Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഷ്ട്രപതിയെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി; മുസിരിസ് ബിനാലെ സെമിനാർ ഉദ്ഘാടനവും ആസ്പിൻവാളിൽ ബിനാലെ സന്ദർശനവും രാജാമണി അനുസ്മരണ പ്രഭാഷണവും പരിപാടികൾ; നഗരത്തിൽ അതീവ സുരക്ഷ

രാഷ്ട്രപതിയെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി; മുസിരിസ് ബിനാലെ സെമിനാർ ഉദ്ഘാടനവും ആസ്പിൻവാളിൽ ബിനാലെ സന്ദർശനവും രാജാമണി അനുസ്മരണ പ്രഭാഷണവും പരിപാടികൾ; നഗരത്തിൽ അതീവ സുരക്ഷ

കൊച്ചി: രാഷ്ട്രപതി പ്രണബ് മുഖർജിയെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി. കബ്രാൾ യാർഡിൽ കൊച്ചി മുസിരിസ് ബിനാലെ സെമിനാർ ഉദ്ഘാടനം, ആസ്പിൻവാളിൽ ബിനാലെ സന്ദർശനം, ലെ മെറിഡിയനിൽ കെ.എസ്. രാജാമണി അനുസ്മരണ പ്രഭാഷണം എന്നിവയാണ് രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടികൾ. ഇന്ന് ഉച്ചയ്ക്ക് 3.35ന് പ്രത്യേക വിമാനത്തിൽ കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി വൈകിട്ട് 6.50ന് മടങ്ങും.

നാവിക വിമാനത്താവളത്തിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ രാഷ്ട്രപതിയെ സ്വീകരിക്കും. മേയർ സൗമിനി ജയിൻ, ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്‌മിറൽ എ.ആർ. കർവെ, അഡീഷണൽ ചീഫ് സെക്രട്ടറി ഷീല തോമസ്, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ, ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുല്ല, സിറ്റി പൊലീസ് കമ്മീഷണർ എംപി. ദിനേശ് എന്നിവരും രാഷ്ട്രപതിയെ സ്വീകരിക്കും.

സ്വീകരണത്തിന് ശേഷം ഫോർട്ടുകൊച്ചിയിലേക്ക് റോഡ് മാർഗം യാത്ര തിരിക്കുന്ന രാഷ്ട്രപതി നാലു മണിക്ക് കബ്രാൾ യാർഡിലെ ബിനാലെ വേദിയിലെത്തും. സുസ്ഥിര സംസ്‌കാര നിർമ്മിതിയുടെ പ്രാധാന്യം - സെമിനാറിന്റെ ഉദ്ഘാടനം രാഷ്ട്രപതി നിർവഹിക്കും. ഗവർണർ ജസ്റ്റിസ്. പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടി ഡോ. വി. വേണു, കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷൻ ഭാരവാഹികളായ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവർ പങ്കെടുക്കും. 4.47ന് ആസ്പിൻവാൾ ഹൗസിലെ പ്രധാന ബിനാലെ വേദിയിലെത്തുന്ന രാഷ്ട്രപതി, ബഗ്ഗിയിൽ സഞ്ചരിച്ച് ഏതാനും ഇൻസ്റ്റലേഷനുകൾ വീക്ഷിക്കും.

ഫോർട്ടുകൊച്ചിയിൽ നിന്നും റോഡ് മാർഗം 5.15ന് മരടിലെ ഹോട്ടൽ ലെ മെറിഡിയൻ കൺവൻഷൻ സെന്ററിലെത്തുന്ന ആറാമത് അഡ്വ. കെ.എസ്. രാജാമണി സ്മാരക പ്രഭാഷണം നിർവഹിക്കും. ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ. ബി. രാധാകൃഷ്ണൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി, ആർ ബാലചന്ദ്രൻ, ലീല ഗണേശ് എന്നിവർ പങ്കെടുക്കും. 06.30ന് മരടിൽ നിന്നും യാത്ര തിരിക്കുന്ന രാഷ്ട്രപതി 06.40ന് നാവിക വിമാനത്താവളത്തിലെത്തും. 06.50ന് മടങ്ങും.

വിവിധ വേദികളിലെ സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉന്നതോദ്യോഗസ്ഥർ നേരിട്ടെത്തി വിലയിരുത്തി. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ ട്രയൽ റണ്ണും നടന്നു. അഡീഷണൽ ഡി.ജി.പിമാരായ ബി. സന്ധ്യ, ബി.എസ്. മുഹമ്മദ് യാസിൻ, ഐ.ജി പി. വിജയൻ, ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള, സബ് കളക്ടർ ഡോ. അദീല അബ്ദുള്ള എന്നിവർ വിവിധ വേദികളിലെത്തി നിർദേശങ്ങൾ നൽകി.

ഗതാഗത നിയന്ത്രണം

രാഷ്ട്രപതിയുടെ ഇന്ത്യൻ സന്ദർശനം പ്രമാണിച്ച് വിവിധ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് മൂന്നു മുതൽ വൈകിട്ട് ഏഴു വരെ എൻ.എച്ച്-47എ (നേവൽ ബേസിന് മുൻവശം) വാതുരുത്തി, ബി.ഒ.ടി പാലം, പള്ളുരുത്തി, തോപ്പുംപടി, ഫോർട്ടുകൊച്ചി, തേവരഫെറി, കുണ്ടന്നൂർ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഉണ്ടായിരിക്കും.

അരൂരിൽ നിന്നും പെരുമ്പടപ്പ്, പള്ളുരുത്തി, തോപ്പുംപടി ബി.ഒ.ടി പാലം വഴി എറണാകുളത്തേക്ക് വരുന്ന വാഹനങ്ങളും തിരികെ പോകുന്ന വാഹനങ്ങളും അരൂർ-വൈറ്റില നാഷണൽ ഹൈവേ ഉപയോഗിക്കണം. ഈ ഭാഗങ്ങളിലെ റോഡുകളിൽ കണ്ടയ്നർ ലോറികൾ ഉൾപ്പെടെ വാഹനങ്ങളുടെ പാർക്കിങ് അനുവദിക്കുന്നതല്ല. ഏതെങ്കിലും വാഹനം പാർക്ക് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ നീക്കം ചെയ്യുന്നതായിരിക്കും.

വി.വി.ഐ.പി കടന്നു പോകുന്ന റൂട്ടിലെ എല്ലാ ബൈ റോഡുകളും 20 മിനിറ്റ് മുമ്പേ ബ്ലോക്ക് ചെയ്യും. വി.വി.ഐ.പി റൂട്ടിൽ 20 മിനിറ്റ് ഗതാഗത നിരോധനം ഉണ്ടായിരിക്കും. വി.വി.ഐ.പി കടന്നു പോകുന്ന എല്ലാ റോഡുകളിലെയും ഇരുവശവുമുള്ള താമസക്കാർ വി.വി.ഐ.പി കടന്നുപോകുന്നതിന് മുമ്പ് 30 മിനിറ്റിനുള്ളിൽ അവരവരുടെ സ്വകാര്യ വാഹനങ്ങൾ റോഡുകളിലേക്ക് ഇറക്കരുതെന്നും പൊലീസ് അറിയിച്ചു. നഗരപരിധിയിൽ വി.വി.ഐ.പി കടന്നുപോകുന്ന റോഡുകളിൽ കണ്ടെയ്നർ ലോറികളോ മറ്റ് ലോറികളോ ഗതാഗതം നടത്തുന്നതിന് അനുവദിക്കുന്നതല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP