Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ കയ്യാങ്കളി; മേയറെ കാലിൽവലിച്ചു താഴെയിട്ടു; നഗരപിതാവ് വീണത് ബിജെപി -സി.പി.എം അംഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ; ഉന്തിലും തള്ളിലും പെട്ട അഡ്വ.വി.കെ.പ്രശാന്ത് സാരമായി പരുക്കേറ്റ് ആശുപത്രിയിൽ; നഗരസഭയിൽ ഇന്ന് അരങ്ങേറിയത് നാടകീയ സംഭവങ്ങൾ; പ്രശ്‌നം ബിജെപി-സി.പി.എം ജില്ലാ നേതൃത്വങ്ങൾ ഏറ്റെടുത്തതോടെ നഗരത്തിൽ പ്രകടനങ്ങൾ

ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ കയ്യാങ്കളി; മേയറെ കാലിൽവലിച്ചു താഴെയിട്ടു; നഗരപിതാവ് വീണത് ബിജെപി -സി.പി.എം അംഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ; ഉന്തിലും തള്ളിലും പെട്ട അഡ്വ.വി.കെ.പ്രശാന്ത് സാരമായി പരുക്കേറ്റ് ആശുപത്രിയിൽ; നഗരസഭയിൽ ഇന്ന് അരങ്ങേറിയത് നാടകീയ സംഭവങ്ങൾ; പ്രശ്‌നം ബിജെപി-സി.പി.എം ജില്ലാ നേതൃത്വങ്ങൾ ഏറ്റെടുത്തതോടെ നഗരത്തിൽ പ്രകടനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിനിടെ അംഗങ്ങൾ തമ്മിൽ ഉന്തും തള്ളും. ബിജെപി കൗൺസിലർമാരുടെ പ്രതിഷേധത്തിനിടെ മേയർ അഡ്വ.വി.കെ പ്രശാന്തിന് പരുക്കേറ്റു. ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നഗരസഭാ യോഗത്തില് തർക്കം. മേയറെ ബിജെപി പ്രവർത്തകർ തടഞ്ഞുവെക്കുകയായിരുന്നു. പ്രശാന്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു.

നഗരസഭയിൽ ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കൗൺസിലർ പ്രമേയം അവതരിപ്പിച്ചു. സി.പി.എം അംഗങ്ങൾ ഇതിനെ എതിർത്തു. തുടർന്ന് യോഗത്തിൽ ഇരു വിഭാഗം അംഗങ്ങളും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു.യോഗം കഴിഞ്ഞ ശേഷം മേയർ പുറത്തേയ്ക്കു പോകുമ്പോൾ ബിജെപി കൗൺസിലർമാർ പ്രതിഷേധിക്കുകയും തുടർന്ന് സി.പി.എം കൗൺസിലർമാരുമായി ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. മേയറെ കാലിൽ വലിച്ച് താഴെയിടുകയായിരുന്നെന്ന് സി.പി.എം ആരോപിക്കുന്നു. പുറത്തുനിന്ന് വന്ന ബിജെപി പ്രവർത്തകരും സംഘർഷമുണ്ടാക്കിയെന്ന് സി.പി.എം ആരോപിക്കുന്നു.

ഉച്ചയ്ക്ക് ഒന്നരയോടെയാണു തലസ്ഥാന കോർപ്പറേഷനു നാണക്കേടുണ്ടാക്കി ബിജെപി കൗൺസിലർമാർ കൗൺസിൽ യോഗം കഴിഞ്ഞ് ഓഫിസിലേക്കു പോയ മേയർക്കു നേരെ അതിക്രമം നടത്തിയത്. തടയാൻ ശ്രമിക്കുന്നതിനിടയിൽ കൗൺസിലർമാർക്കും സുരക്ഷാ ജീവനക്കാർക്കും ഇടയിലൂടെ മേയർ ഓഫിസിലേക്കു കയറാൻ ശ്രമിച്ചു. ഇതിനിടയിൽ നടന്ന പിടിവലിയിൽ മേയറുടെ ഷർട്ട് വലിച്ചു കീറി.

പടി കയറുന്നതിനിടയിൽ കാലിൽ പിടിച്ച് ബിജെപി കൗൺസിലർമാർ മേയറെ മറിച്ചിട്ടു. അടിതെറ്റി പടിക്കെട്ടിൽ വീണ മേയറെ കുന്നുക്കുഴി വാർഡ് കൗൺസിലർ ഐ.പി. ബിനുവും മറ്റുള്ളവരും ചേർന്ന് എഴുന്നേൽപ്പിച്ചാണ് ഓഫിസിലേക്കു കൊണ്ടുപോയത്. മേയറെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറ്റൊരു കൗൺസിലറായ റസിയാ ബീഗത്തിനും പരുക്കേറ്റു. ഓഫിസിൽ എത്തിയ മേയർക്കു ദേഹാസ്ഥ്യവും തളർച്ചയും അനുഭവപ്പെട്ടു. ഇതോടെ ആംബുലൻസ് എത്തി ആശുപത്രിയിലേക്കു കൊണ്ടുപോയി.

എംപിമാരും എംഎൽഎമാരും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതു താൽക്കാലികമായി നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടു മേയർ കത്തയച്ചിരുന്നു. ഇതു പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ പാർട്ടി നേതാവ് ഗിരികുമാർ പ്രമേയം നൽകിയിരുന്നു. ഇതു നിയമവിരുദ്ധമാണെന്നും മേയർ അയച്ച കത്ത് പിൻവലിക്കണമെന്ന് കൗൺസിലർക്ക് ആവശ്യപ്പെടാൻ സാധിക്കില്ലെന്നും മേയർ റൂളിങ് നൽകി. ഇതിനു പിന്നാലെ ബിജെപി പ്രതിഷേധവുമായി മേയറുടെ ചേംബറിലേക്ക് എത്തി. വിവിധ സ്റ്റാൻഡിങ് കാര്യ കമ്മിറ്റികളുടെ വിഷയങ്ങൾ അവതരിപ്പിച്ചു പാസാക്കിയതിനു ശേഷം മേയർ കൗൺസിൽ യോഗം പിരിച്ചുവിട്ടു. ഇതിനു ശേഷം ഓഫീസിലേക്കു പോയപ്പോഴാണു മേയറെ ബിജെപി കൗൺസിലർമാർ കയ്യേറ്റം ചെയ്തത്.

സാരമായി പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന മേയർ അഡ്വ. വി.കെ. പ്രശാന്തിനെ വിദഗ്ധ ചികിത്സയ്ക്കായാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മാറ്റിയത്. തലയ്ക്ക് പരുക്കേറ്റ മേയർക്ക് ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ ക്ഷതമേറ്റിട്ടുണ്ട്. സന്ധിക്ക് പരുക്കേറ്റതിനാൽ കാലിൽ പ്ലാസ്റ്ററും കഴുത്തിൽ കോളറുമിട്ടിട്ടുണ്ട്. അൾട്രാ സൗണ്ട് പരിശോധനയും സി.ടി. സ്‌കാൻ പരിശോധനയും നടന്നു വരുന്നു. അതേസമയം മേയറുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കയ്ക്ക് വകയില്ലെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.

കൗൺസിലർമാരായ റസിയാബീഗം (50), സിന്ധു (46), മേയറുടെ സഹായി ബി. മോഹൻ (48) എന്നിവർ സാരമായ പരുക്കുകളോടെ ചികിത്സയിലാണ്. തലസ്ഥാനത്തിന് തന്നെ നാണക്കേടാകുന്ന കയ്യാങ്കളിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കൗൺസിലർമാർ തമ്മിലുള്ള പ്രശ്‌നം ബിജെപി- സി.പി.എം ജില്ലാ നേതൃത്വങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെ വിഷയം ജില്ലാതലത്തിൽ ഇരു പാർട്ടികളും തമ്മിലുള്ള വലിയ പ്രതിഷേധത്തിലേക്കും നീങ്ങുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ് ഈ വിഷയത്തിൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP