Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

76,000 രൂപയുടെ റേഷനരി കടത്ത്: വിചാരണ കൂടാതെ വിട്ടയയ്ക്കണമെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥൻ; കേസിൽ സർക്കാർ നിലപാട് അറിയിക്കാൻ ഉത്തരവിട്ട് കോടതി

76,000 രൂപയുടെ റേഷനരി കടത്ത്: വിചാരണ കൂടാതെ വിട്ടയയ്ക്കണമെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥൻ; കേസിൽ സർക്കാർ നിലപാട് അറിയിക്കാൻ ഉത്തരവിട്ട് കോടതി

അഡ്വ.പി.നാഗ് രാജ്


തിരുവനന്തപുരം: സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ വ്യാപാരികളുമായി കൂട്ടു ചേർന്ന് തലസ്ഥാനത്തെ വള്ളക്കടവ് ഫുഡ് കോർപ്പറേഷൻ മെയിൻ ഡിപ്പോയിൽ നിന്ന് എഴുപത്താറായിരം രൂപയുടെ റേഷൻ ഉൽപന്നങ്ങൾ കള്ളക്കടത്ത് നടത്തിയ കേസിൽ സർക്കാർ നിലപാടറിയിക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. പ്രതികളിലൊരാളായ സിവിൽ സപ്ലൈസ് ഡിപ്പോ മാനേജർ ബാബു തന്നെ വിചാരണ കൂടാതെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച വിടുതൽ ഹർജിയിലാണ് മജിസ്‌ട്രേട്ട് എ.അനീസയുടെ ഉത്തരവ്.

സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരായ ബാബു , ശ്രീകുമാർ , സുരേന്ദ്രൻ , പി.എസ്. ബാബു , ക്ലാർക്ക് ലത്തീഫ് എന്നിവരാണ് റേഷൻ ഉൽപ്പന്ന കടത്തു കേസിലെ ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികൾ. അഞ്ചാം പ്രതി ലത്തീഫിനെ ക്രൈംബ്രാഞ്ച് കോടതിയുത്തരവ് പ്രകാരം നടത്തിയ തുടരന്വേഷണത്തിൽ കൂടുതലായി പ്രതി ചേർത്തതാണ്. മൂന്നും നാലും പ്രതികൾ വിചാരണക്കിടെ മരണപ്പെട്ടു.

2001ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിവിൽ സപ്ലൈസ് ഓഫീസിൽ നിന്ന് 100 പേജുകളുള്ള ഹോളോഗ്രാം പതിച്ച അസ്സൽ റിലീസിങ് ഓർഡർ ബുക്ക് സ്ഥലം മാറിപ്പോയ ക്ലാർക്ക് ലത്തീഫ് മോഷണം ചെയ്‌തെടുത്തു കൊണ്ടു പോകുകയായിരുന്നു. തുടർന്ന് പ്രതികൾ റേഷൻ വ്യാപാരികളുമായി കൂട്ടു ചേർന്ന് ഹോളോഗ്രാം പതിച്ച റിലീസിങ് ഓർഡർ നൽകി റേഷൻ വ്യാപാരികൾക്കുള്ള ക്വാട്ടയുടെ മറവിൽ വള്ളക്കടവ് മെയിൻ ഡിപ്പോയിൽ നിന്ന് ലോറിയിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

പ്രതികൾ നടത്തിയ വിശ്വാസ ലംഘന കള്ളക്കടത്തിലൂടെ സർക്കാർ ഖജനാവിന് 75, 870. 05 രൂപയുടെ അന്യായ നഷ്ടം സംഭവിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. മോഷ്ടിച്ച 100 പേജുള്ള ഹോളോഗ്രാം റിലീസിങ് ഓർഡർ ബുക്ക് വീണ്ടെടുക്കാതെയാണ് ക്രൈംബ്രാഞ്ച് ആദ്യ നാല് പ്രതികൾക്കെതിരെ 2001 നവംബർ 19 ന് കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് കേസ് വിചാരണ ആരംഭിച്ച് 3 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. എന്നാൽ മെയിൻ ഡിപ്പോയിൽ വ്യാജമായി ഹാജരാക്കിയ റിലീസിങ് ഓർഡറിലെ കൈയക്ഷരം ക്ലാർക്ക് ലത്തീഫിന്റെ കൈയക്ഷരവുമായി സാമ്യതയുണ്ടെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടന്ന പരിശോധനയിൽ തെളിഞ്ഞതാണ് തൊണ്ടിയില്ലാ തെളിവില്ലാ കേസായി തള്ളിപ്പോകുമായിരുന്ന കേസിൽ വഴിത്തിരിവായത്.

എഫ് എസ് എൽ റിപ്പോർട്ടിന്റെ ചുവട് പിടിച്ച് അസി.പബ്ലിക് പ്രോസിക്യൂട്ടർ ജെയിൽ കുമാർ സമർപ്പിച്ച തുടരന്വേഷണ ഹർജിയാണ് കേസിന് തുമ്പുണ്ടാക്കിയത്. ഹർജിയിൽ കോടതി ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 173 (8) പ്രകാരം തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടരന്വേഷണത്തിൽ ക്രൈം ബ്രാഞ്ച് ലത്തീഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 381 (യജമാനന്റെ കൈവശത്തിലുള്ള വസ്തു ക്ലാർക്ക് മോഷണം നടത്തൽ) , 468 (ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം) , 471 (വ്യാജ നിർമ്മിത രേഖ അസ്സൽ പോലെ ഉപയോഗിച്ച് അധികാര സ്ഥാനങ്ങളിൽ ഹാജരാക്കൽ) , 409 (പൊതുസേവകൻ ചെയ്യുന്ന ട്രസ്റ്റ് ലംഘനം) , 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളായും സഹായികളായും നിന്ന് കൂട്ടായ്മയോടെ പ്രവർത്തിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്യുന്നത്. ഇതിനിടെയാണ് വിടുതൽ ഹർജിയുമായി ഒന്നാം പ്രതി രംഗത്തെത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP