Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ബ്രിട്ടീഷ് സൈന്യത്തോട് കൈയിൽ കിട്ടിയ ആയുധങ്ങളുമായി മാപ്പിള പോരാളികൾ ഏറ്റുമുട്ടിയ തുല്യതയില്ലാത്ത സമരചരിത്രമാണ് പൂക്കോട്ടൂർ യുദ്ധം; നൂറാം വയസിലേക്ക് കടന്ന സമര പോരാട്ടത്തെ ദേശീയ പൈതൃകത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യം ഉയരുന്നു; ആവശ്യം ഉന്നയിച്ച മുൻ ഗവർണർ കെ ശങ്കരനാരായണൻ രംഗത്ത്

ബ്രിട്ടീഷ് സൈന്യത്തോട് കൈയിൽ കിട്ടിയ ആയുധങ്ങളുമായി മാപ്പിള പോരാളികൾ ഏറ്റുമുട്ടിയ തുല്യതയില്ലാത്ത സമരചരിത്രമാണ് പൂക്കോട്ടൂർ യുദ്ധം; നൂറാം വയസിലേക്ക് കടന്ന സമര പോരാട്ടത്തെ ദേശീയ പൈതൃകത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യം ഉയരുന്നു; ആവശ്യം ഉന്നയിച്ച മുൻ ഗവർണർ കെ ശങ്കരനാരായണൻ രംഗത്ത്

ജംഷാദ് മലപ്പുറം

മലപ്പുറം: ബ്രിട്ടീഷ് സൈന്യത്തോട് കൈയിൽ കിട്ടിയ ആയുധങ്ങളുമായി മാപ്പിള പോരാളികൾ ഏറ്റുമുട്ടിയ തുല്യതയില്ലാത്ത സമരചരിത്രമായാണ് പൂക്കോട്ടൂർ യുദ്ധത്തെ വിശേഷിപ്പക്കുന്നത്. നൂറാം വയസിലേക്ക് കടന്ന സമര പോരാട്ടത്തെ ദേശീയ പൈതൃകത്തിന്റെ ഭാഗമാക്കണമെന്നാവശ്യം ഉന്നയിച്ചത് മുൻ ഗവർണർ കെ ശങ്കരനാരായണനും രംഗത്ത്. ഐതിഹാസിക സമരത്തെ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമകളിൽ പൂക്കോട്ടൂർ യുദ്ധം നൂറാം വയസിലേക്ക് കടക്കുകയാണ്. 1921ലാണ് പൂക്കോട്ടൂർ യുദ്ധം നടന്നത്. കരുത്തരായ ബ്രിട്ടീഷ് സൈന്യത്തോട് കൈയിൽ കിട്ടിയ ആയുധങ്ങളുമായി മാപ്പിള പോരാളികൾ ഏറ്റുമുട്ടിയ തുല്യതയില്ലാത്ത സമരചരിത്രമാണ് പൂക്കോട്ടൂർ യുദ്ധത്തിന് പറയാനുള്ളത്.

1921 ഓഗസ്റ്റ് 26ന് വെള്ളിയാഴ്ചയാണ് പൂക്കോട്ടൂർ യുദ്ധം നടന്നത്. ബ്രിട്ടീഷ് അധിനിവേശ ശക്തികൾ തന്നെ യുദ്ധമെന്ന് വിശേഷിപ്പിച്ച അപൂർവങ്ങളിൽ ഒന്ന്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചെറുത്തുനിൽപിനും അതിജീവന പോരാട്ട സമരങ്ങൾക്കും സാക്ഷിയായ യുദ്ധത്തിന് 99 വയസായി. ബ്രിട്ടീഷ് പട്ടാളം എത്തുന്നതറിഞ്ഞ് മാപ്പിളമാർ അവരെ ഗറില്ല യുദ്ധമുറയിൽ നേരിടാൻ തീരുമാനിക്കുകയായിരുന്നു. ആയുധശേഷിയിൽ ഏറെ മുന്നിലുണ്ടായിരുന്ന ബ്രിട്ടീഷ് പട്ടാളം അഞ്ച് മണിക്കൂർ നീണ്ട പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ പിൻവാങ്ങി.

259 പേർ യുദ്ധക്കളത്തിൽ തന്നെ മരിച്ചുവീണു. 400ലേറെ പടയാളികളാണ് യുദ്ധത്തിന്റെ ഭാഗമായി വീരമൃത്യു വരിച്ചത്. യുദ്ധശേഷം പ്രദേശത്തെ ബ്രിട്ടീഷ് പട്ടാളം ആകമാനം നാമാവശേഷമാക്കി. പോരാളികളെ അന്തമാനിലേക്കും ബെല്ലാരിയിലേക്കും നാടുകടത്തി. ചിലരെ തൂക്കിക്കൊന്നു, ചിലരെ വെടിവച്ചുകൊന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പൂക്കോട്ടൂരിലെ സെക്രട്ടറിയായിരുന്ന വടക്കുവീട്ടിൽ മുഹമ്മദായിരുന്നു യുദ്ധത്തിന് നേതൃത്വം നൽകിയത്. പൂക്കോട്ടൂർ ഖിലാഫത്ത് മെമോറിയൽ യതീംഖാന, 1921 പൂക്കോട്ടൂർ യുദ്ധസ്മാരക ഗേറ്റ് അറവങ്കര, പിലാക്കലിലെ പൂക്കോട്ടൂർ രക്തസാക്ഷികളുടെ അഞ്ച് മഖ്ബറകൾ എന്നിവ സ്മാരകമായി പൂക്കോട്ടൂരിലും പരിസരപ്രദേശങ്ങളിലും ഇന്ന് തലയുയർത്തി നിൽക്കുകയാണ്.

അതേ സമയം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 1921ൽ പൂക്കോട്ടൂരിൽ നടന്ന ഐതിഹാസിക സമരത്തെ ദേശീയ പൈതൃകമായി പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുൻ ഗവർണർ കെ ശങ്കരനാരായണൻ ആവശ്യപ്പെട്ടു. പൂക്കോട്ടൂർ യുദ്ധത്തിന്റെ 99-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന വെബിനാർ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമര ചരിത്രത്തെയും അന്നത്തെ ദേശീയ നേതാക്കളുടെ സംഭാവനകളെയും വിസ്മരിക്കരുതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

സ്വാതന്ത്ര്യ സമരത്തെ വികലമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപിക്കാൻ ദേശ സ്‌നേഹികൾ മുന്നോട്ട് വരണമെന്ന് വെബിനാറിൽ പ്രബന്ധം അവതരിപ്പിച്ച ചരിത്രകാരന്മാരായ മുൻ കോഴിക്കോട് സർവ്വകലാശാല വിസി ഡോ. കെ കെ എൻ കുറുപ്പ്, ചരിത്ര വിഭാഗം തലവൻ ഡോ. ശിവദാസൻ മങ്കട, മോയിൻകുട്ടി വൈദ്യർ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി എന്നിവർ ആഹ്വാനം ചെയ്തു. പൂക്കോട്ടൂർ ഖിലാഫത്ത് മെമോറിയൽ ഇസ്ലാമിക് സെന്ററും വാരിയൻ കുന്നത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി നടത്തിയ വെബിനാറിൽ ഫൗണ്ടേഷൻ ദേശീയ ചെയർമാൻ അലവി കക്കാടൻ ആദ്ധ്യക്ഷം വഹിച്ചു. വാരിയം കുന്നത്തിനെ കുറിച്ച് ഡോ. അജ്മൽ ഖാൻ രചിച്ച ഇംഗ്ലീഷ് കവിത ചടങ്ങിൽ പ്രകാശനം ചെയ്തു.

അബ്ദുസമദ് പൂക്കോട്ടൂർ അനുസ്മരണ പ്രഭാഷണം നടത്തി. പി ഉബൈദുള്ള എം എൽ എ, ടി വി ഇബ്രാഹീം എം എൽ എ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേടശേരി യൂസഫ് ഹാജി, പി കെ എം ഐ സി വർക്കിങ് പ്രസിഡണ്ട് കെ എം അക്‌ബർ, വി കെ എഫ് ഐ വർക്കിങ് പ്രസിഡണ്ട് ബംഗാളത്ത് കുഞ്ഞിമുഹമ്മദ്, സ്വാഗത സംഘം ചെയർമാൻ അഡ്വ. കാരാട്ട് അബദുറഹിമാൻ, കൺവീനർമാരായ ഒ എ വഹാബ്, മുസ്തഫ കൊടക്കാടൻ പ്രസംഗിച്ചു. കെ പി ഉണ്ണീതു ഹാജി, ഫൈസൽ ഹുദവി, ശിഹാബ് പൂക്കോട്ടൂർ കെ പി എസ് ആബിദ് തങ്ങൾ, കെ ഇസ്മായിൽ മാസ്റ്റർ, പി എ സലാം, സത്യൻ പൂക്കോട്ടൂർ, ഫഹദ് സലീം, കെ പി മുഹമ്മദ് ഷാ ഹാജി, ഒ എം ഗഫുർ, ഖിലാഫത്ത് സന്ദേശം നൽകി. രാവിലെ രക്ത സാക്ഷികളുടെ ഖബറിടത്തിൽ നടത്തിയ പ്രാർത്ഥനയിൽ ചക്കിപ്പറമ്പൻ ഇബ്രാഹിം ഹാജി, പി എം ആർ അലവി ഹാജി, വടക്ക് വീട്ടിൽ ഇബ്രാഹീം, കെ മമ്മദ്, മോഴിക്കൽ ഇസ്മായിൽ ഹാജി, ഹുസൈൻ മുസ്ലിയാർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP