Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ പരാതിയിൽ കഴമ്പുണ്ട്; കമ്മീഷൻ റിപ്പോർട്ടുകൾ ശരിയെന്ന് കരുതുന്നു; അടൂരിന്റേത് പ്രതിഷേധ രാജിയെങ്കിൽ അതിനുള്ള കാരണം കാണുന്നില്ല; ആരോടും ഒഴിഞ്ഞ് പോകാൻ നിർദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി ആർ ബിന്ദു

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ പരാതിയിൽ കഴമ്പുണ്ട്; കമ്മീഷൻ റിപ്പോർട്ടുകൾ ശരിയെന്ന് കരുതുന്നു; അടൂരിന്റേത് പ്രതിഷേധ രാജിയെങ്കിൽ അതിനുള്ള കാരണം കാണുന്നില്ല;  ആരോടും ഒഴിഞ്ഞ് പോകാൻ നിർദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി ആർ ബിന്ദു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്തു നിന്ന് അടൂർ ഗോപാലകൃഷ്ണൻ രാജി വച്ചതിന് പിന്നാലെ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രംഗത്ത്. വിദ്യാർത്ഥികളുടെ പരാതിയിൽ കഴമ്പുണ്ട്. കമ്മീഷൻ റിപ്പോർട്ടുകൾ ശരിയാണെന്ന് കരുതുന്നു. അടൂരിന്റേത് പ്രതിഷേധ രാജിയെങ്കിൽ അതിനുള്ള കാരണം കാണുന്നില്ല. അടൂരിന്റെ കൂടി സമ്മതത്തോടെയാണ് അന്വേഷണ കമ്മീഷനെ വച്ചത്. വിദ്യാർത്ഥികളെ വിശ്വാസത്തിലെടുക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ട്. അടൂർ പറഞ്ഞവയിൽ കഴമ്പുണ്ടെങ്കിൽ അന്വേഷിക്കും. വിദ്യാർത്ഥികളുടെ ഭാവിയിൽ ആശങ്ക വേണ്ട, ചലച്ചിത്ര മേഖലയിൽ വൈദഗ്ധ്യം ഉള്ളവർ വേറെയും ഉണ്ടല്ലോ എന്ന് മന്ത്രി പറഞ്ഞു.

കേരളത്തിന്റെ അഭിമാന സ്ഥാപനത്തിന് അനുയോജ്യരെയാണ് ചുമതല ഏൽപ്പിച്ചത്. വിദ്യാർത്ഥികളുടെ സമരം തുടങ്ങിയ അന്ന് മുതൽ സർക്കാർ ഇടപെട്ടത് വസ്തുനിഷ്ഠമായിട്ടാണ്. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നേതൃത്വത്തിൽ നിയോഗിച്ച കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നിലപാട് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. കമ്മീഷൻ അംഗങ്ങൾ കേരളത്തിൽ വളരെ സ്വീകാര്യതയുള്ള, ഭരണ-വിദ്യാഭ്യാസ മേഖലകളിൽ അനുഭവസമ്പത്തുള്ള വ്യക്തികളാണ്. അവരൊരിക്കലും അടൂരിനേയും ശങ്കർ മോഹനേയും മനഃപൂർവം ദ്രോഹിക്കണമെന്ന മനോഭാവമുള്ളവരല്ല. പ്രശ്നങ്ങൾ വസ്തുനിഷ്ടമായി മനസിലാക്കിയാവും അവർ റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ സഹകരിക്കാൻ ഡയറക്ടർ തയാറായിരുന്നില്ല. റിപ്പോർട്ടിന്മേലുള്ള കാര്യങ്ങൾ മനസിലാക്കിവരും മുൻപെയാണ് ശങ്കർ മോഹന്റെ രാജി. സർക്കാർ ആരോടും ഒഴിഞ്ഞ് പോകാൻ നിർദ്ദേശിച്ചിട്ടില്ല. അടൂർ കേരളത്തിന്റെ അഭിമാനമാണ്. സെൻസിറ്റീവായ വിഷയത്തിൽ അവധാനതയോടെ മാത്രമെ ഇടപെടാവു എന്ന് മുഖ്യമന്ത്രി പ്രത്യേകം ഓർമ്മിപ്പിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് നൽകിയ ഉറപ്പുകൾ ആരേയും താഴ്‌ത്തിക്കെട്ടാനായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി,

തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അടൂർ ഗോപാലകൃഷ്ണൻ രാജി പ്രഖ്യാപിച്ചത്. നിലവിലെ വിവാദങ്ങളിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിക്കുന്നത്. രാജിയിൽ നിന്ന് അടൂരിനെ പിന്തിരിപ്പിക്കാനുള്ള അനുനയ നീക്കവും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇത് ഫലം കണ്ടില്ല. സൈബർ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ഇത്.

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിനെ തുടർന്ന് സിനിമ മേഖലയിൽ നിന്നടക്കം അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനം ഉയർന്നിരുന്നു. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് ശങ്കർ മോഹൻ രാജിവച്ചതിന് പിന്നാലെ തന്നെ അടൂർ ഗോപാലകൃഷ്ണൻ രാജിവയ്ക്കാൻ തീരുമാനിച്ചതായാണ് അറിയുന്നത്. ഈ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. എന്നാൽ അതിന് ശേഷവും സൈബർ ആക്രമണം തുടർന്നു. ഈ സാഹചര്യത്തിലാണ് അടൂർ മാറുന്നത്.

ശങ്കർ മോഹന് പൂർണ്ണ പിന്തുണയും നൽകി. ശങ്കർ മോഹനെ ക്ഷണിച്ചു വരുത്തി ആക്ഷേപിച്ചു. ശങ്കർ മോഹനെതിരെ ഉയർത്തിയ എല്ലാ ആരോപണങ്ങളും പച്ചക്കള്ളമാണെന്നും അടൂർ കൂട്ടിച്ചേർത്തു. ജാതി വിവേചനം എന്നത് പച്ചക്കള്ളമാണെന്നും അടൂർ പറഞ്ഞു. ഡയറക്ടർ ശങ്കർ മോഹന്റെ രാജിയിലേക്ക് നയിച്ച വിവാദങ്ങളിൽ അടൂർ അതൃപ്തനായിരുന്നു. കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ എന്ന നിലയിൽ അദേഹത്തിന്റെ പ്രവർത്തന കാലാവധി മാർച്ച് 31 വരെയാണ്.

ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹനെ പുകച്ച് പുറത്തുചാടിക്കുകയായിരുന്നുവെന്ന് അടൂർ ആരോപിച്ചു. ദളിത് വിരോധവും ജാതിവിവേചനവും നടക്കുന്നു എന്ന പ്രചാരണം കള്ളമാണ്. ദളിത് ജീവനക്കാരെ അടിമപ്പണി ചെയ്യിച്ചു എന്ന പ്രചാരണവും പച്ചക്കള്ളമാണ്. മാധ്യമങ്ങൾ ഒരു വിഭാഗത്തെ മാത്രമാണ് കേട്ടത്. ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുകയായിരുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയമിച്ച അന്വേഷണ കമ്മിറ്റി തന്നെയോ ശങ്കർ മോഹനെയോ അന്വേഷണത്തിൽ ഉൾപ്പെടുത്തിയില്ല. വല്ലവരുടെയും വാക്കുകേട്ടാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. ശങ്കർ മോഹൻ പോയാൽ സ്ഥാപനത്തിൽ അരാജകാവസ്ഥ വരും. ബയോമെട്രിക്ക് സംവിധാനം ഏർപ്പെടുത്തിയതാണ് ജീവനക്കാർക്ക് ശങ്കർ മോഹനോട് എതിർപ്പ് വരാൻ കാരണമെന്നും അടൂർ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP