Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിജിലൻസ് അന്വേഷണം ബ്രൂവറി അഴിമതി പിടികൂടിയതിന്റെ പകതീർക്കുന്നതിനെന്ന് ചെന്നിത്തല; എതിർക്കുന്നവരെ കേസിൽപ്പെടുത്തി അടിച്ചമർത്താമെന്ന് മുഖ്യമന്ത്രി കരുതണ്ട; ഇതൊന്നും കൊണ്ട് താൻ നിശബ്ദനാകില്ലെന്നും പ്രതിപക്ഷ നേതാവ്

വിജിലൻസ് അന്വേഷണം ബ്രൂവറി അഴിമതി പിടികൂടിയതിന്റെ പകതീർക്കുന്നതിനെന്ന് ചെന്നിത്തല; എതിർക്കുന്നവരെ കേസിൽപ്പെടുത്തി അടിച്ചമർത്താമെന്ന് മുഖ്യമന്ത്രി കരുതണ്ട; ഇതൊന്നും കൊണ്ട് താൻ നിശബ്ദനാകില്ലെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കോടികളുടെ ബ്രൂവറി അഴിമതിക്കേസ് കയ്യോടെ പിടിച്ച് റദ്ദാക്കിച്ചതിന്റെ പക തീർക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനുമാണ് പഴയ ഒരു മന്ത്രിസഭാ തീരുമാനത്തിന്റെ പേരിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നെട്ടുകാൽത്തേരി തുറന്ന ജയിൽ ഭൂമിയിൽ രണ്ട് ഏക്കർ സ്ഥലം ചിന്താലയ വിദ്യാലയത്തിന് പാട്ടിത്തിന് നൽകാൻ തീരുമാനിച്ചത് യുഡിഎഫ് സർക്കാരിന്റെ കാലത്തെ മന്ത്രിസഭാ യോഗമാണ്. അതിന്റെ പേരിൽ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തന്നെ തിരഞ്ഞു പിടിച്ച് അന്വേഷണം നടത്തുന്നതിന്റെ ദുരുദ്ദേശം നാട്ടുകാർക്ക് നന്നായി മനസിലാവും.

എതിർക്കുന്നവരെ കേസിൽപ്പെടുത്തി അടിച്ചമർത്താമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കിൽ അദ്ദേഹം വിഢ്ഢികളുടെ സ്വർഗ്ഗത്തിലാണ്. ഇതൊന്നും കൊണ്ടു തന്നെ നിശബ്ദനാക്കാമെന്ന് പിണറായി കരുതണ്ട. ഈ ഓലപ്പാമ്പു കണ്ട് പേടിച്ചു പോവില്ല. ധൈര്യമുണ്ടെങ്കിൽ ഇതിൽ അഴിമതി ഉണ്ടെന്ന് മുഖ്യമന്ത്രി തെളിയിച്ചു കാണിക്കണം.

നിയമാനുസൃതം തന്നെയാണ് നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിൽ നിന്ന് ചിന്താലയ വിദ്യാലയത്തിന് ഭൂമി നൽകാൻ മന്ത്രിസഭാ തീരുമാനിച്ചത്. നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കിയാണ് തീരുമാനമെടുത്തത്. നിയമവകുപ്പിന്റെ അംഗീകാരവും അതിന് ഉണ്ടായിരുന്നു. 1964 ലെ കേരളാ ഭൂമി പതിവ് ചട്ടങ്ങളിലെ ചട്ടം 24 പ്രകാരം സർക്കാരിൽ നിക്ഷിപ്തമായിട്ടുള്ള പ്രത്യേക അധികാരമുപയോഗിച്ചാണ് വിദ്യാഭ്യാസം പോലെ പൊതുജനത്തിന് ഉപകാരപ്രദമായ ഒരു നല്ല കാര്യത്തിന് ഭൂമി അനുവദിച്ചത്.

അല്ലാതെ ബ്രൂവറി സ്ഥാപിക്കുന്നതിന് പത്തേക്കർ ഭൂമി കിൻഫ്രയിൽ നിന്ന് പതിച്ചു നൽകാൻ തീരുമാനിച്ചത് പോലെ ചട്ടങ്ങൾ കാറ്റിൽ പറത്തി പരമരഹസ്യമായി തീരുമാനിച്ചതല്ല ഇത്. കുട്ടികൾക്ക് പഠിക്കുന്നതിനുള്ള വിദ്യാലയം സ്ഥാപിക്കുന്നതിന് രണ്ടേക്കർ ഭൂമി കർശന വ്യവസ്ഥകളോടെ നിയമാനുസൃതം പാട്ടത്തിന് നൽകാൻ മാത്രമാണ് തീരുമാനിച്ചത്. തീരുമാനിച്ചു എന്നല്ലാതെ ഭൂമി നൽകിയിരുന്നില്ല. 8-11-2016ൽ പിണറായി സർക്കാർ ആ തീരുമാനം റദ്ദാക്കി. അതിൽ ക്രമക്കേടുണ്ടായിരുന്നെങ്കിൽ അപ്പോൾ തന്നെ കേസെടുക്കേണ്ടതായിരുന്നില്ലേ?.

രണ്ട് വർഷത്തിന് ശേഷം ഇപ്പോൾ അത് കുത്തിപ്പൊക്കി കൊണ്ടു വന്ന് തനിക്കെതിരെ കേസെടുക്കുന്നത് പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് താൻ സർക്കാരിന്റെ വീഴ്ചകളും അഴിമതിയും ഓരോന്നായി പുറത്തു കൊണ്ടു വരുന്നതിനാലാണ്. 2006 ലും ചിന്താലയാ വിദ്യാലയത്തിൻ ഭൂമി നൽകാൻ യു.ഡി.എഫ് മന്ത്രിസഭ തീരുമാനിച്ചതായിരുന്നു. തുടർന്ന് വന്ന വി എസ് മന്ത്രിസഭ 30-8-2006 ൽ അത് റദ്ദാക്കി. അതിൽ ക്രമക്കേടുണ്ടായിരുന്നെങ്കിൽ അന്ന് കേസെടുക്കേണ്ടതായിരുന്നില്ലേ?

അടിസ്ഥാനപരമായ വസ്തുതകളില്ലാതെ ഭരണപരമായ കാര്യങ്ങളിന്മേലും നയപരമായ കാര്യങ്ങളിന്മേലും മന്ത്രിസഭാ തീരുമാനങ്ങളിന്മേലും കേസെടുക്കുന്നതിനെതിരെ ഹൈക്കോടതി തന്നെ ഈയിടെ മുന്നറിയിപ്പ് നൽകിയിരുന്ന കാര്യം പിണറായി ഓർക്കുന്നത് നന്നായിരിക്കും. 15-9-2018 ലെ ഒപി (ക്രിമിനൽ) 83/2017 വിധിന്യായം മുഖ്യമന്ത്രി വായിച്ചിരുന്നെങ്കിൽ ഇത്തരം സാഹസത്തിന് മുതിരില്ലായിരുന്നു.
നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ ഭൂമി പൊതു ആവശ്യത്തിന് നൽകുന്നത് ഇത് ആദ്യമല്ല.

2001 ഇടതു സർക്കാർ കേരളാ സ്റ്റേറ്റ് കോഓപ്പറേറ്റീവ് യൂണിയന് 12 ഏക്കർ സ്ഥലം വിലരഹിതമായി പതിച്ചു നൽകിയിരുന്നു. (ജി.ഒ.26/2001/ആർഡി/ ഡേറ്റഡ് 2-2-2001). തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ നിന്ന് 95 ൽ അച്യുതമേനോൻ ഫൗണ്ടേഷനും ഭൂമി നൽകിയിട്ടുണ്ട്. (ജിഒ.എം.എസ്.175/95/ ആർഡി. ഡേറ്റഡ് 7-3-95). പൊതു ആവശ്യത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനും സർക്കാർ ഭൂമി പതിച്ചും പാട്ടത്തിനും നൽകിയ എത്രയോ ഉദാഹരണങ്ങൾ ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP