Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയത്തെ റബർബോർഡ് റീജണൽ ഓഫീസ് നിർത്തലാക്കുന്നത് ഭരണചെലവുകൾ കുറയ്ക്കാൻ; വൈക്കം മുതലുള്ള കർഷകർ ഇനി ആശ്രയിക്കേണ്ടിവരുക ചങ്ങനാശേരിയിലെ റീജണൽ ഓഫീസിനെ; കോട്ടയത്ത് ഡവലപ്‌മെന്റ് ഓഫീസ് പ്രവർത്തിക്കും

കോട്ടയത്തെ റബർബോർഡ് റീജണൽ ഓഫീസ് നിർത്തലാക്കുന്നത് ഭരണചെലവുകൾ കുറയ്ക്കാൻ; വൈക്കം മുതലുള്ള കർഷകർ ഇനി ആശ്രയിക്കേണ്ടിവരുക ചങ്ങനാശേരിയിലെ റീജണൽ ഓഫീസിനെ; കോട്ടയത്ത് ഡവലപ്‌മെന്റ് ഓഫീസ് പ്രവർത്തിക്കും

കോട്ടയം: റബർ ബോർഡിന്റെ കോട്ടയത്തെ റീജിയണൽ ഓഫീസ് നിർത്താലാക്കുന്ന വാർത്ത പുറത്തു വന്നതോടെ റബർ ബോർഡ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തുവന്നു. ഭരണപരമായ ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി റബർബോർഡിന്റെ കോട്ടയം, ചങ്ങനാശ്ശേരി റീജിയണൽ ഓഫീസുകളുടെ പ്രവർത്തനങ്ങൾ ഒരുമിപ്പിക്കുമെന്നാണ് വിശദീകരണത്തിൽ പറയുന്നത്. എന്നാൽ, ഇത് കർഷകരെ ഒരുതരത്തിലും ബാധിക്കുന്നതല്ല.

റീജിയണൽ ഓഫീസ് ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചായിരിക്കും ഇനിമുതൽ പ്രവർത്തിക്കുകയെങ്കിലും കോട്ടയം റീജിയണൽ ഓഫീസിൽനിന്ന് കർഷകർക്ക് ലഭിച്ചുവരുന്ന എല്ലാ സേവനങ്ങളും തുടർന്നും ലഭ്യമാക്കുന്നതിനുവേണ്ടി കോട്ടയത്തെ റബർബോർഡിന്റെ കേന്ദ്ര ഓഫീസിൽ ഒരു ഡെവലപ്മെന്റ് ഓഫീസ് പ്രവർത്തനമാരംഭിക്കുന്നതാണ്. റീജിയണൽ ഓഫീസുകളുടെ ഒരുമിച്ചുള്ള പ്രവർത്തനം ചങ്ങനാശ്ശേരിയിലേക്ക് മാറ്റുന്ന മുറയ്ക്കുതന്നെ ഈ ഓഫീസും കോട്ടയത്ത് പ്രവർത്തനം ആരംഭിക്കുന്നതാണ്. കർഷകർ നേരിട്ടു ബന്ധപ്പെടേണ്ട ഫീൽഡ് സ്റ്റേഷനുകൾക്കൊന്നും നിലവിൽ മാറ്റമുണ്ടാകുന്നതല്ല. വൈക്കം മുതലുള്ള കർഷകരാണ് ഇനി ചങ്ങനാശേരി റീജിയണൽ ഓഫീസിനെ ആശ്രയിക്കേണ്ടി വരുന്നത്.

കോട്ടയം പരിസരങ്ങളിലെ റബർകർഷകർ, കേരളസർക്കാർ നടപ്പാക്കുന്ന റബർ ഉത്തേജകപാക്കേജിന്റെ ആനുകൂല്യം ലഭിക്കാനായി ബിൽ അപ് ലോഡ് ചെയ്യുന്നതടക്കമുള്ള ആവശ്യങ്ങൾക്ക് അതത് സ്ഥലത്തെ ഫീൽഡ് സ്റ്റേഷനുകളുമായോ കോട്ടയത്ത് പ്രവർത്തനമാരംഭിക്കുന്ന ഡെവലപ്മെന്റ് ഓഫീസുമായോ ബന്ധപ്പെട്ടാൽ മതിയാകും.

റബർവില കുറഞ്ഞ സാഹചര്യത്തിൽ കൃഷിച്ചെലവുകൾ കുറച്ചുകൊണ്ട് കർഷകർക്ക് പരമാവധി വരുമാനം നേടുന്നതിനുള്ള നിരവധി പദ്ധതികൾ റബർബോർഡ് ക്രിയാത്മകമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ചെലവു കുറയ്ക്കുന്നതിനും ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ ആദായം ലഭിക്കുന്നതിനുമായി നിയന്ത്രിത കമിഴ്‌ത്തിവെട്ട്, ആഴ്ചയിലൊരിക്കൽ ടാപ്പിങ്, ഗുണമേന്മ വർദ്ധിപ്പിക്കൽ ഇടവിളക്കൃഷി പ്രോത്സാഹിപ്പിക്കൽ, ചെറിയ കുഴിയെടുക്കൽ, മണ്ണും ഇലയും പരിശോധിച്ചുള്ള വളപ്രയോഗം, മണ്ണുജലസംരക്ഷണനടപടികൾ, ഓൺലൈൻ വളപ്രയോഗ ശുപാർശകൾ തുടങ്ങിയ ആശയങ്ങൾ ബോർഡ് കർഷകർക്കിടയിൽ വ്യാപകമായി പ്രചരിപ്പിച്ചുവരികയാണ്.

ഈ വർഷത്തെ ബോർഡിന്റെ തീവ്രപ്രചാരണപരിപാടിയിലെ പ്രധാനവിഷയങ്ങളും ഇതുതന്നെയാണ്. റബ്ബർമേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വിദഗ്ധരായ തൊഴിലാളികളുടെ ദൗർലഭ്യം. ഈ പ്രശ്നം പരിഹരിക്കുന്നതിനായി പ്രധാന്മന്ത്രി കൗശൽ വികാസ് യോജനയിൽ (പി.എം.കെ.വി.വൈ.) ഉൾപ്പെടുത്തി പതിനായിരം തൊഴിലാളികൾക്ക് ഇതിനോടകം പരിശീലനം നൽകിക്കഴിഞ്ഞു.

തുടർന്ന് ഈ വർഷം കേരളം, കർണ്ണാടകം, തമിഴ്‌നാട്, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളിലായി 22000 തൊഴിലാളികൾക്കുകൂടി പരിശീലനം നൽകുന്നതിനുള്ള നടപടികൾ നടന്നുവരികയുമാണ്. റബർമേഖലയിൽ അടുത്ത വർഷം 50 ടാപ്പർബാങ്കുകൾ പുതുതായി തുടങ്ങുന്നതിന് ബോർഡ് പദ്ധതിയിട്ടിട്ടുണ്ട്. റബറുത്പാദനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 2016-17-ൽ 23 ശതമാനം വർദ്ധനയുണ്ടായത് റബർബോർഡ് നടത്തിയ ഇത്തരം ശ്രമങ്ങളെത്തുടർന്നു കൂടിയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP