Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ക്വാറി ഉടമകൾക്ക് കീഴടങ്ങി സംസ്ഥാന സർക്കാർ; ജനവാസമേഖലയിലെ ക്വാറികളുടെ ദൂരപരിധി അമ്പത് മീറ്ററായി കുറച്ചു; പെർമിറ്റ് കാലാവധി അഞ്ചു വർഷമാക്കി ഉയർത്തി; ജനകീയ പ്രക്ഷോഭങ്ങളോട് മുഖം തിരിച്ച് ഈ സർക്കാർ എങ്ങോട്ട്?

ക്വാറി ഉടമകൾക്ക് കീഴടങ്ങി സംസ്ഥാന സർക്കാർ; ജനവാസമേഖലയിലെ ക്വാറികളുടെ ദൂരപരിധി അമ്പത് മീറ്ററായി കുറച്ചു; പെർമിറ്റ് കാലാവധി അഞ്ചു വർഷമാക്കി ഉയർത്തി; ജനകീയ പ്രക്ഷോഭങ്ങളോട് മുഖം തിരിച്ച് ഈ സർക്കാർ എങ്ങോട്ട്?

തിരുവനന്തപുരം: ഒടുവിൽ ക്വാറി മാഫിയയ്ക്ക് കീഴടങ്ങി സംസ്ഥാനസർക്കാർ.ക്വാറി ഉടമകൾക്ക് എല്ലാ ആനുകൂല്യങ്ങളും നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ ക്വാറി നിയമം പരിഷ്‌കരിച്ചു. ജനവാസ മേഖലയിലുള്ള ക്വാറികളുടെ ദൂരപരിധി കുറച്ച സർക്കാർ പെർമിറ്റുകളുടെ കാലാവധി അഞ്ച് വർഷമായി ഉയർത്തുകയും ചെയ്തു.ജനവാസ മേഖലയിൽ നൂറുമീറ്റർ പരിധി പാലിക്കണമെന്ന നിയമമാണ് ഇപ്പോൾ ക്വാറി മാഫിയയ്ക്ക് വേണ്ടി സർക്കാർ പൊളിച്ചെഴുതിയിരിക്കുന്നത്.പുതിയ നിയമമനുസരിച്ച് ഇത് അമ്പത് മീറ്ററാക്കി കുറച്ചു.

തീരുമാനം ക്വാറി ഉടമകളുടെ ആവശ്യപ്രകാരമാണെന്നും സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ക്വാറികളുടെ പെർമിറ്റ് അഞ്ചു വർഷമാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്.നേരത്തെ ഒന്നു മുതൽ മൂന്നുവരെ വർഷം മാത്രം കാലാവധിയുണ്ടായിരുന്ന പെർമിറ്റാണ് ഇപ്പോൾ അഞ്ചു വർഷത്തേക്ക് നീട്ടിയിരിക്കുന്നത്.
വീടുകൾ, റോഡ് , നദി, തോട് എന്നിവയിൽ നിന്നുള്ള ദൂരപരിധി മുൻ സർക്കാരിന്റെ കാലത്ത് ഉയർത്തിയിരുന്നു. ഇവയ്ക്ക് നൂറ് മീറ്റർ അകലെയായിരിക്കണം പാറമട എന്ന നിഷ്‌കർഷിച്ചാണ് മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിൽ അന്ന് ഭേദഗതി വരുത്തിയത് . ഈ ഭേദഗതി മന്ത്രിസഭ വേണ്ടെന്നു വച്ചു .പകരം ദൂരപരിധി അൻപതു മീറ്ററാക്കി കുറച്ചു . ദൂരപരിധി ഉയർത്തിയതോടെ രണ്ടായിരത്തോളം ചെറുകിട ക്വാറികൾ പൂട്ടിപ്പോവുകയും നിർമ്മാണ സാമഗ്രികളുടെ വില കൂടുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാറ്റം

എൽഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ ക്വാറി ഉടമകളുമായി നിരവധി തവണ സർക്കാർ ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി നേരിട്ടുതന്നെ വിപുലമായ രണ്ട് യോഗങ്ങൾ വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖനന നിയമങ്ങൾ പരിഷ്‌കരിച്ച് ഇപ്പോൾ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. നിരവധി അനധികൃത ക്വാറികൾ സംസ്ഥാനത്ത് യഥേഷ്ടം പ്രവർത്തിക്കുന്നതായുള്ള വാർത്തകൾ മറുനാടൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പലപ്പോഴായി പുറത്തു കൊണ്ടുവന്നിരുന്നു.ഇതിനെതിരെ പലയിടങ്ങളിലും ജനകീയ പ്രതിഷേധങ്ങളും ശക്തമാണ്.ഇതുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്‌നങ്ങളും സാമൂഹ്യപ്രശ്‌നങ്ങളും പരിസ്ഥിതി പ്രവർത്തകരടക്കം സർക്കാരിനെ പലപ്പോഴായി ബോധ്യപ്പെടുത്തിയതുമാണ്.

അഞ്ച് ഹെക്ടറിൽ താഴെയുള്ള ക്വാറികൾക്ക് പാരിസ്ഥിതികാനുമതി നിർബന്ധമാക്കിക്കൊണ്ട് കഴിഞ്ഞ വർഷം ഹൈക്കോടതി ഉത്തരവിട്ടപ്പോഴും സർക്കാർ ക്വാറി ഉടമകൾക്കൊപ്പമായിരുന്നു.ഉത്തരവ് ചോദ്യം ചെയ്ത് ക്വാറി ഉടമകൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചപ്പോൾ നിർമ്മാണ മേഖല സ്തംഭിക്കുമെന്നായിരുന്നു സർക്കാർ വാദം. എന്നാൽ സുപ്രീംകോടതി ഈ നിലപാട് തള്ളിക്കളയുകയും ഹൈക്കോടതി വിധി ശരിവയ്ക്കുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോഴും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഈ നിയമം ലംഘിച്ച് ക്വാറികൾ പ്രവർത്തിക്കുന്നതായാണ് വാർത്തകൾ.

മലയോര മേഖലയിലടക്കം ഈ ക്വാറികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ ചില്ലറയല്ല.കാലവർഷം ശക്തമാകാനിരിക്കേ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ഭീഷണികൾ പല ജില്ലകളുംനേരിടുന്നുണ്ട്.അനധികൃത ക്വാറികൾ വ്യാപകമായതോടെ നമ്മുടെ ജലസ്രോതസ്സുകൾ നാശോന്മുഖമായതിന്റെ ദുരിതം ഈ വേനൽക്കാലം നമ്മെ ഓർമപ്പെടുത്തിയതാണ്.വൈവിധ്യമാർന്ന ജൈവസമ്പത്തിന്റെ കേന്ദ്രമായിരുന്ന തലസ്ഥാന ജില്ലയിലെമുക്കുന്നിമലയുടെ ഇന്നത്തെ അവസ്ഥയും നമ്മുടെ അധികാരികൾ കണ്ണുതുറന്ന് കാണേണ്ടതുണ്ട്.

ചെറിയ തോതിൽ തുടങ്ങുന്ന ക്വാറികൾ പലതും പിന്നീട് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും ഗുണ്ടകളുടെയും സഹായത്താൽ സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കുന്ന വൻകിട ക്വാറികളായി മാറുന്നതാണ് ചരിത്രം.ഒരു ക്വാറി പ്രവർത്തിക്കാൻപഞ്ചായത്ത് ലൈസൻസ്,വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി,ജിയോളജി,പൊല്യൂഷൻ,ഫയർ അൻഡ് സേഫ്റ്റി,എക്‌സ്പ്‌ളോസീവ് തുടങ്ങിയ ലൈസൻസുകൾ ആവശ്യമാണ്.എന്നാൽ സംസ്ഥാനത്തെ ഭൂരിഭാഗം ക്വാറികളും ഇതൊന്നുമില്ലാതെയാണ് പ്രവർത്തിക്കുന്നത്.വേണ്ടത്ര പാരിസ്ഥിക പഠനം നടത്താതെയാണ് പല ക്വാറികൾക്കും ജിയോളജി വകുപ്പ് അനുമതി നൽകുന്നതെന്നും ആരോപണമുണ്ട്.

പരിസ്ഥിതി ലോല മേഖലകളിലാണ് പല ക്വാറികളും പ്രവർത്തിക്കുന്നതെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ക്വാറികളുടെ പ്രവർത്തനങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു.എന്നാൽ അതിലെ പല നിർദ്ദേശങ്ങളും നടപ്പായില്ല എന്നതാണ് വാസ്തവം.

ഖനനത്തെത്തുടർന്ന് പൊതുമുതൽ നശിച്ചാൽ ക്വാറി നടത്തിപ്പുകാരിൽ നിന്ന് പിഴയീടാക്കാനും ജയിൽ ശിക്ഷ ഉൾപ്പെടെ ഉറപ്പുവരുത്താനും തരത്തിൽ നിയമ ഭേദഗതി വേണമെന്ന് അതിൽ നിർദ്ദേശിച്ചിരുന്നു.അനധികൃത ഖനനത്തിന് വൻതുക പിഴയീടാക്കാനും നിർദ്ദേശിച്ചിരുന്നു.എന്നാൽ അനധികൃത ക്വാറികളിൽ നിന്ന് മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പ് തുച്ഛമായ തുകയാണ് ഇപ്പോഴും ഈടാക്കുന്ന്.ഇതൊന്നും കൃത്യമായി നടപ്പിലാക്കാൻ തയ്യാറാകാതിരുന്ന സർക്കാരാണ് ഇപ്പോൾ ക്വാറി ഉടമകൾക്ക് വേണ്ടി നിയമം പൂർണമായും തീറെഴുതി കൊടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP