Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

പി എസ് സി ജോലി വാഗ്ദാനം ചെയ്ത് 35 ലക്ഷത്തിൽപരം രൂപയുടെ തട്ടിപ്പ്; ഒന്നാം പ്രതി രാജലക്ഷ്മിക്കും രണ്ടാം പ്രതി രശ്മിക്കും പ്രൊഡക്ഷൻ വാറണ്ട്

പി എസ് സി ജോലി വാഗ്ദാനം ചെയ്ത് 35 ലക്ഷത്തിൽപരം രൂപയുടെ തട്ടിപ്പ്; ഒന്നാം പ്രതി രാജലക്ഷ്മിക്കും രണ്ടാം പ്രതി രശ്മിക്കും പ്രൊഡക്ഷൻ വാറണ്ട്

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: പി എസ് സി ജോലി വാഗ്ദാനം ചെയ്ത് 35 ലക്ഷത്തിൽപരം രൂപയുടെ ജോലി തട്ടിപ്പ് നടത്തിയ കേസിൽ ജയിലിൽ കഴിയുന്ന ഒന്നും രണ്ടും പ്രതികളായ രാജലക്ഷ്മിക്കും രശ്മിക്കും പ്രൊഡക്ഷൻ വാറണ്ട്. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിലേക്ക് കസ്റ്റഡി അപേക്ഷ സമർപ്പിക്കാൻ ജയിലിൽ നിന്നും പ്രതികളെ കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചുത്തരവുണ്ടാകണമെന്ന പ്രൊഡക്ഷൻ വാറണ്ടപേക്ഷ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ചത്.

തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കണ്ടെത്താനും ഉദ്യോഗാർത്ഥികളിൽ നിന്നും വഞ്ചനയിലൂടെ സ്വരൂപിച്ച പണം വീണ്ടെടുക്കുന്നതിനും പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാൻ അനുമതിക്കായുള്ള കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് പ്രൊഡക്ഷൻ വാറണ്ടപേക്ഷ സമർപ്പിച്ചത്. അപേക്ഷ അനുവദിച്ച കോടതി റിമാന്റിൽ പാർപ്പിച്ചിട്ടുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കാൻ അട്ടക്കുളങ്ങര വനിതാ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു.

പി.എസ്.സി.യിൽ ജോലി വാഗ്ദാനംചെയ്ത് 35 ലക്ഷത്തിൽ പരം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി രശ്മിയാണ് ആദ്യം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി രശ്മിയാണ് മൂന്നുവയസ്സുള്ള കുട്ടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ സെപ്റ്റംബർ 17 ന് കീഴടങ്ങിയത്. ഒന്നാം പ്രതി രാജലക്ഷ്മി സെപ്റ്റംബർ 18 ന് കഴക്കൂട്ടം സ്റ്റേഷനിൽ കീടങ്ങി. 2023 സെപ്റ്റംബർ ആദ്യ വാരത്തിലാണ് ജോലി തട്ടിപ്പ് സംഭവം പുറം ലോകമറിയുന്നത്. വിജിലൻസ്, ഇൻകം ടാക്‌സ്, ജി.എസ്.ടി. വകുപ്പുകളിൽ ജോലി വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പിന് കളമൊരുക്കിയത്. പണംനൽകി ഒന്നരവർഷത്തോളം കഴിഞ്ഞിട്ടും ജോലികിട്ടാതായതോടെ പലരും ബഹളമുണ്ടാക്കിത്തുടങ്ങി. ഇതോടെയാണ് പി.എസ്.സി.യിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്താനെന്ന പേരിൽ വ്യാജകത്തുണ്ടാക്കിയത്.

പി.എസ്.സി.യുടെ വ്യാജകത്ത് നിർമ്മിച്ച് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഉദ്യോഗാർഥികളെ അയച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ഒന്നാംപ്രതി രാജലക്ഷ്മിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് രശ്മിയുടെ പൊലീസ് മൊഴി. ജോലിതേടിയാണ് രശ്മിയും രാജലക്ഷ്മിയെ സമീപിക്കുന്നത്. തുടർന്ന് തട്ടിപ്പിൽ പങ്കാളിയാവുകയായിരുന്നു. രാജലക്ഷ്മി പണം വാങ്ങിയത് പൊലീസ് ഉദ്യോഗസ്ഥ എന്ന വ്യാജേനയായിരുന്നു. വാടകക്കെടുത്ത പൊലീസ് യൂണിഫോം ധരിച്ച് പൊലീസ് ഉദ്യോഗസ്ഥയായി ആൾമാറാട്ടം നടത്തിയാണ് ഉദ്യോഗാർത്ഥികളെ തട്ടിപ്പിനിരയാക്കിയത്.ഇതിനായി യൂണിഫോം ധരിച്ച ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

കൂടുതൽ തസ്തികകളുണ്ടെന്നും ഒരുമിച്ചാണ് ആളുകളെ എടുക്കുന്നതും പറഞ്ഞ് കൂടുതൽപ്പേരെ കൊണ്ടുവരാൻ രാജലക്ഷ്മി, രശ്മിയോടു നിർദേശിക്കുകയായിരുന്നു. ഇത്തരത്തിൽ മണിചെയിൻ മാതൃകയിലാണ് ഇവർ ആളുകളെ കണ്ടെത്തുന്നത്. ഒരുമിച്ചാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നതെന്നും കൂടുതൽപ്പേരെ കൊണ്ടുവരാനും നിർദേശിക്കും. കൂടുതൽ ആളുകളെ എത്തിച്ചാൽ നൽകേണ്ട പണത്തിന് ഇളവുകളും വാഗ്ദാനംചെയ്യും. ഇത്തരത്തിൽ തട്ടിപ്പിനിരയായവർതന്നെ കൂടുതൽ ആളുകളെ കൊണ്ടുവന്നിട്ടുണ്ട്.

വിശ്വസ്തരായവരെ മാത്രമേ കൊണ്ടുവരാവൂ എന്നും നിർദേശിക്കും. ഇവരെ വിശ്വസിപ്പിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പലർക്കും ജോലികിട്ടിയെന്ന് പ്രചരിപ്പിക്കുകയും ചെയ്യും. 35 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ഇതിലേറെ രൂപ ഇവർ തട്ടിയെടുത്തെന്നാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. ജോലി നൽകാമെന്നപേരിൽ ഒട്ടേറെപ്പേരെ വഞ്ചിച്ചിട്ടുണ്ട്. വിജിലൻസ്, ഇൻകംടാക്‌സ്, ജി.എസ്.ടി. വകുപ്പുകളിൽ ജോലി വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പ്. രണ്ടുലക്ഷം രൂപ മുതൽ 4.5 ലക്ഷം രൂപവരെയാണ് ഉദ്യോഗാർഥികളിൽനിന്ന് തട്ടിയെടുത്തതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ള വിവരം. വ്യാജകത്ത് ലഭിച്ചതോടെ പി.എസ്.സി. പൊലീസിന് പരാതി നൽകി. ഇതോടെ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP