Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

മനോജിനെ കൊലപ്പെടുത്തിയത് താൻ തന്നെ; കൊലപാതകം സുഹൃത്തിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരം; സിപിഎമ്മിന് സംഭവത്തിൽ പങ്കില്ലെന്നും വിക്രമൻ: കേസിലെ പ്രതികളെല്ലാം സിപിഎമ്മുകാരെന്ന് അന്വേഷണസംഘം

മനോജിനെ കൊലപ്പെടുത്തിയത് താൻ തന്നെ; കൊലപാതകം സുഹൃത്തിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരം; സിപിഎമ്മിന് സംഭവത്തിൽ പങ്കില്ലെന്നും വിക്രമൻ: കേസിലെ പ്രതികളെല്ലാം സിപിഎമ്മുകാരെന്ന് അന്വേഷണസംഘം

കണ്ണൂർ: കതിരൂരിൽ ആർഎസ്എസ് നേതാവ് മനോജിന്റെ കൊലപാതകത്തിൽ കോടതിയിൽ കീഴടങ്ങിയ മുഖ്യപ്രതി കിഴക്കെ കതിരൂർ കട്യാൽ മീത്തൽ വിക്രമൻ നേരിട്ട് പങ്കെടുത്തുവെന്ന് വ്യക്തമായി. മനോജിനെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് വിക്രമൻ പൊലീസ് മുമ്പാകെ മൊഴി നൽകി. അതേസമയം കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്നും വിക്രമൻ പറഞ്ഞു. ഡയമണ്ട്മുക്ക് സ്വദേശിയും തന്റെ സുഹൃത്തുമായ സുരേന്ദ്രനെ കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നും പാർട്ടിക്ക് ഇതിൽ യാതൊരു ബന്ധവുമില്ലെന്നും വിക്രമൻ പറഞ്ഞു.

സംഘത്തിലെ ആറുപേരുടെ പേരുകളും വിക്രമൻ വെളിപ്പടുത്തിയിട്ടുണ്ട്. ശരീരത്തിലുള്ള പൊള്ളലിന്റെ പാടുകളും മറ്റ് പരുക്കുകളും മനോജിനെ ആക്രമിക്കുന്നതിനിടെ സംഭവിച്ചതാണെന്നും വിക്രമൻ വ്യക്തമാക്കിയിട്ടുണ്ട്. സംഭവശേഷം കണ്ണൂരിലെ ഒരു വീട്ടിൽ ഒളിവിലായിരുന്നുവെന്ന് സമ്മതിച്ച വിക്രമൻ ഒളിത്താവളം ഒരുക്കി നൽകിയവരെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല. അതേസമയം, വിക്രമൻ പറഞ്ഞ വിവരങ്ങൾ പൂർണ്ണമായും മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഇന്നു രാവിലെ തലശേരി ക്യാമ്പ് ഓഫീസിലാരംഭിച്ച ചോദ്യം ചെയ്യലിലാണ് കൊല ചെയ്തത് താനാണെന്ന് വിക്രമൻ സമ്മതിച്ചത്. വിക്രമന്റെ വയർ, കൈകാലുകൾ, തോൾഭാഗം എന്നിവിടങ്ങളിൽ പൊള്ളലേറ്റിരുന്നു. ഇന്നലെ തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിലാണ് പൊള്ളൽ കണ്ടെത്തിയത്. ഒന്നര ആഴ്‌ച്ച പഴക്കമുള്ള പൊള്ളൽ കൊലപാതകത്തിനിടെ ഉണ്ടായതാണെന്ന് വിക്രമൻ തന്നെ സമ്മതിച്ചു. ഡിവൈഎസ്പിമാരായ കെ.വി സന്തോഷ്, ജോസി ചെറിയാൻ എന്നിവരടങ്ങുന്ന സംഘമാണ് വിക്രമനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് എഡിജിപിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.

വിക്രമനെ ചോദ്യം ചെയ്യാനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുമെന്ന വിവരവുമുണ്ട്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ വിക്രമനെ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് ഒന്ന് കെ. കൃഷ്ണകുമാർ 25വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന്റെ മുന്നോടിയായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കോടതിയിൽ കീഴടങ്ങിയ സമയത്തും റിമാൻഡിലായി പുറത്തുപോയ സമയത്തും വിക്രമൻ ശാരീരികമായി യാതൊരു അസ്വസ്ഥതയും പ്രകടിപ്പിച്ചിരുന്നില്ല.

അതസമയം മനോജ് വധക്കേസിൽ പ്രതികളായവരെല്ലാം സിപിഐ(എം) പ്രവർത്തകരാണെന്ന് വ്യക്തമായി. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. രാഷ്ട്രീയ കൊലപാതകമാണിതെന്നും ഇരട്ടക്കൊലയാണ് ലക്ഷ്യമിട്ടിരുന്നതെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

മനോജ് വധം രാഷ്ട്രീയപ്രേരിതമാണോയെന്ന് പറയാനാകില്ലെന്നായിരുന്നു അന്വേഷണസംഘത്തലവൻ എഡിജിപി എസ് അനന്തകൃഷ്ണൻ പറഞ്ഞിരുന്നത്. എന്നാൽ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ കൊലപാതകമാണിതെന്ന് അന്വേഷണസംഘം ഉറപ്പിച്ചതിന് തെളിവാണ് കോടതിയിൽ സമർപ്പിച്ച അപേക്ഷ. മനോജിനൊപ്പമുണ്ടായിരുന്ന പ്രമോദിനെയും കൊലപ്പെടുത്താൻ സംഘം പദ്ധതിയിട്ടിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

പ്രതികൾക്കെതിരേ യുഎപിഎ നിയമപ്രകാരമുള്ള കുറ്റം ബലപ്പെടുത്താൻ വകുപ്പിൽ മാറ്റം വരുത്തുകയും ചെയ്തിരുന്നു. ടിപി വധക്കേസിലുൾപ്പെടെ സിപിഐ(എം) അംഗങ്ങളായ പ്രതികൾക്കുവേണ്ടി ഹാജരായ അഡ്വ. വിശ്വനാണ് വിക്രമന് വേണ്ടി ഇന്നലെ കോടതിയിൽ ഹാജരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP