Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുൽ വാക്കുപാലിച്ചു; കവളപ്പാറ ദുരന്തത്തിൽ സർവ്വതും നഷ്ടമായ കാവ്യയ്ക്കും കാർത്തികയ്ക്കും പുതിയ വീടിന്റെ താക്കോൽ കൈമാറി; രാഹുലിന്റെ കേരളാ സന്ദർശനം ഇത്തവണ ആഘോഷമില്ലാതെ

രാഹുൽ വാക്കുപാലിച്ചു; കവളപ്പാറ ദുരന്തത്തിൽ സർവ്വതും നഷ്ടമായ കാവ്യയ്ക്കും കാർത്തികയ്ക്കും പുതിയ വീടിന്റെ താക്കോൽ കൈമാറി; രാഹുലിന്റെ കേരളാ സന്ദർശനം ഇത്തവണ ആഘോഷമില്ലാതെ

ജംഷാദ് മലപ്പുറം

മലപ്പുറം: കവളപ്പാറ ദുരന്തത്തിൽ അമ്മയെയും കുടുംബത്തിലെ മറ്റു നാലുപേരെയും നഷ്ടപ്പെട്ട കാവ്യയ്ക്കും കാർത്തികയ്ക്കും പുതിയ വീടിന്റെ താക്കോൽ കൈമാറി രാഹുൽ ഗാന്ധി എംപി. ഇന്ന് മലപ്പുറം കളക്ടറേറ്റിൽ വെച്ച് നടന്ന ചടങ്ങളിലാണ് രാഹുൽ ഗാന്ധി നേരിട്ടെത്തി ഇരുകുട്ടികൾക്കും നൽകിയ വാക്കുപാലിച്ചത്.കവളപ്പാറ ദുരന്തത്തിന് ഇരയായവരെ സന്ദർശിക്കുന്നതിനിടയിൽ കാർത്തികയെയും കാവ്യയെയും രാഹുൽ ഗാന്ധി കണ്ടുമുട്ടിയിരുന്നു. ഇരുവരുടെയും ദുഃഖം മനസിലാക്കിയതോടെ പുതിയ വീട് പണിയാമെന്നു രാഹുൽ വാക്ക് നൽകുകയായിരുന്നു. ഒടുവിൽ ഇരുവർക്കും നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ് വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധി. സ്വന്തം മണ്ഡലത്തിൽ എത്തിയതിനിടെയാണ് മലപ്പുറത്തെത്തി രാഹുൽ പുതിയ വീടിന്റെ താക്കോൽ ഇരുകുട്ടികൾക്കും കൈമാറിയത്. രാഹുൽ ഗാന്ധി നിർമ്മിച്ച് നൽകാമെന്നു പറഞ്ഞ വീടു നിർമ്മിച്ചു നൽകി. വളരെ സന്തോഷം ഉണ്ട്. അദ്ദേഹത്തോട് ഒരുപാട് നന്ദിയുണ്ട്' കാവ്യയും കാർത്തികയും പറഞ്ഞു. ദുരന്തശേഷം ബന്ധുവീട്ടിൽ താമസിച്ചിരുന്ന കാവ്യയ്ക്കും കാർത്തിക്കും ഇനി മുതൽ സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. പക്ഷേ ഇത്രയും നല്ല ഒരു വീട് ലഭിച്ചപ്പോൾ അമ്മയും മറ്റു സഹോദരങ്ങളും കൂടെയില്ല എന്ന ദുഃഖം മാത്രമാണ് കാവ്യയ്ക്കും കാർത്തിക്കും ഇപ്പോൾ ഉള്ളത്.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്നാണ് കേരളത്തിലെത്തിയത്. രാവിലെ പതിനൊന്നരയ്ക്കാണ് രാഹുൽ ഗാന്ധി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. കരിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ യുഡിഎഫ് നേതാക്കൾ സ്വീകരിച്ചു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ,ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിലയിരുത്തലുകളും ചർച്ചക്കളുമാണ് സന്ദർശനം കൊണ്ട് അദ്ദേഹം ലക്ഷ്യമിടുന്നത്.

കരിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ,കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,യുഡിഎഫ് കൺവീനർ എംഎം ഹസൻ,കെപിസിസി ഉപാധ്യക്ഷൻ ടി.സിദ്ദിഖ് , എംപിമാരായ എം കെ രാഘവൻ, പികെ കുഞ്ഞാലികുട്ടി, മലപ്പുറം ഡിസിസി അധ്യക്ഷൻ വിവി പ്രകാശ് ,യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ബിവി ശ്രീനിവാസ്, സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ തുടങ്ങിയ നേതാക്കൾ ചേർന്ന് സ്വീകരിച്ചു.

ഈ മാസം 19, 20, 21 തീയതികളിലാണ് വയനാട് പാർലമെന്റ് മണ്ഡലത്തിലെ അദ്ദേഹത്തിന്റെ പരിപാടികൾ. കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക സ്വീകരണ പരിപാടികളൊന്നും ഒരുക്കിയിട്ടില്ല.11.30-ന് കരിപ്പൂരിൽ നിന്ന് റോഡ് മാർഗ്ഗം രാഹുൽ ഗാന്ധി 12.15-ന് മലപ്പുറം കളക്ടറേറ്റിൽ എത്തിച്ചേർന്നു.12.45 മുതൽ 1.30 വരെ കളക്ടറേറ്റിൽ കോവിഡ് അവലോകന യോഗത്തിൽ പങ്കെടുത്തു..ഉച്ചയ്ക്ക് 1.30-ന് കവളപ്പാറ ദുരന്തത്തിൽ കുടുംബാംഗങ്ങൾ നഷ്ടപ്പെട്ട കാവ്യയ്ക്കും കാർത്തികയ്ക്കും നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം കളക്ടറേറ്റിൽ വച്ച് നിർവഹിച്ചു. ഉച്ചയ്ക്ക് 2 മണിയോടെ വയനാട്ടിലേക്ക് തിരിച്ചു. നിവേദനങ്ങൾ സ്വീകരിക്കുന്നതും സന്ദർശകരെ അനുവദിക്കുന്നതും പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മാത്രമായിരുന്നു. മറ്റു പൊതു പരിപാടികളിലൊന്നും അദ്ദേഹം പങ്കെടുത്തില്ല. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും യുഡിഎഫ് നേതാക്കൾ അഭ്യർത്ഥിച്ചിരുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം നൽകുമെന്ന് രാഹുൽ

മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് രാഹുൽഗാന്ധി എംപി അറിയിച്ചു. കലക്ടറേറ്റിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെയും വയനാട് മണ്ഡലത്തിലെയും കോവിഡ് പ്രതിരോധപ്രവർത്തന അവലോകന യോഗത്തിലാണ് അറിയിച്ചത്. ജില്ലയിലെ കോവിഡ് വ്യാപന തോത്, ചികിത്സാ സൗകര്യങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തരമായി ഒരുക്കേണ്ട സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. കോവിഡ് സംബന്ധിച്ച റിപ്പോർട്ട് ജില്ലാകലക്ടർ കെ.ഗോപാലകൃഷ്ണൻ അവതരിപ്പിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധ ചികിത്സാ പ്രവർത്തനങ്ങളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.

യോഗത്തിൽ പി. ഉബൈദുള്ള എംഎ‍ൽഎ അധ്യക്ഷനായി. കെ.സി വേണുഗോപാൽ എംപി, എംഎ‍ൽഎമാരായ എ.പി അനിൽ കുമാർ, ഷാഫി പറമ്പിൽ, എ.ഡി.എം എൻ.എം മെഹറലി, സബ് കലക്ടർ കെ.എസ് അഞ്ജു, അസിസ്റ്റന്റ് കലക്ടർ എ. വിഷ്ണുരാജ്, ഡെപ്യൂട്ടി കലക്ടർ (ഡിസാസ്റ്റർ) പി.എൻ പുരുഷോത്തമൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ മുഹമ്മദ് ഇസ്മയിൽ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ.ഷിബുലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP