Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

രാത്രിയാത്രാ നിരോധന വിഷയം കൈകാര്യം ചെയ്യാൻ രാജ്യത്തെ ഏറ്റവും പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിക്കുമെന്ന് രാഹുൽഗാന്ധി; എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നായി നിൽക്കുന്ന വിഷയത്തിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒഴിവാക്കപ്പെടേണ്ടതാണ്; പ്രശ്‌നം കാര്യക്ഷമമായി പരിഹരിക്കണമെന്നും വയനാട് എംപി

രാത്രിയാത്രാ നിരോധന വിഷയം കൈകാര്യം ചെയ്യാൻ രാജ്യത്തെ ഏറ്റവും പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിക്കുമെന്ന് രാഹുൽഗാന്ധി; എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നായി നിൽക്കുന്ന വിഷയത്തിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒഴിവാക്കപ്പെടേണ്ടതാണ്; പ്രശ്‌നം കാര്യക്ഷമമായി പരിഹരിക്കണമെന്നും വയനാട് എംപി

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധന വിഷയം നിയമപരമായി കൈകാര്യം ചെയ്യാൻ രാജ്യത്തെ ഏറ്റവും പ്രഗത്ഭനായ അഭിഭാഷകനെ തന്നെ നിയോഗിക്കുമെന്ന് രാഹുൽഗാന്ധി. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരേ നിലപാടുള്ള ഈ വിഷയത്തിൽ ബുദ്ധിപരമായി ഇടപെട്ട് നടപടി സ്വീകരിക്കുമെന്നും വയനാട് എംപി പറഞ്ഞു. ദേശീയപാതയിലെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നാവശ്യപ്പെട്ട് വയനാട്ടിലെ ബത്തേരിയിൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന യുവജനസംഘടനാ പ്രതിനിധികളെ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്ന ദിവസമാണ് രാഹുൽ ഗാന്ധി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപന്തലിലെത്തിയത്.

'എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ ഒന്നായി ചേർന്നിരിക്കുകയാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം ഈ വിഷയത്തിലില്ല. ഈ പ്രശ്നം കാര്യക്ഷമമായി പരിഹരിക്കണം. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒഴിവാക്കപ്പെടേണ്ടതാണ്. രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ ഇത് സാധ്യമായിട്ടുണ്ട്. അതിവിടെയും സംഭവിക്കേണ്ടതുണ്ട്. വയനാട്ടിലെ ജനങ്ങളോട് അനുഭാവപൂർവ്വമായ ഇടപെടൽ ആവശ്യമാണ്' പാർട്ടിയുടെ നിയമവിദഗ്ധരുമായി സംസാരിച്ചിട്ടുണ്ട്. ആവശ്യമായ ഇടപെടൽ വേണമെന്ന് പറഞ്ഞിട്ടുണ്ട്. ഈ രാജ്യത്തേറ്റവും പ്രഗത്ഭനായ അഭിഭാഷകനെ ഈ വിഷയം കൈകാര്യം ചെയ്യാൻ നിയോഗിക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു. വിഷയം പാർലമെന്റിൽ ഉന്നയിച്ച് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. മുഖ്യമന്ത്രി ഈ വിഷയത്തിൽ വയനാട്ടിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധിക്കൊപ്പം കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും സമരപന്തലിലെത്തിയിരുന്നു. രാത്രിയാത്രാനിരോധനം പിൻവലിക്കുക, പാത പൂർണമായി അടച്ചിടാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ വിഷയങ്ങളുന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭാകൗൺസിലറുമായ റിനു ജോൺ, ഡിവൈഎഫ്ഐ. ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ഫെബിൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, വ്യാപാരി-വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ബത്തേരി യൂണിറ്റ് പ്രസിഡന്റ് പി. സംഷാദ് എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്.
യാത്രനിരോധനത്തിനെതിരെ ബത്തേരിയിൽ യുവജന സംഘടനകൾ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് നിരത്തിലിറങ്ങി പ്രതിഷേധിച്ചത്. വയനാട് കണ്ട വിദ്യാർത്ഥികളുടെ ഏറ്റവും വലിയ റാലിയായിരുന്നു സമരത്തിന്റെ ഭാഗമായി നടന്നത്.

അതേസമയം, ഒക്ടോബർ 14ന് രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കവെ കർണാടകയുടെയും കേന്ദ്രവനം വകുപ്പിന്റെയും സത്യവാങ്മൂലം വളരെ നിർണ്ണായകമാണ്. റോഡിന് ബദൽപാതയില്ലെന്നും ജനവികാരത്തിന് അനുസൃതമായ സത്യവാങ്മൂലം കേന്ദ്ര മന്ത്രാലയങ്ങൾ കോടതിയിൽ നൽകണമെന്നുമാണ് സമരക്കാരുടെ ആവശ്യം.സമരം ചെയ്യുന്നവരുടെ ആരോഗ്യം വഷളായിത്തുടങ്ങിയിട്ടുണ്ട്. നിരാഹാരമനുഷ്ഠിക്കുന്നവർക്ക് പിന്തുണയുമായി യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അസീസ് വേങ്ങൂർ അഞ്ചുദിവസമായി ഉപവാസം അനുഷ്ഠിച്ചുവരുകയാണ്. സമരത്തിനോട് അനുഭാവം പ്രകടിപ്പിച്ച് വിവിധ സംഘടനകളും വ്യക്തികളുമെല്ലാം സമരപ്പന്തലിൽ ഏകദിന ഉപവാസം അനുഷ്ഠിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP