Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കേരളീയ വിഭവങ്ങൾ ഒഴിവാക്കി റെയിൽവേയുടെ പകപോക്കൽ: മെനുവിൽ നിന്നും ഒഴിവാക്കിയ 'പുട്ട്, മുട്ടക്കറി, പൊറോട്ട'യും തിരുച്ചുവരുന്നു; ഭക്ഷണവിഭവങ്ങൾ ഒഴിവാക്കിയ നടപടി പുനഃസ്ഥാപിക്കുമെന്ന് ഐആർസിടിസി; ഭക്ഷണ നിരക്ക് ഉയർത്തിയ നടപടിയിൽ തീരുമാനം പിന്നീടെന്ന് അധികൃതർ

കേരളീയ വിഭവങ്ങൾ ഒഴിവാക്കി റെയിൽവേയുടെ പകപോക്കൽ: മെനുവിൽ നിന്നും ഒഴിവാക്കിയ 'പുട്ട്, മുട്ടക്കറി, പൊറോട്ട'യും തിരുച്ചുവരുന്നു; ഭക്ഷണവിഭവങ്ങൾ ഒഴിവാക്കിയ നടപടി പുനഃസ്ഥാപിക്കുമെന്ന് ഐആർസിടിസി; ഭക്ഷണ നിരക്ക് ഉയർത്തിയ നടപടിയിൽ തീരുമാനം പിന്നീടെന്ന് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വില ഇരട്ടിയാക്കിയതിനുപിന്നാലെയാണ് റെയിൽവേയുടെ പുതുക്കിയ ഭക്ഷ്യവിഭവ ലിസ്റ്റിൽ നിന്നും കേരളത്തിന്റെ സ്വന്തം വിഭവങ്ങളും പുറത്തായ വാർത്ത പുറത്തുവന്നത്. എന്നാൽ, ഒഴിവാക്കിയ ഭക്ഷണ വിഭവങ്ങൾ പുനഃസ്ഥാപിക്കുമെന്ന് അറിയിച്ച് ഐആർസിടിസി രംഗത്തെത്തി. ഭക്ഷണ വിഭവങ്ങൾ ഒഴിവാക്കിയതോടപ്പം മലയാളികളായ യാത്രക്കാർക്ക് മേൽ ഉത്തരേന്ത്യൻ വിഭവങ്ങൾ അടിച്ചേൽപ്പിക്കുകയുമാണ് റെയിൽവേ ചെയ്തതും. മലയാളിയുടെ ഭക്ഷണശീലത്തിന് വിരുദ്ധമായ ഭക്ഷണം അടിച്ചേൽപ്പിക്കാനുള്ള റെയിൽവേയുടെ നീക്കത്തിൽ ശക്തമായ പ്രതിഷേധം ഇതിനോടകം ഉയരുന്നുണ്ട്.

അപ്പം, മുട്ടക്കറി, ദോശ, പൊറോട്ട, ചപ്പാത്തി, പുട്ട്, കടല, പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയൻ എന്നിവയാണ് മെനുവിൽനിന്ന് പുറത്തായത്. പകരം പാനി പൂരിയും ബട്ടൂരയും പാവ്ബജിയും കിച്ചടിയും പൊങ്കലും മസാല സമൂസ എന്നിവ കഴിക്കേണ്ടിവരുമെന്നായി. പരിപ്പുവടയും ഉഴുന്നുവടയും മെനുവിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ഇതിന് രണ്ടിനും 15 രൂപ വീതമാണ് വില എന്നതും ശ്രദ്ധേയമാണ്.

ദീർഘദൂര ട്രെയിനുകളിലാണ് നിലവിൽ പാൻട്രി വിഭാഗം ഉള്ളത്. എന്നാൽ പാൻട്രിയിലെ ഭക്ഷണത്തെക്കുറിച്ച് യാത്രക്കാർക്ക് പൊതുവേ വലിയ മതിപ്പില്ല. സ്റ്റേഷനുകളിലെ കേന്ദ്രങ്ങളിൽനിന്ന് ട്രെയിനിൽ എത്തിക്കുന്ന ഭക്ഷണമാണ് യാത്രക്കാർ പൊതുവേ വാങ്ങുക. എന്നാൽ ഈ ഭക്ഷണവും ഇഷ്ടത്തിന് അനുസരിച്ച് കിട്ടാതെ വരുന്ന അവസ്ഥയാണ്. ഒപ്പം വലിയ വിലയും. വിശന്നുവലയുന്നവർ എന്തുവിലകൊടുത്തും കിട്ടുന്നത് വാങ്ങുമെന്ന റെയിൽവേയുടെ കണക്കുകൂട്ടലാണ് ഇത്തരം നടപടികൾക്കുപിന്നിലെന്നുള്ളതും ഏറെ പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നതും. യാത്രക്കാരെയും തൊഴിലാളികളെയും ബാധിക്കുന്ന റെയിൽവേയുടെ നടപടിയിൽ ശക്തമായ പ്രതിഷേധത്തിലുമാണ് റെയിൽ കാറ്ററിങ് സർവ്വീസും.

ഇത്തരം നടപടിയിലൂടെ മേഖലയിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തെ ഇത് ബാധിക്കുമെന്ന് സാരം. വില കൂട്ടുകയും വിഭവങ്ങൾ ഒഴിവാക്കുകയും ചെയ്തതോടെ കച്ചവടം വൻതോതിൽ ഇടിയും. ഇത് തൊഴിലാളികളെയും വൻ തുകയ്ക്ക് കരാറെടുത്തവരെയും ബാധിക്കുമെന്ന് ഉറപ്പാണ്. വലിയ നഷ്ടം സഹിക്കേണ്ടി വന്നാൽ അടച്ചു പൂട്ടുകയേ മാർഗമുള്ളൂ. ദിവസം 30,000 മുതൽ 40,000 രൂപവരെ വാടക നൽകിയാണ് ഭക്ഷ്യശാലകൾ മിക്കതും പ്രവർത്തിക്കുന്നത്.

2008ൽ ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്നപ്പോൾ ഇഡ്ഡലിയും ദോശയുമൊക്കെ ഒഴിവാക്കി വടാപാവ് കൊണ്ടുവന്നിരുന്നു. എന്നാൽ ഇതിനെതിരെ കാറ്ററിങ് തൊഴിലാളികൾ ശക്തമായി രംഗത്തുവന്നതോടെ സർക്കാരിന് പിൻവലിക്കേണ്ടി വന്നു. യാത്രക്കാരുടെകൂടി സഹകരണത്തോടെ ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് യൂണിയന്റെ തീരുമാനം.

അതേ സമയം, റെയിൽവേ വെജിറ്റേറിയൻ റിഫ്രഷ്‌മെന്റ് റൂമുകളിലെയും റസ്റ്ററന്റുകളിലെയും മെനുവിൽ നിന്ന് ഒഴിവാക്കിയ കേരളീയ ഭക്ഷണ വിഭവങ്ങൾ പുനഃസ്ഥാപിക്കുമെന്ന് ഐആർസിടിസി ചെയർമാനും മാനേജിങ് ഡയറക്ടർ എംപി.മാൾ ഹൈബി ഈഡൻ എംപിക്ക് ഉറപ്പു നൽകി. മെനുവിൽ നിന്നു കേരള വിഭവങ്ങൾ ഒഴിവാക്കിയതിനെകുറിച്ച് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് നടപടി.

ഭക്ഷണവില വർധിപ്പിച്ചതു പിൻവലിക്കണമെന്നും മെനുവിൽ കേരള വിഭവങ്ങൾ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഹൈബി കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനു കത്തയയ്ക്കുകയും ചെയ്തിരുന്നു. പഴംപൊരി, സുഖിയൻ, അപ്പം, ഉണ്ണിയപ്പം, നെയ്യപ്പം, പുട്ട്, മുട്ടക്കറി, പൊറോട്ട, ദോശ തുടങ്ങിയ വിഭവങ്ങളാണു റെയിൽവേ മെനുവിൽ നിന്ന് ഒഴിവാക്കിയത്. ഊണിന്റെ വില 35ൽ നിന്ന് 70 ആക്കി. കേരള വിഭവങ്ങൾ ഉൾപ്പെടുത്താൻ ഐആർസിടിസിക്കു നിർദ്ദേശം നൽകുമെന്നും വിലയുടെ കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP