Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'വയനാട്ടിൽ രാഹുൽ മത്സരിക്കാൻ തയാറായത് പരാജയ ഭീതിമൂലം; ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് തുടച്ച് നീക്കപ്പെടുമെന്ന് ഉറപ്പായി'; തോൽക്കുമോ എന്ന ഭയമാണ് കോൺഗ്രസിനെന്നും അതിനാലാണ് ബിജെപിയുമായി നേർക്ക് നേരെ പോരാടുന്ന സ്ഥലങ്ങൾ ഒഴിവാക്കി വയനാട് തിരഞ്ഞെടുത്തതെന്നും കുമ്മനം; പ്രധാനമന്ത്രി സ്ഥാനാർത്ഥി മത്സരിക്കാൻ എത്തിയ സ്ഥിതിക്ക് ഇടത് സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്നും ആവശ്യം

'വയനാട്ടിൽ രാഹുൽ മത്സരിക്കാൻ തയാറായത് പരാജയ ഭീതിമൂലം; ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് തുടച്ച് നീക്കപ്പെടുമെന്ന് ഉറപ്പായി'; തോൽക്കുമോ എന്ന ഭയമാണ് കോൺഗ്രസിനെന്നും അതിനാലാണ് ബിജെപിയുമായി നേർക്ക് നേരെ പോരാടുന്ന സ്ഥലങ്ങൾ ഒഴിവാക്കി വയനാട് തിരഞ്ഞെടുത്തതെന്നും കുമ്മനം; പ്രധാനമന്ത്രി സ്ഥാനാർത്ഥി മത്സരിക്കാൻ എത്തിയ സ്ഥിതിക്ക് ഇടത് സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്നും ആവശ്യം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ കേരളത്തിൽ സീറ്റ് സംബന്ധിച്ചുള്ള അനിശ്ചിതാവസ്ഥ പല പാർട്ടികൾക്കും മാറി വരുന്ന അവസരത്തിലായിരുന്നു വയാനാട് ടി. സിദ്ദീഖ് മത്സരിക്കുമെന്ന തീരുമാനത്തിന് പെട്ടന്ന മാറ്റമുണ്ടാകുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന വാർത്ത പുറത്ത് വരുന്നതിനൊപ്പം തന്നെ കോൺഗ്രസിന് ആത്മവിശ്വാസം ഇല്ലാത്തത് മൂലമാണ് രാഹുൽ വയനാട്ടിൽ മത്സരിക്കാൻ എത്തുന്നത് എന്നതടക്കമുള്ള ആരോപണം നിലനിൽക്കുകയാണ്. 

ഈ അവസരത്തിലാണ് പരാജയ ഭീതിമൂലമാണ് കോൺഗ്രസ് ഇത്തരമൊരു തീരുമാനമെടുത്തത് എന്നാണ് മിസോറാം മുൻ ഗവർണറും തിരുവനന്തപുരത്തെ ബിജെപി സ്ഥനാർത്ഥിയുമായ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടത്. 'വയനാട്ടിൽ രാഹുൽ മത്സരിക്കാൻ തീരുമാനിച്ചത് തോൽക്കുമോ എന്ന ഭയം മൂലമാണ്. ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് തുടച്ച് നീക്കപ്പെടുമെന്ന് ഉറപ്പായി. അതു കൊണ്ടാണ് ബിജെപിയുമായി നേർക്ക് നേർ പോരാടുന്ന സ്ഥലങ്ങൾ ഒഴിവാക്കി വയനാട് തെരെഞ്ഞെടുത്തത്'- കുമ്മനം പറയുന്നു.

രാഹുലിന് അമേഠി പിടിക്കാൻ സാധിക്കില്ലെന്നും അവിടെ അടിതെറ്റുമെന്ന് ഉറപ്പായതിന് പിന്നാലെ സുരക്ഷിതമായ മണ്ഡലം തേടിയാണ് അദ്ദേഹം കേരളത്തിലെത്തിയതെന്നും കുമ്മനം പറയുന്നു. സിപിഎം പ്രവർത്തകരുടെ ഉറപ്പ് ലഭിച്ചതിന് പിന്നാലെയാണ് രാഹുൽ കേരളം തിരഞ്ഞെടുത്തത്. രാഹുൽ എത്തിയതോടെ കേരളത്തിലെ സിപിഎം സനാഥരായിരിക്കുകയാണ്. പ്രധാനമന്ത്രി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ ഇടത് പ്രവർത്തകർക്ക് അവസരം കൈവന്നിരിക്കുകയാണ്. സ്വന്തം പ്രധാനമന്ത്രി സ്ഥാനാർത്ഥി മത്സരിക്കാൻ എത്തിയ സ്ഥിതിക്ക് ഇടത് മുന്നണി സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുൻപ് അമേഠിയിൽ മാത്രമായിരുന്നു രാഹുൽ മത്സരിച്ചിരുന്നത്. എന്നാൽ കേന്ദ്ര മന്ത്രിയായ സ്മൃതി ഇറാനി അമേഠിയിൽ അതിശക്തമായ മത്സരത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ കൂടെ രാഹുൽ മത്സരിക്കുന്നത്. രാഹുലിനായി സുരക്ഷിത സീറ്റ് കണ്ടെത്താനുള്ള ചുമതല കെസിക്കുണ്ടായിരുന്നു. വയനാട് അതിസുരക്ഷിതമാണെന്ന് രാഹുലിനെ കെസി അറിയിച്ചു. കണക്കുകൾ നിരത്തി ബോധ്യപ്പെടുത്തി. വയനാട്ടിൽ പോകാതെ തന്നെ ജയിക്കാമെന്നും അറിയിച്ചു. ഇതും രാഹുലിന് ബോധ്യപ്പെട്ടു.

ദക്ഷിണേന്ത്യയിൽ കോൺഗ്രസ് തരംഗം ആഞ്ഞടിക്കാൻ കൂടി ഇതിലൂടെ കഴിയുമെന്ന് കെസി രാഹുലിനെ ബോധ്യപ്പെടുത്തി. ഇതോടെ വയനാട് രാഹുൽ സ്ഥാനാർത്ഥിയാകുന്നു. അങ്ങനെ വയനാട് നിന്ന് ടി സിദ്ദിഖിനെ പുറത്താക്കുകയാണ് കെസിയും രമേശ് ചെന്നിത്തലയും. വയനാട്ടിൽ സിദ്ദിഖിനെ മാത്രമേ അംഗീകരിക്കൂവെന്ന പറഞ്ഞ ഉമ്മൻ ചാണ്ടിയും രാഹുലിന്റെ വരവോടെ വെട്ടിലാവുകയാണ്. കെസിയും ചെന്നിത്തലയും കളിച്ച കളിയിലും നിരാശരനാകാതെ രാഹുലിന് വേണ്ടി പ്രവർത്തിക്കാൻ സിദ്ദിഖിനെ സജ്ജമാക്കുകയാണ് ഉമ്മൻ ചാണ്ടി.

ചാലക്കുടിയിൽ ബെന്നി ബെഹന്നാനും പത്തനംതിട്ടയിൽ ആന്റോ ആന്റണിക്കും സീറ്റുറപ്പിച്ച ഉമ്മൻ ചാണ്ടി വടകരയിൽ കെ മുരളീധരനേയും കാസർഗോട്ട് രാജ്‌മോഹൻ ഉണ്ണിത്താനേയും കൊണ്ടു വന്ന് ഗ്രൂപ്പ് കളികളിൽ താരമായിരുന്നു. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് എന്ന ശിഷ്യനും സീറ്റുറപ്പിച്ചു. എന്നാൽ രമേശ് ചെന്നിത്തലയുടെ അതിവിശ്വസ്തനായ ജോസഫ് വാഴയ്ക്കന് പോലും സീറ്റ് ലഭിച്ചില്ല. ഇത് ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനും ക്ഷീണമായി. ദേശീയ തലത്തിൽ ഐ ഗ്രൂപ്പിൽ നിന്നുള്ള കെസി വേണുഗോപാലുണ്ടായിട്ടും ഇത് സംഭവിച്ചത് വിശാല ഐയ്ക്ക് മുഴുവൻ നാണക്കേടുമായി. എന്നാൽ വടകരയിലും വയനാട്ടിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ കെസി പിടിച്ചു വച്ചു.

ഇതിന് ശേഷം രാഹുലിനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. വയനാട്ടിലെ സുരക്ഷിത സ്ഥാനാർത്ഥിയായി രാഹുലിനെ കെസി കൊണ്ടു വന്നു. ഇതോടെ ഗ്രൂപ്പ് സമവാക്യങ്ങളിൽ ചെന്നിത്തലയും കെസിയും നേട്ടമുണ്ടാക്കുകയാണ്. രാഹുൽ എത്തുമ്പോൾ യുഡിഎഫിന്റെ എല്ലാ സ്ഥാനാർത്ഥികളും ആവേശത്തിലാണ്. മലബാറിലെ എല്ലാ സീറ്റുകളും ജയിക്കുമെന്ന ആത്മവിശ്വാസം അവർക്കുണ്ട്. ആലത്തൂരിൽ പോലും അട്ടിമറി വിജയം രമ്യാ ഹരിദാസ് നേടുമെന്ന അവസ്ഥ വന്നു.

കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി എന്നിവിടങ്ങളിൽ രാഹുലിന്റെ സാന്നിധ്യം ഗുണകരമാകും. കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി വയനാട് മത്സരിക്കുമ്പോൾ തിരുവനന്തപുരവും പത്തനംതിട്ടയും അടക്കം ത്രികോണ മത്സരചൂട് അനുഭവിക്കുന്ന മണ്ഡലങ്ങളിലും കോൺഗ്രസിന് മുൻതൂക്കം ലഭിക്കും.

രാഹുലിന് വഴിമാറുന്നത് അംഗീകാരമെന്ന് സിദ്ദീഖ്

വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കായി വഴിമാറുന്നത് അംഗീകാരമെന്ന് ടി സിദ്ദിഖ് വ്യക്തമാക്കി. രാഹുലിന്റെ വരവ് വയനാട് ജനങ്ങൾ പുത്തൻ ഉണർവേകും. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പിൽ വിശ്വസ്ത പ്രചാരകനായി മുന്നോട്ട് പോകും. ഇന്ന് വൈകിട്ട് മുക്കത്ത് നടക്കുന്ന കൺവെൻഷൻ അതുപോലെ നടക്കും. ഈ രാജ്യത്തിന് പ്രധാനമന്ത്രിയെ കൊടുക്കാൻ കിട്ടുന്ന സുവർണാവസരമാണ് ഇതെന്നും സിദ്ദിഖ് വ്യക്തമാക്കി. 

അദ്ധ്യക്ഷന്റെ സ്ഥാനാർത്ഥിത്വം കേരളത്തിലും ദക്ഷിണേന്ത്യയും ശക്തമായ അലയൊലികൾ ഉണ്ടാക്കും. മോദി ഭരണത്തെ താഴെയിറക്കാനുള്ള വലിയ പോരാട്ടമാണ് ഇത്. സിപിഎം എതിർസ്ഥാനാർത്ഥിയെ പിൻവലിക്കുമോ.? എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ രാഹുൽ ഗാന്ധി വിജയിക്കും.

രാഹുൽ ഗാന്ധി വരുന്നതോടെ ഏറ്റവും വലിയ ഭാഗ്യവാൻ ഞാനാകും. പിന്മാറ്റത്തിൽ ഒരു ഉപാധിയും വച്ചിട്ടില്ല. എല്ലാ സാഹചര്യങ്ങളും അനുകൂലം. വയനാട് അനുഗ്രഹീതമായ മണ്ഡലമായി മാറി കഴിഞ്ഞു. സ്ഥാനാർത്ഥിത്വ ആവശ്യം അങ്ങോട്ട് ആവശ്യപ്പെട്ടത് ഞങ്ങൾ. ആ ഉദ്യമത്തിന് നേതൃത്വം കൊടുക്കുന്നതിനേക്കാൾ വലിയ സന്തോഷം ഇല്ല. സ്ഥാനാർത്ഥി ആയതിനേക്കാൾ സന്തോഷം പിന്മാറുമ്പോഴെന്നും സിദ്ദിഖ്. ഒരു കോൺഗ്രസ് പ്രവർത്തകന് ലഭിക്കേണ്ട ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്നും കോൺഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP