Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിന്റെ സർക്കാർ ഫയലിൽ നളിനി നെറ്റോ കൃത്രിമം കാട്ടിയെന്ന ഹർജി; മുൻ ഡിജിപി സെൻകുമാർ നേരിട്ടു ഹാജരാകാൻ കോടതി ഉത്തരവ്; ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹാജരാകാൻ സമയം തേടി

പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിന്റെ സർക്കാർ ഫയലിൽ നളിനി നെറ്റോ കൃത്രിമം കാട്ടിയെന്ന ഹർജി; മുൻ ഡിജിപി സെൻകുമാർ നേരിട്ടു ഹാജരാകാൻ കോടതി ഉത്തരവ്; ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹാജരാകാൻ സമയം തേടി

പി നാഗരാജ്‌

തിരുവനന്തപുരം: മുൻ ഡിജിപി റ്റി.പി.സെൻകുമാറിനെ സ്ഥാനഭ്രഷ്ഠനാക്കാനായി പുറ്റിങ്ങൽ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ടുൽഭവിച്ച സർക്കാർ ഫയലിൽ നിന്നും സെൻകുമാറിന്റെ 9 നിർദേശങ്ങൾ ഉൾക്കൊള്ളുന്ന പേജുകൾ മുൻ ആഭ്യന്തര അഡീ.ചീഫ് സെക്രട്ടറി നളിനി നെറ്റോ അടർത്തിമാറ്റി കൃത്രിമം കാട്ടിയെന്ന ഹർജിയിൽ സെൻകുമാർ നേരിട്ടു ഹാജരാകാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി - 3 മുമ്പാകെ സാക്ഷി മൊഴി നൽകാനായി 31 ന് ഹാജരാകാനാണുത്തരവ്. കേസിൽ സാക്ഷിമൊഴി നൽകാനായി മജിസ്‌ട്രേട്ട് റ്റി.മഞ്ജിത്താണ് സെൻകുമാറിനെ വിളിച്ചു വരുത്തുന്നത്. 

നേരത്തേ സമൻസ് കൈപ്പറ്റിയ ഹർജിയിലെ മറ്റു രണ്ടു സാക്ഷികളായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഹാജരാകാൻ സമയം തേടി. 2016 ലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. അന്നത്തെ സംസ്ഥാന പൊലീസ് മേധാവിയായ സെൻകുമാറിനോടുള്ള വ്യക്തിവിരോധം നിമിത്തം 2016 ഏപ്രിൽ10 ന് നടന്ന പുറ്റിങ്ങൽ ദേവീക്ഷേത്ര ഉത്സവ വെടിക്കെട്ടപകടം സംബന്ധിച്ച് ഏപ്രിൽ 13 ന് ഉൽഭവിച്ച സർക്കാർ ഫയലിൽ (നമ്പർ 32931/എഫ് 1 / 2016/ഹോം) നളിനി നെറ്റോ സെൻകുമാറിന്റെ 9 നിർദ്ദേശങ്ങൾ അടങ്ങിയ പേജുകളും ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും കുറിപ്പുകൾ അടങ്ങിയ താളുകളും അടർത്തി മാറ്റി പകരം പുതിയ താളുകൾ ചേർത്ത് വ്യാജരേഖയുണ്ടാക്കി കൃത്രിമം കാട്ടിയെന്നാണ് പരാതി.

നളിനി അഡീ.ചീഫ് സെക്രട്ടറിയായിരിക്കേ കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന എം.എസ്.വിജയാനന്ദിനെ കേരളത്തിൽ ചീഫ് സെക്രട്ടറിയാക്കാൻ കാരണഭൂതനായത് സെൻകുമാറാണെന്നും അല്ലാത്തപക്ഷം നളിനിക്ക് ആ പദവിയിലെത്താൻ കഴിയുമായിരുന്നുവെന്ന വൈരാഗ്യത്തിൽ നളിനി വ്യാജരേഖയുണ്ടാക്കിയതാണ് കേസ്.

പറ്റിങ്ങൽ ഫയലിൽ ഏപ്രിൽ 14 ന് ' വിഷയം ഡിജിപിയുമായി ചർച്ച ചെയ്യണമെന്നും ഫയൽ മുഖ്യമന്ത്രി കാണണമെന്നും ' ഉള്ള കുറിപ്പോടെ രമേശ് ചെന്നിത്തല ഉമ്മൻ ചാണ്ടിക്കയക്കുകയും ഉമ്മൻ ചാണ്ടി ഫയൽ കണ്ട ശേഷം അന്ന് തന്നെ സെൻകുമാറിന് നൽകുകയും ചെയ്തു. സെൻകുമാർ ഫയൽ പഠിച്ച ശേഷം അദ്ദേഹത്തിന്റേതായ 9 നിർദ്ദേശങ്ങൾ പ്രത്യേകം തയ്യാറാക്കി ഫയലിനൊപ്പം ചേർത്ത് അന്ന് തന്നെ ചെന്നിത്തലക്ക് കൈമാറി. ഇപ്രകാരം നളിനിയുടെ കൈവശത്തിലും സൂക്ഷിപ്പിലും ഇരുന്ന ഫയലിൽ ആണ് കൃത്രിമം കാട്ടിയത്.നളിനി സെൻകുമാറിന്റെ 9 നിർദേശങ്ങളടങ്ങിയ താളുകളും ഉമ്മൻ ചാണ്ടിയുടേയും ചെന്നിത്തലയുടേയും കുറിപ്പുകൾ അടങ്ങിയ താളുകളും മാറ്റിയ ശേഷം പുതുതായി പേജുകൾ ചേർത്തും മുൻ തീയതികളിൽ ഇല്ലാതിരുന്ന വിവരങ്ങൾ കൃത്രിമമായി ചമച്ചുവെന്നുമാണ് കേസ്. പിന്നീട് വരുന്ന അധികാരസ്ഥാനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് മാറ്റങ്ങൾ വരുത്തിയത്.

2016 മെയ് 25 ന് സംസ്ഥാന ഭരണം മാറിയതിനെ തുടർന്ന് പുറ്റിങ്ങൽ കേസ്സിലെ നടപടികളിൽ വരുത്തിയ ലാഘവത്വവും 2016 ഏപ്രിൽ 28 ന് റിപ്പോർട്ട് ആയ ജിഷ വധക്കേസിന്റെയും (കുറുപ്പംപടി പൊലീസ് സ്റ്റേഷൻ ക്രൈം 909/2016) അന്വേഷണത്തിൽ വീഴ്ചയുണ്ടായതായും ആരോപിച്ചാണ് എൽ.ഡി.എഫ് സർക്കാർ സെൻകുമാറിനെ സ്ഥാനഭ്രഷ്ഠനാക്കിയത്.

നിയമ പോരാട്ടത്തിനൊടുവിൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് അദ്ദേഹത്തിന് ഡിജിപിക്കസേര തിര്യെ ലഭിച്ചത്. നളിനിയുടെ പ്രവൃത്തി മൂലം ഉമ്മൻ ചാണ്ടി ഒന്നര മാസത്തോളം ഫയൽ തന്റെ ഓഫീസിൽ യാതൊരു നടപടിയുമെടുക്കാതെ സൂക്ഷിക്കുകയായിരുന്നുവെന്ന സുപ്രീം കോടതി വിധിന്യായത്തിന്റെ പകർപ്പ് ഹർജിക്കാരനായ സതീഷ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. നളിനി ഫയലിൽ കൃത്രിമം കാട്ടിയതിനെതിരെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിപ്പകർപ്പും സതീഷ് കോടതിയിൽ ഹാജരാക്കി.

കൃത്രിമ രേഖ ചമച്ച ശേഷം അന്നത്തെ ചീഫ് സെക്രട്ടറിയെപ്പോലും കാണിക്കാതെ ആ ഫയൽ നളിനി ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള പിണറായിക്ക് നൽകിയതിന് പിന്നിൽ മറ്റു ഗൂഢാലോചനയുണ്ടോയെന്നന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഫയലിൽ കാണുന്ന കൈയക്ഷരങ്ങളുടെ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

തന്നെ ഡി ജി പി യായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സെൻകുമാർ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലും ഹൈക്കോടതിയിലും ഹർജികൾ ബോധിപ്പിച്ച സമയം നളിനി കൃത്രിമം വരുത്തിയ ഫയൽ അസ്സൽ ഫയലാണെന്ന രീതിയിൽ കോടതികളിൽ സർക്കാരിന് വേണ്ടി നളിനി ഹാജരാക്കിയതിനാൽ സെൻകുമാറിന്റെ ഹർജികൾ തള്ളി.

തുടർന്ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചാണ് പുനർ നിയമന ഉത്തരവ് നേടിയത്. എന്നിട്ടും നിയമനം നൽകാൻ കൂട്ടാക്കാതെ വിധിയിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയതിന് സംസ്ഥാന സർക്കാരിന് സുപ്രീം കോടതി 25,000 രൂപ പിഴ ചുമത്തി ഹർജി തള്ളി. സംസ്ഥാന സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP