിവേചനം; കൊറോണ രോഗികളല്ല എന്ന് ബോധ്യപ്പെട്ട ശേഷം പ്രവേശിപ്പിക്കുന്ന തീർത്ഥാടകരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാകരുത് തീർത്ഥാടനം; ശബരിമലയിലെ നിയന്ത്രണങ്ങൾക്കെതിരെ ജി സുകുമാരൻ നായർ

സ്വന്തം ലേഖകൻ

പെരുന്ന: ശബരിമല ക്ഷേത്രത്തിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ വിമർശനവുമായി എൻഎസ്എസ്. ഒരു ദിവസം ആയിരം ഭക്തർക്ക് മാത്രം ശബരിമല ദർശനം എന്ന് നിജപ്പെടുത്തിയ സർക്കാർ നടപടിയെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ചോദ്യം ചെയ്തു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഈ മഹാക്ഷേത്രത്തിലെ വരുമാനമാണ് ബോർഡിന്റെ കീഴിലുള്ള ആയിരത്തിൽപരം ക്ഷേത്രങ്ങളെയും ആറായിരത്തിൽപരം വരുന്ന ജീവനക്കാരെയും നിലനിർത്തുന്നത്. കോവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ പേരിൽ വളരെയധികം നിയന്ത്രണങ്ങളാണ് തീർത്ഥാടനത്തിന്റെ കാര്യത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. യുവതീപ്രവേശനത്തിന്റെ പേരിൽ അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് മുൻവർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം താറുമാറാക്കിയ കാര്യം ഏവർക്കും അറിയാം. അതുമൂലം കോടിക്കണക്കിനുരൂപയുടെ നഷ്ടമാണ് ദേവസ്വം ബോർഡിനുണ്ടായത്.

അതിൽനിന്നു കരകയറുവാൻ ബോർഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനു പുറമേയാണ് കോവിഡിന്റെ പേരിലുള്ള ഇപ്പോഴത്തെ നിയന്ത്രണം. 2018 വരെ ഓരോ തീർത്ഥാടനകാലത്തും പ്രതിദിനം കുറഞ്ഞത് അമ്പതിനായിരം തീർത്ഥാടകർ എത്തിയിരുന്നശബരിമലയിൽ ഈ വർഷം പ്രതിദിനം ആയിരംപേരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. മുമ്പ് മണ്ഡലപൂജയ്ക്കും മകരവിളക്കിനും ദിവസേന ഒരു ലക്ഷത്തോളം പേർ എത്തിച്ചേർന്നിരുന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.

ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ദിവസേന ആയിരംപേരെമാത്രം പ്രവേശിപ്പിച്ചാൽ മതിയെന്നാണ് സർക്കാർതീരുമാനം. അതും വെർച്വൽക്യൂ വഴി ബുക്കുചെയ്യുന്നവർക്ക് മാത്രം. നെയ്യഭിഷേകത്തിനും ആചാരപരമായ മറ്റുവഴിപാടുകൾക്കും അനുമതി നിഷേധിച്ചിരിക്കുകയാണ്. പമ്പയിൽ കുളിച്ച് ശുദ്ധിയോടെ മലകയറി അയ്യപ്പദർശനത്തിനുശേഷം നെയ്യഭിഷേകം നടത്തുക എന്നുള്ളതാണ് ആചാരപരമായും വിശ്വാസപരമായും ഏതു ഭക്തനും ആഗ്രഹിക്കുന്നത്‌നെയ്യഭിഷേകം ചെയ്തില്ലെങ്കിൽ തീർത്ഥാടനം പൂർത്തിയായതായി ഒരു അയ്യപ്പഭക്തനും കരുതാനാവില്ല. നെയ്യഭിഷേകവും മറ്റു വഴിപാടുകളും നടത്താൻ അവസരം നിഷേധിക്കുന്നത് ഭക്തരോടു കാണിക്കുന്ന വിവേചനമാണെന്ന് സുകുമാരൻ നായർ പറഞ്ഞു.

കൊറോണ രോഗമില്ലാത്തവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു എന്ന നിബന്ധനയുള്ളപ്പോൾതീർത്ഥാടകരുടെ എണ്ണത്തിലും മറ്റു കാര്യങ്ങളിലുമുള്ള ഇത്തരം നിയന്ത്രണം എന്തിനാണെന്ന് അദേഹം ചോദിച്ചു. കൊറോണ കാലമായതിനാൽ ചില നിയന്ത്രണങ്ങൾ വേണമെന്നതിൽ തർക്കമില്ല. എന്നാൽ, അതുകൊറോണ രോഗികളല്ല എന്ന് പരിശോധനയിൽ ബോധ്യപ്പെട്ട ശേഷം പ്രവേശിപ്പിക്കുന്ന തീർത്ഥാടകരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാകരുത്. വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന രീതിയിൽ ആവണമെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP