Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുറ്റിങ്ങൽ ദുരന്തം: വിചാരണയ്ക്ക് കൊല്ലത്ത് പ്രത്യേക കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്ക് കൊല്ലത്ത് പ്രത്യേക കോടതി അനുവദിക്കും. ജുഡീഷ്യൽ അനുമതി ലഭിച്ച പ്രത്യേക കോടതിക്ക് ഭരണാനുമതി നൽകാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ 25ന് ഫുൾബെഞ്ച് യോഗം ചേരും. കേസിന്റെയും പ്രതികളുടെയും സാക്ഷികളുടെയും എണ്ണം കൂടുതലായ സാഹചര്യത്തിൽ വിചാരണ അതിവേഗത്തിലാക്കാൻ പ്രത്യേക കോടതി ആകാമെന്ന് ജസ്റ്റിസ് എസ് ഷാജി, പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്‌പി ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. ആഭ്യന്തര സെക്രട്ടറി വഴി സംസ്ഥാന പൊലീസ് മേധാവിയും കോടതി മുമ്പാകെ ആവശ്യം ഉന്നയിച്ചിരുന്നു. ചിന്നക്കട ക്ലോക്ക് ടവറിനു സമീപത്തെ വ്യാപാരസമുച്ചയത്തിന്റെ മൂന്നും നാലും നിലകൾ പ്രത്യേക കോടതിക്കു നൽകാമെന്ന് കോർപറേഷൻ അറിയിച്ചതായി റിപ്പോർട്ടിലുണ്ട്. ജുഡീഷ്യറിക്കു വേണ്ടി ജില്ലാ ജഡ്ജി കോർപറേഷന് കത്ത് നൽകും. കോടതി മേധാവിയായി സെലക്ഷൻ ഗ്രേഡ് ജഡ്ജിയെ ഹൈക്കോടതി നിയമിക്കും. 24 ജീവനക്കാരുമുണ്ടാകും.

പതിനായിരം പേജുള്ളതാണ് കുറ്റപത്രം. കുറ്റപത്രം പ്രതികൾക്ക് ഡിജിറ്റൽ ഫോർമാറ്റിൽ നൽകും. ഇതിനായി പരവൂർ കോടതിയിൽ പ്രതികളെ വിളിച്ചുവരുത്തും. 52 പേർക്കാണ് കുറ്റപത്രം നൽകുന്നത്. 59 പ്രതികളിൽ ഏഴുപേർ മരിച്ചു. കുറ്റപത്രത്തിന്റെ പകർപ്പ് പ്രതികൾക്കു നൽകിയശേഷം കേസ് പരവൂർ കോടതിയിൽനിന്ന് കൊല്ലം സെഷൻസ് കോടതിയിലേക്കു മാറ്റും. തുടർന്നാണ് സ്പെഷ്യൽ കോടതിയിൽ വിചാരണ ആരംഭിക്കുക. അഡ്വ. പാരിപ്പള്ളി രവീന്ദ്രനാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി 2016 ഏപ്രിൽ 10ന് പുലർച്ചെ 3.30നാണ് വെടിക്കെട്ട് നടന്നത്. വെടിക്കെട്ട് ദുരന്തത്തിൽ 111 പേർ മരിച്ചു. മുന്നൂറിലധികം പേർക്കു പരിക്കേറ്റു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP