Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാഗിങിനെ തുടർന്ന് മൂന്നുമാസത്തിനകം നഴ്‌സിങ് പഠനം ഉപേക്ഷിച്ചു; ചേർന്നപ്പോൾ തന്നെ ഒരുവർഷത്തെ ഫീസായ ഒന്നര ലക്ഷത്തോളം രൂപ അടച്ചു; തുടർ പഠനത്തിനായി സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും ആവശ്യപ്പെട്ടപ്പോൾ നാലുവർഷത്തെ മുഴുവൻ ഫീസ് നൽകണമെന്ന് ഭീഷണി; നൽകേണ്ടത് അഞ്ചു ലക്ഷത്തോളം രൂപ; തമിഴ്‌നാട് പേരമ്പല്ലൂരിലെ ശ്രീനിവാസൻ കോളേജ് നടപടിയിൽ നട്ടംതിരിഞ്ഞ് വിദ്യാർത്ഥിനി

റാഗിങിനെ തുടർന്ന് മൂന്നുമാസത്തിനകം നഴ്‌സിങ് പഠനം ഉപേക്ഷിച്ചു; ചേർന്നപ്പോൾ തന്നെ ഒരുവർഷത്തെ ഫീസായ ഒന്നര ലക്ഷത്തോളം രൂപ അടച്ചു; തുടർ പഠനത്തിനായി സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും ആവശ്യപ്പെട്ടപ്പോൾ നാലുവർഷത്തെ മുഴുവൻ ഫീസ് നൽകണമെന്ന് ഭീഷണി; നൽകേണ്ടത് അഞ്ചു ലക്ഷത്തോളം രൂപ; തമിഴ്‌നാട് പേരമ്പല്ലൂരിലെ ശ്രീനിവാസൻ കോളേജ് നടപടിയിൽ നട്ടംതിരിഞ്ഞ് വിദ്യാർത്ഥിനി

കെ വി നിരഞ്ജൻ

കോഴിക്കോട്: ഏറെ പ്രതീക്ഷയോടെയായിരുന്നു ആതിര നഴ്സിങ് പഠനത്തിനായി തമിഴ്‌നാട് പേരമ്പല്ലൂരിലെ ശ്രീനിവാസൻ കോളെജ് ഓഫ് നഴ്സിങ് എന്ന സ്ഥാപനത്തിൽ ചേരുന്നത്. എന്നാൽ കോളെജ് ഹോസ്റ്റലിലെ റാഗിംങ്ങിനെ തുടർന്ന് മൂന്നു മാസത്തിനികം പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഒരു വർഷത്തെ ഫീസായ ഒന്നര ലക്ഷത്തോളം രൂപ കോഴ്സിന് ചേരുമ്പോൾ തന്നെ അടച്ചിരുന്നു.അതേസമയം തന്റെ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും മടക്കി ചോദിച്ചപ്പോൾ നാലു വർഷത്തെ കോഴ്സിന്റെ മൊത്തം ഫീസായ അഞ്ചു ലക്ഷം രൂപ മുഴുവനായി അടച്ചാൽ മാത്രമെ അവ നൽകാൻ കഴിയൂ എന്ന നിലപാടിലാണ് കോളെജ് അധികൃതർ.

ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ സ്ഥിതിയിലാണ് ആതിരയും കുടുംബവും. കോഴിക്കോട് ചേളന്നൂർ പാലക്കോട്ടുതാഴം ഹരിവൽത്തിൽ പി ഷാജിയുടെയും കെഎം ജിവിഷയുടെയും മകളാണ് ആതിര. 2017-18 അധ്യയന വർഷത്തിലാണ് ആതിര തമിഴ്‌നാട്ടിലെ പേരമ്പല്ലൂരിലെ ശ്രീനിവാസൻ കോളേജ് ഓഫ് നഴ്സിങിൽ പ്രവേശനം നേടിയത്. മാനസികമായി ഏറെ തകർന്നതിനെത്തുടർന്നാണ് മറ്റ് വഴികളില്ലാതെ ആതിര പഠനം ഉപേക്ഷിച്ച് കോഴിക്കോട്ടേക്ക് മടങ്ങിയത്.

അത്രയ്ക്കും ക്രൂരമായ തരത്തിലായിരുന്നു റാഗിങ്. കോളെജ് അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഇതെല്ലാം സാധാരണ സംഭവങ്ങൾ മാത്രമല്ലെ എന്നായിരുന്നു മറുപടിയെന്ന് ആതിര പറയുന്നു. അടച്ച ഒന്നരലക്ഷം അവരെടുത്തോട്ടെ .. പക്ഷെ എന്റെ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമില്ലാതെ ഞാനിനി എന്തു ചെയ്യും. തന്റെ മുന്നോട്ടുള്ള വഴി തന്നെയാണ് കോളെജ് അധികൃതർ അടയ്ക്കുന്നതെന്നും വേദനയോടെ ആതിര വ്യക്തമാക്കുന്നു.

ആതിരയുടെ അച്ഛൻ ഷാജി ഇന്റസ്ട്രിയൽ ജോലിക്കാരനാണ്. ഇദ്ദേഹത്തിന്റെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. ഇതിനിടയിലാണ് ഏത് വിധേനയും പ്രയാസപ്പെട്ടെങ്കിലും മകളുടെ പഠനത്തിന് വഴി നോക്കുന്നത്. അച്ഛന്റെ അവസ്ഥ അറിയാവുന്നതുകൊണ്ട് തന്നെ റാഗിങും മാനസിക പീഡനങ്ങളും സഹിച്ച് അവിടെ തന്നെ തുടരാനാണ് നോക്കിയതെന്ന് ആതിര പറയുന്നു. പക്ഷെ തീരെ സഹിക്കാൻ വയ്യാതായതോടെ അവിടെ നിന്നും മടങ്ങേണ്ടിവന്നു. മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ തന്നെയാണ് റാഗിങിന് നേതൃത്വം നൽകുന്നത്. പഠിക്കാൻ സമ്മതിക്കില്ല. പഠിക്കുന്ന നേരം അവർ വന്ന് ലൈറ്റ് ഓഫ് ചെയ്യും.

ബിയറും മറ്റും റൂമിൽ കൊണ്ടുവന്നാണ് കഴിക്കുക. ഇതിവിടെ പറ്റില്ലെന്ന് പറഞ്ഞാൽ പിന്നെ പ്രശ്നമാകും. ഗത്യന്തരമില്ലാതെ താൻ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ അവരെല്ലാം ചേർന്ന് മുറിയിൽ പൂട്ടിയിടുകപോലും ചെയ്തു. ദേഹോപദ്രവം തുടങ്ങിയപ്പോൾ കോളെജ് അധികൃതരോട് വിവരം പറഞ്ഞു. അപ്പോൾ ഇതൊക്കെ ഇവിടെ പതിവാണെന്നായിരുന്നു മറുപടി. യാതൊരു നടപടിയും ഇക്കാര്യത്തിൽ അവർ സ്വീകരിച്ചില്ല. ഒടുവിൽ പഠനം തുടങ്ങി മൂന്നു മാസം ആകുമ്പോഴേക്കും അവിടെ നിന്നും രക്ഷപ്പെട്ട് നാട്ടിലേക്ക് പോരുകയായിരുന്നു. കോളെജ് അധികൃതർ എന്തെങ്കിലും നടപടി സ്വീകരിച്ചിരുന്നെങ്കിൽ തനിക്കവിടെ തുടരാമായിരുന്നു.

അവരത് ചെയ്തില്ല. അതുകൊണ്ട് തന്നെ പഠനം നിർത്തി പോരാൻ അവരും കാരണക്കാരാണ്. എന്നാൽ സർട്ടിഫിക്കറ്റുകൾ തരാതെ ബുദ്ധിമുട്ടിക്കുകയാണ് അവരിപ്പോൾ. പല തവണ കോളെജിൽ പോയി സർട്ടിഫിക്കറ്റിന് ആവശ്യപ്പെട്ടു. എന്നാൽ യാതൊരു അനുകൂല പ്രതികരണവും ഉണ്ടായില്ല. മറ്റ് വഴികളില്ലാതെ വന്നപ്പോഴാണ് കലക്ടർ മുഖാന്തിരം വക്കീൽ നോട്ടീസ് അയച്ചത്. നോട്ടീസ് അയച്ചതുകൊണ്ട് ഇനി നിയമപരമായി മുന്നോട് പോകാം എന്നാണ് അവരിപ്പോൾ പറയുന്നതെന്നും ആതിര പറയുന്നു.

തമിഴ്‌നാട് പൊലീസിലും കേരള മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെല്ലാം പരാതി നൽകിയിട്ടുണ്ട്. സംഭവം നടന്നത് തമിഴ്‌നാട്ടിലായതുകൊണ്ട് എന്തെങ്കിലും ചെയ്യുന്നതിലുള്ള പ്രയാസമാണ് പലരും പങ്കുവെക്കുന്നത്. തമിഴ്‌നാട്ടിൽ പോയി കേസ് നടത്താനുള്ള സാമ്പത്തിക ശേഷി തങ്ങൾക്കില്ലെന്ന് ആതിര വ്യക്തമാക്കുന്നു. സർട്ടിഫിക്കറ്റുകൾ കിട്ടിയിരുന്നെങ്കിൽ ഇവിടെ പഠനം തുടരാമായിരുന്നു. എന്നാൽ കോളെജ് അധികൃതരുടെ നിലപാട് കാരണം അതൊന്നും സാധിക്കാത്ത അവസ്ഥയിലാണ് ഈ പെൺകുട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP