Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞുടുപ്പിൽ 'ചന്ദനലേപ സുഗന്ധം' പൂശി ഡിജിപി ഋഷിരാജ് സിങ്; ജില്ലാ ജയിലിലെ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പാട്ടുപാടി കയ്യടി വാങ്ങി ഡിജിപി; ഒപ്പം വനിതാ ജയിലിലെ തടവുകാർ നിർമ്മിച്ച കുഞ്ഞുടുപ്പുകളുടെ വില്പനയും മറ്റ് പദ്ധതികളുടേയും ഉദ്ഘാടനം നടത്തി; തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കേരളത്തിലെ ജയിലുകൾ ഒന്നാം സ്ഥാനത്തെന്നും ഋഷിരാജ് സിങ്

കുഞ്ഞുടുപ്പിൽ 'ചന്ദനലേപ സുഗന്ധം' പൂശി ഡിജിപി ഋഷിരാജ് സിങ്; ജില്ലാ ജയിലിലെ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പാട്ടുപാടി കയ്യടി വാങ്ങി ഡിജിപി; ഒപ്പം വനിതാ ജയിലിലെ തടവുകാർ നിർമ്മിച്ച കുഞ്ഞുടുപ്പുകളുടെ വില്പനയും മറ്റ് പദ്ധതികളുടേയും ഉദ്ഘാടനം നടത്തി; തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കേരളത്തിലെ ജയിലുകൾ ഒന്നാം സ്ഥാനത്തെന്നും ഋഷിരാജ് സിങ്

മറുനാടൻ ഡെസ്‌ക്‌

കാക്കനാട്: ജില്ലാ ജയിലിലെ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പാട്ട്പാടി കൈയടി നേടി ഋഷിരാജ് സിങ്. ജയിൽ ജീവനക്കാരുടെയും അന്തേവാസികളുടെയും ഗാനമേള ട്രൂപ്പായ 'കറക്ഷണൽ വോയ്സ്'ന്റെ ലോഗോ പ്രകാശനം കഴിഞ്ഞപ്പോൾ തൃക്കാക്കര നഗരസഭ കൗൺസിലർ ലിജി സുരേഷാണ് ജയിൽ ഡിജിപി പാട്ടു പാടണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് 'ചന്ദനലേപ സുഗന്ധം ചൂടിയതാരോ' എന്ന പാട്ട് പാടുകയായിരുന്നു. വനിതാ ജയിലിലെ തടവുകാർ നിർമ്മിച്ച കുഞ്ഞുടുപ്പുകളുടെ ആദ്യവില്പനയും ഡി.ജി.പി നിർവഹിച്ചു.

മലയാളികളുടെ പ്രിയപ്പെട്ട പാട്ട് കാക്കനാട് ജില്ലാ ജയിലിലെ അന്തേവാസികൾക്കും ജീവനക്കാർക്കുമായി പാടി കൊടുത്തത് ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് തന്നെ. കൊമ്പൻ മീശയും ഗൗരവമേറിയ മുഖവുമുള്ള ഡി.ജി.പി.യുടെ ഉള്ളിലെ പാട്ടുകാരനെ തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തിലാണ് കേട്ടുനിന്നവരെല്ലാം. വേദിയിൽ വച്ച് തൃക്കാക്കര നഗരസഭാ കൗൺസിലർ ലിജി സുരേഷിന്റെ നിർബന്ധത്തിനു വഴങ്ങി നാലുവരി പാടാമെന്നു സമ്മതിക്കുകയായിരുന്നു ഋഷിരാജ് സിങ്. മൊബൈൽ ഫോൺ സ്‌ക്രീനിൽ തെളിഞ്ഞ വരികൾ ഈണം തെറ്റാതെ നല്ല മലയാളത്തിൽ കോഡ്ലെസ് മൈക്കിലൂടെ ഋഷിരാജ് പാടി. ബോംബെ രവിയുടെ ഈണങ്ങളോടുള്ള കമ്പമാണ് 'ഒരു വടക്കൻ വീരഗാഥ'യിലെ പാട്ടിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സദസ്യർ നിറഞ്ഞ കൈയടികളോടെയാണ് പാട്ടിനെ വരവേറ്റത്.

വനിതാ ജയിലിലെ തടവുകാർ നിർമ്മിച്ച കുഞ്ഞുടുപ്പുകളുടെ വില്പന ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് നിർവഹിച്ചു. വനിതാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് എം.എസ്. അമ്പിളിയുടെ മകൾ സായിക്ക് നൽകിയാണ് ജയിൽ മേധാവി ആദ്യ വില്പന നടത്തിയത്. തയ്യലിലും ഫാഷൻ ഡിസൈനിങ്ങിലും പരിശീലനം ലഭിച്ച അന്തേവാസികളാണ് കുട്ടികൾക്കുള്ള വസ്ത്രങ്ങൾ ഒരുക്കുന്നത്. എറണാകുളം ജില്ലാ ജയിലിനോടു ചേർന്നുള്ള വനിതാ ജയിലിലെ മൂന്നു തടവുകാർക്ക് ഫാഷൻ ഡിസൈനിങ്, എംബ്രോയ്ഡറി, തയ്യൽ, ടെക്സ്‌റ്റൈൽ പ്രിന്റിങ് എന്നിവയിൽ പരിശീലനം നൽകിയിരുന്നു.

ജയിലിലെ തയ്യൽ യൂണിറ്റിൽ ഇവർ തയ്യാറാക്കിയ വസ്ത്രങ്ങളാണ് വിപണിയിലെത്തുന്നത്. ജയിലിൽനിന്ന് നിർമ്മിക്കുന്ന വിവിധ വസ്തുക്കളുടെ വില്പന കൗണ്ടറായ ഫ്രീഡം ഫുഡ് ഫാക്ടറി മുഖേനയാണ് ഇവയുടെ വില്പന. ആദ്യഘട്ടത്തിൽ കുട്ടികൾക്കുള്ള ഉടുപ്പുകൾ മാത്രമാണ് തയ്യാറാക്കുന്നത്. പിന്നീട് ചുരിദാറടക്കമുള്ളവ കൂടി വിപണിയിലെത്തിക്കാനാണ് തീരുമാനം. കുഞ്ഞുടുപ്പുകൾ തയ്ക്കുന്നതിനായി ജയിലിൽ തന്നെയാണ് പ്രത്യേക തയ്യൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. ജയിലിൽനിന്ന് ലഭിക്കുന്ന മറ്റ് ഉത്പന്നങ്ങളെപ്പോലെ തന്നെ മികച്ച ഗുണനിലവാരമുള്ളതാണ് വസ്ത്രങ്ങളും. മെഷീൻ ഘടിപ്പിച്ച മൂന്ന് ഓട്ടോമാറ്റിക് തയ്യൽ മെഷീനുകളാണ് ഇപ്പോൾ യൂണിറ്റിലുള്ളത്. സ്പോൺസർഷിപ്പിൽ ലഭിച്ച അഞ്ചെണ്ണം കൂടി ഇതിനായി ഉപയോഗിക്കും.

തേനീച്ച വളർത്തൽ, മിൽമ കൗണ്ടർ സ്ഥാപിക്കൽ, കറ്റാർവാഴകൃഷി, ജയിൽ കവാടത്തിലെ സ്റ്റേഷനറി കട, മത്സ്യക്കുളത്തിൽ പുതിയ കുഞ്ഞുങ്ങളെ ഇടുന്ന ചടങ്ങ് തുടങ്ങിയവയുടെ ഉദ്ഘാടനവും ജയിൽ ഡി.ജി.പി. നിർവഹിച്ചു. ജയിലിലേക്കു സംഭാവനയായി ലഭിച്ച തയ്യൽ മെഷിനുകൾ, ഫ്രിഡ്ജ്, വാട്ടർ പ്യൂരിഫെയർ, കസേരകൾ, ബനിയനുകൾ, ഗാനമേള ട്രൂപ്പിനുള്ള ടാബ് തുടങ്ങിയവ ഏറ്റുവാങ്ങി. ജയിലിൽ കഴിയുന്നവർക്ക് വ്യവസ്ഥകളോടെ 15 ദിവസത്തെ പരോൾ കേരളത്തിൽ മാത്രമാണ് നൽകുന്നതെന്ന് ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിൽ കുടുംബങ്ങളിൽ ആരെങ്കിലും മരിച്ചാലും നിത്യരോഗികളാകുന്നവർക്കും മാത്രമാണ് പരോൾ ലഭിക്കുന്നത്. സ്ത്രീകൾക്ക് ഓപ്പൺ ജയിലും ഇവിടെ മാത്രമാണുള്ളത്. ആഴ്ചയിൽ മൂന്നു തവണ നോൺ വെജിറ്റേറിയൻ ഭക്ഷണവുമുണ്ട്. അന്തേവാസികൾ ജയിൽ മോചിതരായാൽ സ്വയംതൊഴിൽ ചെയ്ത് ജീവിക്കുന്നതിന്റെ ഭാഗമായി നൂറോളം ഇനങ്ങളിൽ വൊക്കേഷണൽ പരിശീലനം നൽകി സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജയിലിലേക്ക് ആവശ്യമായ പച്ചക്കറിയുടെ പകുതിയെങ്കിലും സ്വന്തം നിലയിൽ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കേരളത്തിലെ ജയിലുകൾ ഒന്നാം സ്ഥാനത്തെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടർ എസ്. സുഹാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജയിൽ സൂപ്രണ്ട് കെ.വി. ജഗദീശൻ, തൃക്കാക്കര നഗരസഭാ കൗൺസിലർ ലിജി സുരേഷ്, ജയിൽ വെൽഫെയർ ഓഫീസർ ജോർജ് ചാക്കോ, അസി. സൂപ്രണ്ട് രാമഭദ്രൻ, ഫാ. ഷാജി, ഷാജി പാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ച ജില്ലാ ജയിൽ സൂപ്രണ്ട് കെ.വി. ജഗദീശന് ഋഷിരാജ് സിങ് മൊമെന്റോ നൽകി ആദരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP