Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എങ്കിലും എന്റെ കോടീശ്വരാ ഇത്രയും ആഭരണങ്ങൾ ആൾ താമസം ഇല്ലാത്ത വീട്ടിൽ സൂക്ഷിക്കുമോ? തൃശൂരിൽ പൂട്ടിക്കിടന്ന വീട്ടിൽ നിന്നും കള്ളൻ കൊണ്ട് പോയത് 500 പവനും 50 ലക്ഷത്തിന്റെ രത്‌നങ്ങളും

എങ്കിലും എന്റെ കോടീശ്വരാ ഇത്രയും ആഭരണങ്ങൾ ആൾ താമസം ഇല്ലാത്ത വീട്ടിൽ സൂക്ഷിക്കുമോ? തൃശൂരിൽ പൂട്ടിക്കിടന്ന വീട്ടിൽ നിന്നും കള്ളൻ കൊണ്ട് പോയത് 500 പവനും 50 ലക്ഷത്തിന്റെ രത്‌നങ്ങളും

വടക്കേക്കാട്: പ്രവാസി വ്യവസായിയുടെ പൂട്ടിക്കിടന്ന ആഡംബര വീട് കുത്തിത്തുറന്ന് 500 പവനും 50 ലക്ഷം രൂപയുടെ രത്‌നാഭരണങ്ങളും മോഷ്ടിച്ചത് തെളിവുകൾ അവശേഷിപ്പിക്കാതെ. ഇതിന് മുമ്പും സമാനമായ മോഷണ ശ്രമം ഇവിടെ നടന്നിട്ടുണ്ട്. എന്നിട്ടും 500 പവൻ സ്വർണം ഈ വിട്ടീൽ പ്രവാസി മലയാളി സൂക്ഷിച്ചുവെന്നത് പൊലീസിനേയും അൽഭുതപ്പെടുത്തുന്നു. ഒന്നരക്കോടി രൂപയുടെ പ്രാഥമിക നഷ്ടമാണു കണക്കാക്കുന്നത്.

ചാവക്കാടിനു സമീപം വടക്കേക്കാട് വെൺമാടത്തിൽ തടാകം കുഞ്ഞുമുഹമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നത്. എടക്കര റോഡിലാണ് കുഞ്ഞുമുഹമ്മദ് ഹാജിയെന്ന 'തടാകം' ഹാജിയുടെ വീട്. രണ്ടു മാസം മുമ്പാണ് വീടിന്റെ അറ്റകുറ്റപ്പണികൾ കഴിഞ്ഞത്. ദുബായിലെ ജലീൽ ട്രേഡേഴ്‌സ് എന്ന ബിസിനസ് സ്ഥാപനത്തിന്റെ ഉടമയായ ഹാജി നാട്ടിലെത്തിയാൽ വേലക്കാരടക്കം പത്തോളം പേർ ദിവസേന ജോലിക്ക് ഉണ്ടാകാറുണ്ട്. ഈ ജോലിക്കാരുൾപ്പെടെയുള്ളവരെ പൊലീസ് സംശയിക്കുന്നുണ്ട്. എല്ലാവരേയും ചോദ്യം ചെയ്യും. പൊലീസ്‌നായ മണം പിടിച്ചു പിൻവശത്തെ ഗേറ്റ് വരെ ഓടി മടങ്ങി വന്നു. വീടിനു പരിസരത്തുനിന്നു സംശയിക്കത്തക്കതായി ഒന്നും ലഭിച്ചിട്ടില്ല.

വിദേശത്ത് ബിസിനസ്സുകാരായ കുഞ്ഞുമുഹമ്മദ് ഹാജിയും കുടുംബവും ഒരാഴ്ച മുമ്പാണ് നാട്ടിൽ വന്നശേഷം മടങ്ങിയത്. വീടിന്റെ കാവലിനായി രണ്ട് സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും മോഷണവിവരം ഇവർ അറിഞ്ഞില്ലെന്ന് പറയുന്നു. സെക്യൂരിറ്റി ജീവനക്കാർ വീടിനോടു ചേർന്ന് അതേവളപ്പിലെ ക്വാർട്ടേഴ്‌സിലാണ് താമസം. കുഞ്ഞുമുഹമ്മദും കുടുംബവും വിദേശത്തായതിനാൽ നഷ്ടമായ വസ്തുക്കളുടെ അന്തിമ മൂല്യം ഇനിയും കണക്കാക്കിയിട്ടില്ല. ഇവിടെ മുൻപും മോഷണ ശ്രമം ഇവിടെ നടന്നിട്ടുണ്ട്. ഐ.ജി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലം പരിശോധിച്ചു. ഒരു മുറിയിലുണ്ടായിരുന്ന അലമാരയിൽ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്താണ് മുറിക്കുള്ളിലെ ലോക്കർ തുറന്ന് കവർച്ച നടത്തിയത്. 50 ലക്ഷത്തോളം രൂപ വിലവരുന്ന വജ്രാഭരണങ്ങളും മോഷണം പോയവയിൽ ഉൾപ്പെടുന്നുണ്ട്. മാലകൾ, വളകൾ തുടങ്ങിയവ മോഷണം പോയവയിൽ ഉൾപ്പെടുന്നുണ്ടെന്നാണ് പ്രാഥമിക വിവരം.

ഇളയമകൻ ഗഫൂർ, മൂത്തമകൻ ഷമീർ എന്നിവർ ഗൾഫിൽ പഴം-പച്ചക്കറി വ്യാപാരം നടത്തുന്ന കുഞ്ഞുമുഹമ്മദ് ഹാജിയുടെ ജലീൽ ട്രേഡേഴ്‌സ് കമ്പനിയുടെ എംഡിമാരാണ്. രണ്ടാമത്തെ മകൻ സാക്കിർ ലണ്ടനിൽ ഡോക്ടറാണ്. മൂന്നു പേരുടെയും കുടുംബം കഴിഞ്ഞ പെരുന്നാളിനു നാട്ടിൽ വന്നിരുന്നു. അന്നു ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കുമ്പോൾ ധരിച്ച ആഭരണങ്ങൾ വീട്ടിലെ ലോക്കറിൽ വയ്ക്കുകയായിരുന്നുവെന്നു പറയുന്നു. ഗൾഫിലുള്ള കുഞ്ഞുമുഹമ്മദ് ഹാജിയുടെ ഭാര്യയുമായി ഫോണിൽ ബന്ധപ്പെട്ടാണു പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇവരിൽനിന്നും മൂന്നു മരുമക്കളിൽനിന്നും വിവരങ്ങൾ ശേഖരിച്ചാൽ മാത്രമെ കൃത്യം കണക്കു ലഭിക്കൂ. നഷ്ടം ഇതിലും കൂടാൻ സാധ്യതയുണ്ടെന്നു കരുതുന്നു.

ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെ വീട്ടുകാവൽക്കാരനായ മുഹമ്മദാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. വീടിന്റെ പിറകുവശത്തെ വാതിൽ അടക്കം അഞ്ചു വാതിലുകൾ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. കമ്പിപ്പാര ഉപയോഗിച്ച് പുറംവാതിൽ തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ചാവി ഉപയോഗിച്ചാണ് സ്വർണം സൂക്ഷിച്ചിരുന്ന ലോക്കർ തുറന്നത്. വീടിന്റെ ഉൾവശത്തെ കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലത്രേ.

നാല് ഏക്കറിൽ ചുറ്റുമതിലോടുകൂടിയ 10,000 ചതുരശ്ര അടിയുള്ള വീടിന്റെ ഔട്ട്ഹൗസിൽ ജോലിക്കാരനും നേപ്പാളിയായ കാവൽക്കാരനുമായിരുന്നു താമസം. സുരക്ഷയ്ക്കായി 12 അടി ഉയരമുള്ള മതിലുമുണ്ട്. കൃത്യമായ വിവരങ്ങൾ അറിയുന്നവരാണ് മോഷണത്തിനു പിറകിലെന്നാണ് പൊലീസ് നൽകുന്ന വിവരം. വിദേശത്ത് നിരവധി സ്ഥാപനങ്ങളുള്ള കുഞ്ഞുമുഹമ്മദ് കഴിഞ്ഞ 20നാണ് വിദേശത്തേക്ക് പോയത്. ഇടയ്ക്കിടെ കുഞ്ഞുമുഹമ്മദ് നാട്ടിൽ വന്നു പോകാറുണ്ട്. കാവൽക്കാരുണ്ടെങ്കിലും ഹാജി സ്ഥലത്തുണ്ടെങ്കിൽ ഗേറ്റ് തുറന്നിടുകയാണ് പതിവെന്ന് നാട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP