Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സവർണ സംവരണത്തിനെതിരേ പിന്നാക്ക വിഭാഗങ്ങൾ ഐക്യപ്പെട്ടതോടെ സിപിഎമ്മിന് സമനില നഷ്ടപ്പെട്ടു; സിപിഎം മുസ്‌ലിം വിരുദ്ധ വർഗീയതയുടെ പ്രചാരകരാവരുതെന്ന് പോപുലർ ഫ്രണ്ട്

സവർണ സംവരണത്തിനെതിരേ പിന്നാക്ക വിഭാഗങ്ങൾ ഐക്യപ്പെട്ടതോടെ സിപിഎമ്മിന് സമനില നഷ്ടപ്പെട്ടു; സിപിഎം മുസ്‌ലിം വിരുദ്ധ വർഗീയതയുടെ പ്രചാരകരാവരുതെന്ന് പോപുലർ ഫ്രണ്ട്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സംസ്ഥാന സർക്കാർ നടപ്പാക്കിയ മുന്നാക്ക സംവരണത്തിനെതിരേ പിന്നാക്ക സമുദായങ്ങൾ ഉയർത്തുന്ന പ്രതിഷേധങ്ങളെ അട്ടിമറിക്കാൻ, എൽ.ഡി.എഫ് സർക്കാരും സിപിഎമ്മും മുസ്‌ലിംവിരുദ്ധ വർഗീയകാർഡ് കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പാക്കിയ സവർണ സംവരണത്തെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ, അതിനെതിരേ മുസ്‌ലിം സംവരണം മാത്രം വേർതിരിച്ച് ഉയർത്തികാട്ടി താരതമ്യം ചെയ്യുന്ന പിണറായി വിജയന്റെ നടപടി മുഖ്യമന്ത്രി പദവിക്ക് ചേരാത്ത നടപടിയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

പത്തു ശതമാനം സവർണ സംവരണത്തിലൂടെ കേരള സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പിന്നാക്ക സംവരണ അട്ടിമറിക്കെതിരേ പിന്നാക്ക സമുദായ സംഘടനകൾ ഒറ്റക്കെട്ടായാണ് പ്രക്ഷോഭ രംഗത്തുള്ളത്. എന്നാൽ തുടക്കം മുതൽ പ്രതിഷേധങ്ങൾക്കു മേൽ മുസ്‌ലിം വർഗീയത ആരോപിക്കാനുള്ള മനഃപൂർവമായ ശ്രമമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവനു പിന്നാലെ സമരത്തെ ജിഹാദായി വിശേഷിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തുവന്നതിന്റെ തുടർച്ചയായാണ് ഇപ്പോൾ മുഖ്യമന്ത്രി കേരളത്തിനു പുറത്ത് മുസ്‌ലിം സംവരണമില്ലെന്ന വസ്തുതാവിരുദ്ധമായ പ്രസ്താവനയുമായി രംഗത്തെത്തിയത്. സങ്കുചിതമായ രാഷ്ട്രീയ താൽപ്പര്യത്തിനുവേണ്ടി, ആർഎസ്എസ് നടത്തിക്കൊണ്ടിരിക്കുന്ന വർഗീയ ധ്രുവീകരണ നീക്കങ്ങൾക്ക് ആക്കം കൂട്ടുകയാണ് സിപിഎം. മുസ്‌ലിം സംവരണം ഇല്ലായ്മ ചെയ്യാനുള്ള സംഘപരിവാർ പ്രചാരണത്തിന് നിലമൊരുക്കലാണിത്.

കേരളത്തിനു പുറത്ത് മുസ്‌ലിം സംവരണം ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണ്. കേരളത്തിലേതു പോലെ ഇതരസംസ്ഥാനങ്ങളിലും മുസ്‌ലിം സമുദായം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ഒ.ബി.സി ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ടെന്ന വസ്തുത നിരാകരിക്കുന്നതിലൂടെ, മുസ്‌ലിം സംവരണം അനർഹമാണെന്ന് വാദിക്കുന്നവർക്ക് മുഖ്യമന്ത്രി വഴിമരുന്നിടുകയാണ്. മുസ്‌ലിംകൾ അനുഭവിക്കുന്ന സംവരണ ആനുകൂല്യം സിപിഎമ്മിന്റെ പാർട്ടി ഓഫീസിൽ നിന്നനുവദിക്കുന്ന ഔദാര്യമല്ല. യു.ഡി.എഫിനോ എൽ.ഡി.എഫിനോ മുസ്‌ലിം സംവരണാവകാശം നേടിയെടുത്തതിൽ ഒരു പങ്കും അവകാശപ്പെടാനാവില്ല. ഐക്യകേരളം നിലവിൽ വരുന്നതിനു മുമ്പേ തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷ് മലബാറിലും നിരന്തരമായ സംവരണ പ്രക്ഷോഭങ്ങൾക്കൊടുവിൽ പിന്നാക്ക വിഭാഗങ്ങൾ നേടിയെടുത്ത അവകാശമാണത്. അതിനെ ഭരണകൂടത്തിന്റെ സൗജന്യമെന്ന മട്ടിൽ ചിത്രീകരിച്ച് മുസ്‌ലിം വിരുദ്ധ വർഗീയത ഇളക്കിവിടാനുള്ള അപടകരമായ നീക്കം സമൂഹം തിരിച്ചറിയണം.

സവർണ ജാതിമേൽക്കോയ്മക്കെതിരേ, കേരളത്തിൽ അവർണ, പിന്നാക്ക ജനവിഭാഗങ്ങൾ നടത്തിയ പോരാട്ടങ്ങളുടെ ഐക്യനിരയിൽ ശക്തമായി നിലകൊണ്ട മുസ്‌ലിം സമുദായത്തിന്റെ ചരിത്ര പാരമ്പര്യത്തെയാണ് പിണറായി വിജയനും കൂട്ടരും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്. പൊതുവിഭാഗത്തിലെ പിന്നാക്കക്കാരന്റെ അവകാശം കവർന്നെടുത്ത് സവർണ വിഭാഗങ്ങൾക്ക് അടിയറ വയ്ക്കുന്ന സിപിഎമ്മിന്റെ കാപട്യം തുറന്നുകാണിക്കപ്പെട്ടിരിക്കുകയാണ്. സവർണ സംവരണത്തിനെതിരേ പിന്നാക്ക വിഭാഗങ്ങൾ ഐക്യപ്പെട്ടതോടെ സമനില നഷ്ടപ്പെട്ട സിപിഎം സവർണ വോട്ടുബാങ്ക് ഏകീകരണം ലക്ഷ്യമിട്ടാണ് മുസ്‌ലിം വിഭാഗങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത്. വർഗീയ പ്രചാരണം ആയുധമാക്കുന്നതിലൂടെ സംവരണ വിഷയത്തിൽ അടിസ്ഥാന വിഭാഗങ്ങളെ കൈയൊഴിഞ്ഞ സിപിഎം സംഘപരിവാരത്തിനും സവർണ്ണർക്കുമൊപ്പമാണെന്ന് സംശയത്തിനിടയില്ലാത്ത വിധം തെളിഞ്ഞിരിക്കുകയാണ്. അപകടരമായ ഇത്തരം നീക്കങ്ങൾക്കെതിരേ എല്ലാ ജനാധിപത്യശക്തികളും രംഗത്തുവരണമെന്നും അബ്ദുൽ സത്താർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP