Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഴയുടെ ശക്തി കുറയുന്നു; പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറഞ്ഞു; ന്യൂനമർദ്ദം പടിഞ്ഞാറൻ മേഖലയിലേക്ക് മാറി; അതിതീവ്രമഴയുടെ ഭീഷണിയില്ല; മഴക്കെടുതിയിൽ മരണം 103 ആയി; കവളപ്പാറയിൽ നിന്ന് കണ്ടെടുത്തത് ഏഴ് മൃതദേഹങ്ങൾ; ഇനി കണ്ടുകിട്ടാനുള്ളത് 29 പേരെ

മഴയുടെ ശക്തി കുറയുന്നു; പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറഞ്ഞു; ന്യൂനമർദ്ദം പടിഞ്ഞാറൻ മേഖലയിലേക്ക് മാറി; അതിതീവ്രമഴയുടെ ഭീഷണിയില്ല; മഴക്കെടുതിയിൽ മരണം 103 ആയി; കവളപ്പാറയിൽ നിന്ന് കണ്ടെടുത്തത് ഏഴ് മൃതദേഹങ്ങൾ; ഇനി കണ്ടുകിട്ടാനുള്ളത് 29 പേരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 103 ആയി. ഉരുൾപൊട്ടലിൽ വൻദുരന്തം വിതച്ച മലപ്പുറം കവളപ്പാറയിൽ നിന്ന് ഏഴ് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിലെ ദുരന്തമുഖത്ത് 30 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 29 പേരെ കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്. അതിശക്തമായ മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയിൽ കാണാതായ ഏഴുപേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. തുടർച്ചയായ മൂന്നാം ദിവസവും പുത്തുമലയിൽ നിന്ന് ആരെയും കണ്ടത്താനായില്ല.

സംസ്ഥാനത്തു മഴയുടെ ശക്തി കുറയുമെന്നു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കാലാവസ്ഥാ കേന്ദ്രം. മേഘാവരണം കേരള തീരത്തുനിന്ന് അകലുകയാണ്. പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. ന്യൂനമർദം പടിഞ്ഞാറൻ മേഖലയിലേക്കു മാറുന്നതും മഴയുടെ ശക്തി കുറയ്ക്കുമെന്നാണു പ്രവചനം. അതിതീവ്ര മഴയ്ക്കുള്ള സാധ്യത ഇതോടെ കുറഞ്ഞു. ഒറ്റപ്പെട്ട കനത്ത മഴയോ വ്യാപകമായ ചെറിയ മഴയോ പെയ്യാനേ സാദ്ധ്യതയുള്ളൂവെന്നാണു നിഗമനം.

പ്രളയത്തെത്തുടർന്നുള്ള രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും വേഗത്തിലാക്കണമെന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനിച്ചു. കാലവർഷക്കെടുതിയെത്തുടർന്ന് സ്വന്തം വീട്ടിൽ നിന്നും ബന്ധുവീട്ടിലേക്ക് മാറേണ്ടിവന്നവർക്കും അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് ഒഴിഞ്ഞുപോയവർക്കും സഹായം നൽകുന്ന കാര്യം പരിഗണിക്കും. ക്യാമ്പിൽ താമസിച്ചിട്ടില്ലെങ്കിലും നാശനഷ്ടം സംഭവിച്ചവർക്ക് ആനുകൂല്യം ഉറപ്പാക്കും. കർക്കശ പരിശോധന നടത്തി മാത്രമേ ആനുകൂല്യങ്ങൾ നൽകുകയുള്ളൂ. ധനസഹായം കിട്ടുമെന്ന് മനസ്സിലാക്കി ക്യാമ്പിലേക്ക് വന്നവരുണ്ട്. അത് ഒഴിവാക്കാൻ പ്രളയ ദിവസങ്ങളിൽ ക്യാമ്പിലെത്തിയവരുടെ പേരുവിവരങ്ങൾ കൃത്യതയോടെ ശേഖരിക്കണം. വീടു വൃത്തിയാക്കുമ്പോൾ ദുരന്തത്തിൽപ്പെട്ടവ ഏതൊക്കെ എന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തണം. വില്ലേജ് ഓഫീസറുടെയും തദ്ദേശസ്വയംഭരണ സെക്രട്ടറിമാരുടെയും ഉത്തരവാദിത്വമാണിത്. ഏതൊക്കെ വീടിനെ ബാധിച്ചു, ആരൊക്കെ ഒഴിഞ്ഞുപോകേണ്ടിവന്നു എന്നത് അടിസ്ഥാനമാക്കി മാത്രമാവും സഹായം. അത് റിപ്പോർട്ടു ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സാധിക്കണം. ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കണം.

മണ്ണിനടിയിലുള്ളവരെ കണ്ടെത്തുക എന്ന ശ്രമകരമായ ജോലിയാണ് ഇപ്പോൾ നടക്കുന്നത്. കവളപ്പാറയിൽ നിന്ന് ഇന്ന് ഏഴു മൃതശരീരങ്ങൾ കണ്ടെത്തി.അപകടസാധ്യതയുള്ള കുന്നിൻപ്രദേശത്തുള്ളവരെ മാറ്റിപാർപ്പിക്കുന്നതാണ് നല്ലത്. അങ്ങനെ മാറ്റിയതിന്റെ ഫലമായി രക്ഷപ്പെട്ടവരുണ്ട്. പുത്തുമലയിൽ 17 പേർ രക്ഷപ്പെട്ടത് അവരോട് മാറിത്താമസിക്കാൻ പറഞ്ഞതിനാലാണ്. റോഡ്, കനാൽ, വീട് കെട്ടിടം എന്നിവ തകർന്നത് എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാനാകണം. താഴ്ന്ന പ്രദേശങ്ങളിലെ കക്കൂസുകൾ തകർന്നത് ശരിയാക്കാൻ മുൻകൈയെടുക്കണം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരിൽ പണം തട്ടിപ്പിനുള്ള നീക്കങ്ങൾ വിവിധ തലത്തിൽ നടക്കുന്നുണ്ട്. അത് മനസ്സിലാക്കി ശക്തമായ നടപടി സ്വീകരിക്കാനാകണം. വെബ്‌സൈറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് കൂടുതൽ പ്രചാരം കൊടുക്കും. ക്യാമ്പുകളിൽ പരാതികളില്ലാതെ ഭക്ഷണ വിതരണം നടക്കുന്നുണ്ട്. റേഷൻ വിതരണം തടസ്സപ്പെട്ടത് പുനഃസ്ഥാപിച്ചു. വൈദ്യുതി ബന്ധം തകരാറിലായ ക്യാമ്പുകളിൽ മണ്ണണ്ണ ലഭ്യമാക്കിയിട്ടുണ്ട്. 1000 കോടിയിലധികം രൂപയുടെ കൃഷിനാശമാണ് കണക്കാക്കുന്നത്. 1,13,000 കൃഷിക്കാരെ പ്രളയം ബാധിച്ചിട്ടുണ്ട്. 28,000 ഹെക്ടർ കൃഷിഭൂമിക്ക് നാശം സംഭവിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ വീടുകളിലെയും പൊതുസ്ഥാപനങ്ങളിലെയും ശുചീകരണം വേഗത്തിൽ നടക്കുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബ്ലീച്ചിങ് പൗഡറും ക്ലോറിനും ആവശ്യാനുസരണം ലഭ്യമാക്കുന്നുണ്ട്. തകരാറിലായ കുടിവെള്ള വിതരണവും വൈദ്യുതി ബന്ധവും അതിവേഗത്തിൽ പുനഃസ്ഥാപിച്ചുവരികയാണ്. മഴ കുറഞ്ഞതായി യോഗം വിലയിരുത്തിയെങ്കിലും ജാഗ്രത തുടരണമെന്നും യോഗത്തിൽ ധാരണയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP