Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിഷയുടെ മരണത്തിന് ഉത്തരവാദികൾ സർക്കാർ തന്നെ; നിർഭയ കേരളം പദ്ധതി അഞ്ചു മാസത്തിനുള്ളിൽ നിർത്തിയില്ലായിരുന്നെങ്കിൽ ജിഷയും ജീവിച്ചിരുന്നേനെ: രൂക്ഷവിമർശനവുമായി എഡിജിപി ആർ ശ്രീലേഖ

ജിഷയുടെ മരണത്തിന് ഉത്തരവാദികൾ സർക്കാർ തന്നെ; നിർഭയ കേരളം പദ്ധതി അഞ്ചു മാസത്തിനുള്ളിൽ നിർത്തിയില്ലായിരുന്നെങ്കിൽ ജിഷയും ജീവിച്ചിരുന്നേനെ: രൂക്ഷവിമർശനവുമായി എഡിജിപി ആർ ശ്രീലേഖ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഡിജിപി ആർ ശ്രീലേഖ രംഗത്ത്. ജിഷയുടെ മരണത്തിന്റെ ഉത്തരവാദിത്വം സർക്കാരിനാണെന്ന് ആർ ശ്രീലേഖ കുറ്റപ്പെടുത്തി.

സ്ത്രീ സുരക്ഷയ്ക്കായി തയ്യാറാക്കിയ നിർഭയ കേരളം പദ്ധതി അഞ്ചു മാസത്തിനുള്ളിൽ കുഴിച്ചുമൂടിയില്ലായിരുന്നെങ്കിൽ ജിഷയും ഇപ്പോൾ ജീവിച്ചിരുന്നേനെയെന്നു ശ്രീലേഖ ബ്ലോഗിൽ കുറിച്ചു.

2014ൽ നിർഭയ കേരളം സുരക്ഷിത കേരളം പദ്ധതിയെക്കുറിച്ച് താൻ എഴുതിയത് അഭിമാനത്തോടെയായിരുന്നുവെന്നും ബ്ലോഗിൽ ശ്രീലേഖ എഴുതി. താൻ ഏറെ ആഗ്രഹിച്ച ദൗത്യം തനിക്കു കിട്ടിയതിൽ ഏറെ സന്തോഷം തോന്നിയിരുന്നു. 72 മണിക്കൂർ സമയം ചെലവിട്ടാണ് താൻ പദ്ധതിരേഖ തയാറാക്കിയത്. അതേ പദ്ധതിയുടെ മരണവും താൻ നേരിൽ കണ്ടു. ഇതൊക്കെ പറയേണ്ടിവന്നതിൽ തനിക്കു ദുഃഖമുണ്ട്. ഈ പദ്ധതി ജീവിച്ചിരുന്നെങ്കിൽ ജിഷയും ജീവിച്ചിരുന്നേനെ.

2015 ഫെബ്രുവരിയിൽ ആഘോഷമായി എറണാകുളത്തുവച്ചു പദ്ധതി ഉദ്ഘാടനം ചെയ്തു. അതിനുപിന്നാലെ, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ എഡിജിപിയായിരുന്ന തന്നെ നിർഭയകേരളം സുരക്ഷിത കേരളം പദ്ധതിയിലേക്കു മാറ്റിയപ്പോൾ ചില റെയ്ഡുകൾ നടത്താനും ചില കേസുകൾ രജിസ്റ്റർ ചെയ്യാനും മാത്രമേ കഴിയൂ എന്നു കരുതിയില്ല. തന്റെ പരിചയസമ്പത്തും വൈദഗ്ധ്യവും പദ്ധതിയെ വിജയിപ്പിക്കാൻ ഉപയോഗിക്കാമെന്ന മണ്ടത്തരം വിശ്വസിച്ചു. തന്നെ മാത്രമായിരുന്നു പദ്ധതിയിലേക്കു നിയോഗിച്ചത്. പദ്ധതി നടത്തിപ്പിനാവശ്യമായ മറ്റുള്ളരെ നിയമിക്കാനും ഇരിക്കാനൊരു മുറിക്കുമായി ഏറെ കാത്തിരുന്നു. ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ പൊലീസ് ആസ്ഥാനത്ത് ഒരു മുറി ലഭിച്ചു. ഇംഗ്ലീഷിൽ ഒരു വാക്കുപോലും ടൈപ്പ് ചെയ്യാനറിയാത്ത ഒരു കോൺഫിഡെൻഷ്യൽ അസിസ്റ്റന്റിനെയും അനുവദിച്ചു തന്നു. മന്ത്രി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവരുമായി പിന്നീടു നടത്തിയ നിരന്തര കൂടിക്കാഴ്ചകളും അവർ നൽകിയ ഉറപ്പുകളും തന്നെ വീണ്ടും പ്രതീക്ഷയിലാക്കി. നിയമനങ്ങളുമായും പരിശീലനമായും അപകടകരമായ മേഖലകളുടെ ക്രൈം മാപ്പിംഗുമായും മുന്നോട്ടു പോകാൻ തന്നോട് ആവശ്യപ്പെട്ടു. ചെലവുകൾ മടക്കി നൽകാമെന്ന് ഉറപ്പു നൽകി.

അതുകൊണ്ട്, സ്ത്രീകൾക്കു സുരക്ഷ പ്രധാനം ചെയ്യുന്ന പദ്ധതിയെക്കുറിച്ചു സംസാരിക്കാൻ എല്ലാ ജില്ലകളിൽനിന്നുമുള്ള നിവധി സ്ത്രീകളെ വിളിച്ചു ചേർത്തും ശ്രമങ്ങളുമായി മുന്നോട്ടു പോയി. ഓരോ ജില്ലകളിലും 100 സ്ത്രീകൾക്കു പരിശീലനം നൽകാനും മറ്റുള്ള സ്ത്രീകളെ പരിശീലിപ്പിക്കാൻ അവരെ പ്രാപ്തരാക്കാനും തീരുമാനിച്ചു. അവർക്ക് തിരിച്ചറിയൽകാർഡ്, സിം കാർഡ്, ബാഡ്ജ്, ഡ്യൂട്ടിയിലായിരിക്കുമ്പോൾ ധരിക്കാൻ ഓവർക്കോട്ട്, നിയമവശങ്ങളെക്കുറിച്ചും പൊലീസും സാമൂഹിക ക്ഷേമ വകുപ്പുമായും ബന്ധപ്പെടാനുള്ള വഴികാട്ടിയാകുന്ന നിർദ്ദേശങ്ങളടങ്ങിയ കിറ്റ്, യാത്രാക്കൂലി, ഇരകളെ സഹായിക്കാൻ പണം, പ്രതിഫലം എന്നിവ നൽകാമെന്ന് ഇവർക്ക് ഇറപ്പു നൽകി. ഇതിനായി 77 ലക്ഷത്തിന്റെ പദ്ധതിച്ചെലവുരേഖ പൊലീസ് വകുപ്പിന് സമർപ്പിക്കുകയും ചെയ്തു. പൈലറ്റ് പദ്ധതി എറണാകുളത്ത് തീരുമാനിച്ചു. ഇതിനായി 99 സന്നദ്ധരായ 25നും 55നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ നിയോഗിച്ചു. അവർക്കായി നിയമത്തിലും നിരായുധരായും ശത്രുക്കളെ നേരിടാനും ഉപദ്രവിക്കാൻ വരുന്നവരെ പൊലീസിലോ അഭയസ്ഥാനങ്ങളിലോ എത്തിക്കാനും പരിശീലനം നൽകി. സ്ത്രീകൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കി. റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന കുറ്റകൃത്യങ്ങൾ കണ്ടെത്താനും ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കാനും പരിശീലനംനൽകി. വിവരങ്ങൾശേഖരിക്കാൻ ഒരു ചോദ്യാവലിയും തയാറാക്കി.

ബ്രേസ്ലെറ്റ്, ലോക്കറ്റ്, മാല, വാച്ച്, ബ്രൂച്ച് എന്നിവയിൽ ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷൻ തയാറാക്കാൻ സി ഡാക്കുമായി ബന്ധപ്പെട്ടു. സിഡാക്കിലെ രമണി ഇതുമായി വളരെ സഹകരിക്കുകയും ആപ്ലിക്കേഷൻ വികസിപ്പിക്കുകയും ചെയ്തു. ഇവ തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്കും പൊലീസുകാർക്കുമായി ഡെമോൺസ്ട്രേറ്റ് ചെയ്തു. സ്ത്രീകൾക്ക് ഇതു സൗജന്യമായി നൽകാനായിരുന്നു പദ്ധതി. ജിപിഎസ്, ജിപിആർഎസ് സങ്കേതങ്ങളിൽ പ്രവർത്തിക്കുന്ന ഈ ആപ്ലിക്കേഷൻ വഴി പൊലീസ് സ്റ്റേഷനും കൺട്രോൾ റൂമിനും അപകടഘട്ടത്തിലായിരിക്കുന്ന സ്ത്രീകളെ പെട്ടെന്നു കണ്ടെത്താൻ കഴിയുന്ന സംവിധാനമാണ് ലക്ഷ്യമിട്ടത്. ഈ ആപ്ലിക്കേഷനിൽ അമർത്തുമ്പോൾ ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനിൽ വിവരമറിയുകയും അഞ്ചുമിനുട്ടിനുള്ളിൽ സഹായം ലഭ്യമാക്കുകയുമായിരുന്നു ലക്ഷ്യം. സ്ത്രീകളിൽനിന്നു മൊബൈൽ ഫോണായിരിക്കും അക്രമി ആദ്യം കവരുക എന്നതിനാലാണ് ആപ്ലിക്കേഷൻ ആഭരണങ്ങളിൽ ഘടിപ്പിക്കുന്ന പദ്ധതി വിഭാവനം ചെയ്തത്. പെൻകാമറ കരുതിയിരുന്ന ജിഷയെ താൻ പദ്ധതിയിട്ടതുപോലെ ഒരു സംവിധാനമാണു കൈയിലുണ്ടായിരുന്നതെങ്കിൽ രക്ഷിക്കാമായിരുന്നു.

മൂന്നു മാസം പിന്നിട്ടപ്പോഴും പദ്ധതിയിലെ ഏക ഉദ്യോഗസ്ഥ താൻ മാത്രമായിരുന്നു. പണമൊന്നും അനുവദിച്ചു തന്നില്ല. അറുപതിനായിരം രൂപയോളം സ്വന്തം കീശയിൽനിന്നു ചെലവഴിച്ചു. പരാതികൾ തന്റെ മുമ്പിൽ ഒന്നൊന്നായി എത്തുകയും ചെയ്തിരുന്നു. ഓരോ ആഴ്ചയും പ്രശ്നങ്ങൾ പറയാൻ 210 പേരോളം തന്നെ കാണാൻ വന്നിരുന്നു. അവരെയെല്ലാം തന്നെക്കൊണ്ട് ഒറ്റയ്ക്ക് സഹായിക്കുക പ്രയാസകരമാണെന്നു മനസിലാക്കി. പല സ്ത്രീകളും അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പോലും തന്റെ അടുത്തുവന്നു പറയാമെന്നു കരുതി. അതുകൊണ്ട്, തന്നെ കാണാൻ വന്നവരിൽ സഹപാഠിയോട് പ്രണയം തോന്നിയ പെൺകുട്ടിയും വിവാഹിതനോടു വിവാഹേതര ബന്ധമുണ്ടായിരുന്ന യുവതിയും, ഭർത്താവുമായി വീണ്ടും ഒന്നിക്കാൻ ആഗ്രഹിക്കുന്ന വിവാഹമോചിതയും അയൽവാസിയുടെ പട്ടിയെ പേടിക്കുന്ന സ്ത്രീയുമുണ്ടായിരുന്നു. എല്ലാവരും സഹായം അഭ്യർത്ഥിച്ചു. നിർഭയകേരളം പദ്ധതിയുടെ ഇഴഞ്ഞുള്ള പോക്കിൽ അതുകൊണ്ടുതന്നെ താൻ വളരെ അസ്വസ്ഥയായി.

ഈ സംസ്ഥാനത്ത് സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു പുരുഷനും താൽപര്യമില്ലെന്നു താൻ വൈകാതെ അറിഞ്ഞു. അല്ലെങ്കിൽ അവർ അതൊന്നും പരിഗണിക്കുന്നില്ല. വമ്പൻ ആഘോഷമായി തുടങ്ങിയ പദ്ധതിക്കു ഒരു പിന്തുണയും പണവും ലഭിച്ചില്ല. സന്നദ്ധരായി വന്നവർ പല ആവശ്യങ്ങൾക്കും പണം ചോദിച്ചപ്പോൾ അൽപകാലം കാത്തിരിക്കാനും എല്ലാം ശരിയാകുമെന്നുമായിരുന്നു മറുപടി നൽകിയത്. ഇക്കാര്യത്തിൽ നിസഹായനാണെന്നറിയാതെ സംസ്ഥാന പൊലീസ് മേധാവിയുമായി താൻ രണ്ടുവട്ടം തർക്കിക്കുകയുമുണ്ടായി. തന്നെ കാണാൻ വരുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ പരിരിക്കാൻ തന്നെ സഹായിക്കാൻ മൂന്നു വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഡിജിപി നൽകി. പ്രശ്നങ്ങൾക്കു പരിഹാരം തേടി സ്ത്രീകൾ കാസർഗോഡുനിന്നു പോലും തന്നെ കാണാൻ തിരുവനന്തപുരത്തേക്കു വന്ന സംഭവങ്ങൾ സംസ്ഥാനത്ത് ഇത്രയും വിമെൻ സെല്ലുകളും വിമെൻ ഹെൽപ് ഡെസ്‌കുകളും വിമെൻ പൊലീസ് സ്റ്റേഷനുകളും ഉണ്ടായിട്ടും അവരെന്താണ് ചെയ്യുന്നതെന്ന് തന്നെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു.

ആരാണ് ഇത്തരം സാഹചര്യങ്ങളിൽ ആശങ്കപ്പെടാതെയും നിരാശപ്പെടാതെയും ഇരിക്കുക? അതുകൊണ്ടാണ് ഗതാഗത കമ്മീണറായി ചുമതലയേൽക്കാമോ എന്നു ഗതാഗത മന്ത്രി വിളിച്ചുചോദിച്ചപ്പോൾ ഉടനടി സമ്മതം അറിയിച്ചത്. ഗതാഗത കമ്മീഷണർ അവധിയിലായതിനാലും കാര്യങ്ങൾ നടത്താൻ ഒരാളെ അവിടെ ആവശ്യമായിരുന്ന സമയവുമായിരുന്നു അത്. പെട്ടെന്നുതന്നെ തന്നെ ഗതാഗത കമ്മീഷണറാക്കിയും അവധിയിലുള്ള ഗതാഗത കമ്മീഷണറെ നിർഭയ എഡിജിപിയായും നിയമിച്ചുകൊണ്ട് ഉത്തരവുമിറങ്ങി. ഒരാഴ്ചയ്ക്കുള്ളിൽ അദ്ദേഹത്തിനു കെഎസ്ഇബിയിൽ വിജിലൻസ് ഓഫീസറായി പോയി. അതോടെ നിർഭയ എഡിജിപിയുടെ തസ്തിക വീണ്ടും ഒഴിഞ്ഞു. കേന്ദ്ര ഡെപ്യൂട്ടേഷനിൽനിന്നു മറ്റൊരു ഉദ്യോഗസ്ഥൻ മടങ്ങി വന്നപ്പോൾ അദ്ദേഹത്തെ നിർഭയയിൽ നിയമിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ അദ്ദേഹത്തെയും ഒരാഴ്ചയ്ക്കുള്ളിൽ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി നിയമിച്ചു. 2014 ജൂലൈ മുതൽ നിർഭയ പദ്ധതി കോമയിലാണ്. അധികം വൈകാതെ ജീവനോടെ കുഴിച്ചുമൂടം. നിസഹായരായ കേരളത്തിലെ സ്ത്രീകൾ നിരന്തരം ബലാത്സംഗം ചെയ്യപ്പെട്ടുകൊണ്ടും ഇരിക്കുന്നു.

ജിഷയ്ക്ക് ഒരു മുഖവും പേരുമുണ്ട്. അതിന് മാദ്ധ്യമങ്ങളോടു നന്ദി പറയുന്നു. അവൾ കുറുപ്പംപടി പെൺകുട്ടിയല്ല. ഗോവിന്ദച്ചാമിമാർ സന്തോഷത്തോടെ വിഹരിക്കുന്നു. അകാലത്തിൽ അതിക്രൂരമായി ഈ ലോകത്തുനിന്നു നീ പൊയ്‌പ്പോയതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. പുതിയ ലോകത്ത് നീ സന്തോഷത്തോടെയും സ്നേഹിക്കപ്പെട്ടും കഴിയുന്നുണ്ടെന്ന പ്രതീക്ഷമാണ് തനിക്കുള്ളത്. ദൈവത്തിന്റെ നാടെന്നു സ്വയം വിളിക്കുന്ന കേരളത്തിൽ ഇത്തരം സംഭവങ്ങൾ വീണ്ടും സംഭവിക്കില്ലെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു. ആത്മാർഥമായി ക്ഷമചോദിക്കുന്നുവെന്നും ശ്രീലേഖ കുറിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP