Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

"മരണത്തിലേക്ക് വണ്ടിയോടിക്കുന്ന മലയാളികൾ": അഞ്ചു വർഷത്തിനിടെ ഉണ്ടായ 1.87 ലക്ഷം വാഹനാപകടങ്ങളിൽ ജീവൻ പൊലിഞ്ഞത് 20,292 പേർ; റോഡപകടങ്ങളിൽ മുന്നിൽ എറണാകുളം; അപകടങ്ങൾ ഏറെയും വൈകീട്ട് ആറു മുതൽ രാത്രി ഒമ്പതു വരെ; മരിച്ചവരിൽ ഏറെയും ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: റോഡപകടങ്ങളിൽ മരിക്കുന്നവരുടെയും പരിക്കേറ്റ് ദുരിതമനുഭവിക്കുന്നവരുടെയും എണ്ണം പെരുകുകയാണ്. ഇന്ത്യയിൽ റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം ഏവരെയും അമ്പരപ്പിക്കുന്നതാണ്. എന്നാൽ സംസ്ഥാനത്തെ റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ട്. അഞ്ചു വർഷത്തിനിടെ ഉണ്ടായ 1.87 ലക്ഷം വാഹനാപകടങ്ങളിൽ മരിച്ചത് 20,292 പേരാണ്. 2015 മുതൽ 2019 സെപ്റ്റംബർ വരെയുള്ള വിവരങ്ങളാണ് ഇത്. അപകടങ്ങളിൽ മുന്നിൽ എറണാകുളം ജില്ലയാണ്. എന്നാൽ, വാഹനാപകടങ്ങളിൽ കൂടുതൽ മരണം സംഭവിച്ചത് തിരുവനന്തപുരത്താണ്.

മോട്ടോർ വാഹന വകുപ്പിന്റെയും ട്രാഫിക് പൊലീസിന്റെയും കണക്കുകൾ പ്രകാരം 2019-ൽ സെപ്റ്റംബർ വരെ 40,181 അപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇതിൽ 3,375 പേർ മരിച്ചു. എറണാകുളത്ത് 4,679 വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 355 പേർ മരിച്ചു. തിരുവനന്തപുരത്ത് നടന്ന 4,006 വാഹനാപകടങ്ങളിൽ 413 പേരാണ് മരിച്ചത്. വയനാട് ആണ് അപകടങ്ങൾ കുറവ് - 523 അപകടങ്ങളിലായി 63 പേരാണ് മരിച്ചത്. 6,725 അപകടങ്ങൾ നടന്നത് ദേശീയപാതയിലാണ്. 924 പേർ മരിച്ചു. സംസ്ഥാന പാതയിൽ നടന്ന 5,913 അപകടങ്ങളിൽ 740 മരണം സംഭവിച്ചു. മറ്റ് റോഡുകളിലായി 18,146 അപകടങ്ങളാണ് ഉണ്ടായത്. 1,711 പേർ മരിച്ചു. അഞ്ച് വർഷത്തിനിടെ നാലായിരത്തിനു മുകളിലാണ് കേരളത്തിലെ മരണ നിരക്ക്.

വൈകീട്ട് ആറുമണി മുതൽ രാത്രി ഒമ്പതുവരെയുള്ള സമയത്ത് നടന്ന 6,288 അപകടങ്ങളിൽ 671 പേർക്ക് ജീവൻ നഷ്ടമായി. ഒമ്പത് മുതൽ 12 വരെയുള്ള സമയത്ത് നടന്ന 2,669 അപകടങ്ങളിൽ 477 പേർ മരിച്ചു. രാത്രിയിലും പുലർച്ചെയും ഉണ്ടാകുന്ന അപകടങ്ങളിൽ ഇടിച്ച വാഹനം ഏതാണെന്ന് പോലും കണ്ടെത്താൻ കഴിയാറില്ല. ഇടിച്ചിട്ട വാഹനങ്ങൾ നിർത്താതെ പോകുന്നതുമൂലം രക്തം നഷ്ടപ്പെട്ടാണ് മരണങ്ങളേറെയും.

പരിക്കേൽക്കുന്നവരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചാൽ ജീവൻ രക്ഷിക്കാൻ കഴിയുന്ന സാഹചര്യം ഉള്ളപ്പോൾ പോലും വാഹനം നിർത്താതെ പോകുന്നു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ച 2,349 പേരാണ് 2019-ൽ മരിച്ചത്. 22,779 അപകടങ്ങളിലായാണിത്. മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ അശ്രദ്ധ ഉണ്ടാക്കിയിത് 4,951 അപകടങ്ങളാണ്. ഇതിൽ 447 പേർ മരിച്ചു. മദ്യപിച്ച് വാഹനമോടിച്ച 16 പേരാണ് 71 അപകടങ്ങളിലായി മരിച്ചത്. മൃഗങ്ങൾ കുറുകെച്ചാടി ഉണ്ടായ 66 അപകടങ്ങളിൽ 18 പേർ മരിച്ചു.

മോട്ടോർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തതാണ് വാഹനാപകടങ്ങൾ കൂടാൻ കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. അമിത വേഗവും ഉറക്കം ഒഴിവാക്കിയുള്ള ഡ്രൈവിങ്ങും സിഗ്‌നലുകൾ കൃത്യമായി പാലിക്കാത്തതും അപകടങ്ങളുടെ എണ്ണം വർധിപ്പിക്കുന്നു.

ഗതാഗത നിയന്ത്രണത്തിനും ട്രാഫിക് നിയമങ്ങൾ നടപ്പാക്കുന്നതിനും ചുമതലപ്പെട്ട പൊലീസ് സേനയിലെ അംഗസംഖ്യ വളരെ കുറവാണ്. ജോലിഭാരത്തിന് ആനുപാതികമായി ഉദ്യോഗസ്ഥർ മോട്ടോർ വാഹന വകുപ്പിലില്ല. ഗതാഗത നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊലീസിലും മോട്ടോർ വാഹന വകുപ്പിലും ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കണം.

ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലുള്ള 'റോഡ് സുരക്ഷാ ദശകം' ഡിസംബറിൽ അവസാനിക്കും. 2011 ജനുവരി ഒന്നു മുതൽ 2020 ഡിസംബർ 31 വരെ റോഡ് സുരക്ഷാ ദശകമായി ആചരിക്കാൻ 2010 മാർച്ചിൽ ചേർന്ന യു.എൻ. ജനറൽ അസംബ്ലിയാണ് തീരുമാനിച്ചത്. 2020-ഓടെ മരണമോ ഗുരുതരമായ പരിക്കോ ഉണ്ടാക്കുന്ന വാഹനാപകടം പരമാവധി ഇല്ലാതാക്കുക എന്നതിന് 'ദശകം' ഊന്നൽ നൽകുന്നു.

ജില്ല - അപകടങ്ങളുടെ എണ്ണം - മരണം

* തിരുവനന്തപുരം - 4,006 - 413

* കൊല്ലം - 2,587 - 340

* പത്തനംതിട്ട - 1,210 - 133

* ആലപ്പുഴ - 2,713 - 297

* കോട്ടയം - 2,170 - 208

* ഇടുക്കി - 842 - 83

* എറണാകുളം - 4,679 - 355

* തൃശ്ശൂർ 3,347 - 319

* പാലക്കാട് - 1,829 - 303

* മലപ്പുറം - 1,940 - 288

* കോഴിക്കോട് - 2,566 - 295

* വയനാട് - 523 - 63

* കണ്ണൂർ - 1,646 - 187

* കാസർകോട് - 726 - 91

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP