Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് അട്ടമിറി; യു.ഡി.എഫ് നിയമയുദ്ധം ശക്തമാക്കുന്നു; പൊലീസ് അസോസിയേഷൻ നേതാക്കൾക്ക് ബാലറ്റ് അട്ടിമറിയിൽ കാര്യമായ പങ്കുണ്ടെന്ന ആരോപണം ശക്തം

പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് അട്ടമിറി; യു.ഡി.എഫ് നിയമയുദ്ധം ശക്തമാക്കുന്നു; പൊലീസ് അസോസിയേഷൻ നേതാക്കൾക്ക് ബാലറ്റ് അട്ടിമറിയിൽ കാര്യമായ പങ്കുണ്ടെന്ന ആരോപണം ശക്തം

രഞ്ജിത്ത് ബാബു

കണ്ണൂർ: പൊലീസുകാരുടെ പോസ്റ്റൽ വോട്ട് തിരിമറി സംബന്ധിച്ച് നിയമ നടപടികൾ ശക്തമാക്കാൻ യു.ഡി.എഫ് പ്രമുഖ അഭിഭാഷകനുമായി നിയമവശം ചർച്ച ചെയ്തു. അതോടെ സംസ്ഥാനത്തൊട്ടാകെ പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ കുറ്റവാളികളെ കുടുക്കാൻ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നിയമനടപടികൾ ശക്തമാക്കും. പോസ്റ്റൽ വോട്ട് തിരിമറിയെക്കുറിച്ച് സ്വതന്ത്ര കമ്മീഷന്റെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹരജി കോടതിയുടെ പരിഗണനയിലാണ്. ഒരു ഉദ്യോഗസ്ഥന് വോട്ട് ചെയ്യാൻ അനുവദിക്കപ്പെടുന്ന ബാലറ്റ് മറ്റൊരാൾക്ക് നൽകുന്നത് കുറ്റകരമാണ്. ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസർക്ക് നേരിട്ടോ തപാൽ വഴിയോ ബാലറ്റ് അയക്കാം. 136 ബി അനുസരിച്ചുള്ള കുറ്റമാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പൊലീസുകാരുടെ ബാലറ്റ്, അസോസിയേഷൻ നേതാക്കൾ കൈപറ്റിയതുവഴി ഉണ്ടായിട്ടുള്ളത്.

കണ്ണൂർ എ.ആർ ക്യാമ്പിലെ പൊലീസുകാരുടെ ഡ്യൂട്ടി നിശ്ചയിക്കുന്ന രണ്ട് പേർ ഇവിടെയുള്ള 20 അറ്റാച്ഡ് ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാരുടെ പോസ്റ്റൽ വോട്ടുകൾ പുരുഷ വോട്ടർമാർ വാങ്ങിയെന്നായിരുന്നു സംസ്ഥാനത്തെ പോസ്റ്റൽ വോട്ട് സംബന്ധിച്ച ആദ്യത്തെ ആരോപണം. ഒരു പോസ്റ്റൽ വോട്ട് വഴിയാത്രക്കാരന് ലഭിച്ചതോടെയാണ് പൊലീസിലെ കള്ള വോട്ട് വിവരം പുറത്തായത്. കണ്ണൂർ, കാസർഗോഡ്, വടകര ഉൾപ്പെടെ അഞ്ച് ലോകസഭാ മണ്ഡലങ്ങളിലെ പോസ്റ്റൽ വോട്ടുകൾ ഇടതു അനുകൂല പൊലീസ് അസോസിയേഷൻ നേതാക്കൾ തട്ടിയെടുത്തുവെന്നാണ് ആരോപണം. മറ്റൊരാളുടെ പോസ്റ്റൽ ബാലറ്റ് സ്വന്തം വിലാസത്തിൽ സ്വീകരിച്ച് വോട്ട് ചെയ്യുന്നത് കുറ്റകരമാണ്. ആറ് മാസം തടവു ശിക്ഷ ലഭിക്കാവുന്ന കേസാണിത്. കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതല നിർവ്വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കാണ് വോട്ടവകാശം നിഷേധിക്കപ്പെടുകയുണ്ടായി.

ബാലറ്റ് പേപ്പർ ലഭിക്കാത്ത 33 അപേക്ഷകരിൽ 26 പേർ യു.ഡി.എഫ് അനുഭാവികളാണെന്ന് അറിയുന്നു. ബേഡകം, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലെ എഎസ്ഐ. മാർ ബാലറ്റിനുള്ള അപേക്ഷ കലക്ട്രേറ്റിൽ നൽകിയതാണ്. ഇവർക്കും ബാലറ്റ് പേപ്പർ ലഭിച്ചിരുന്നില്ല. ജില്ലകളിലെ നോഡൽ ഓഫീസർമാരും വീഴ്ച വരുത്തിയതായി ആരോപണമുയർന്നിട്ടുണ്ട്. തപാൽ വോട്ടുകൾ കുറ്റമറ്റ രീതിയിൽ വിതരണം ചെയ്യണമെന്ന ഡി.ജി. പി.യുടെ സർക്കുലർ അതിന്റെ അർത്ഥത്തിൽ പാലിക്കപ്പെട്ടിരുന്നില്ല എന്നതാണ് വസ്തുത. പോസ്റ്റൽ വോട്ട് തിരിമറി കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സാവകാശം വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കയാണ്. സഹ പ്രവർത്തകർ പോസ്റ്റൽ ബാലറ്റ് തന്നെ ഏൽപ്പിക്കണമെന്ന് പറഞ്ഞ് ശ്രീ പത്മനാഭ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ വിശാഖ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ വോയ്സ് മെസേജ് ഇട്ടതിനെക്കുറിച്ചുള്ള അന്വേഷണം നടന്നു വരികയാണ്. തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തിലെ സുരക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ ഗ്രൂപ്പാണിത്. സമാനമായ രീതിയിൽ സംസ്ഥാനത്തെ മറ്റ് ചില സ്ഥലങ്ങളിലും പൊലീസുകാരുടെ വോട്ട് അട്ടിമറി നടന്നിട്ടുണ്ടെന്നാണ് വിവരം.

സംസ്ഥാന വ്യാപകമായി നടന്ന പൊലീസിലെ തപാൽ വോട്ട് അട്ടിമറിയിൽ സംഘടനാ നേതൃത്വത്തിലുള്ള പ്രധാനികൾക്ക് കൂട്ടായ പങ്കുണ്ടെന്നാണ് ആരോപണമുയർന്നിട്ടുള്ളത്. എന്നാൽ വിരലിലെണ്ണാവുന്നവർക്ക് എതിരെ മാത്രം അന്വേഷണ നടപടി സ്വീകരിച്ച ഡി.ജി. പി.യുടെ നിലപാടിനെതിരെ സേനക്കുള്ളിൽ അമർഷം പുകയുന്നുണ്ട്. വോട്ട് തട്ടിപ്പിന് നേതൃത്വം നൽകിയ അസോസിയേഷൻ നേതാക്കളെ രക്ഷിക്കാനുള്ള ശ്രമവും അണിയറയിൽ നടക്കുന്നുണ്ടെന്നാണ് വിവരം. ഡി.ജി.പി. നൽകിയ റിപ്പോർട്ടിലും അസോസിയേഷൻ നേതാക്കൾക്കെതിരെ പരാമർശമൊന്നുമില്ലാത്തത് ഇതിന് തെളിവാണെന്ന് സേനയിലെ ഒരു വിഭാഗം ആരോപിക്കുന്നു. തുടരന്വേഷണത്തിൽ കുറ്റവാളികൾക്കെതിരെ മൊഴി നൽകാൻ പൊലീസുകാർ ഭയപ്പെടുകയാണ്. ആരെങ്കിലും വസ്തുതകൾ പുറത്തുകൊണ്ടു വരുവാൻ ശ്രമിച്ചാൽ പോലും അധികാരമുപയോഗിച്ച് നിലക്കു നിർത്താൻ കഴിയുമെന്നതാണ് പൊലീസ് സേനയിലെ അവസ്ഥ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP