Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വെട്ടേറ്റ് വികൃതമായ മൃതദേഹം പിണറായിയിലെ വീട്ടിൽ എത്തിച്ചപ്പോൾ സഹോദരി ബോധരഹിതയായി വീണു; അലറി വിളിച്ച് കരഞ്ഞ അമ്മയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ; രോഷാകുലരായി നൂറുകണക്കിന് ബിജെപി-ആർഎസ്എസ് പ്രവർത്തകർ; രമിത്തിന് പിതാവിന്റെ ശവകുടീരത്തിന് സമീപം അന്ത്യവിശ്രമം

വെട്ടേറ്റ് വികൃതമായ മൃതദേഹം പിണറായിയിലെ വീട്ടിൽ എത്തിച്ചപ്പോൾ സഹോദരി ബോധരഹിതയായി വീണു; അലറി വിളിച്ച് കരഞ്ഞ അമ്മയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ; രോഷാകുലരായി നൂറുകണക്കിന് ബിജെപി-ആർഎസ്എസ് പ്രവർത്തകർ; രമിത്തിന് പിതാവിന്റെ ശവകുടീരത്തിന് സമീപം അന്ത്യവിശ്രമം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പിണറായിയിൽ വെട്ടേറ്റുമരിച്ച ആർഎസ്എസ്. പ്രവർത്തകൻ കൊല്ലനാണ്ടി വീട്ടിൽ രമിത്തിന്റെ മൃതദേഹം ചാവശ്ശേരിയിലെ ആവട്ടിയിൽ സംസ്‌കരിച്ചു. വർഷങ്ങൾക്കുമുമ്പ് കൊല്ലപ്പെട്ട അച്ഛൻ ചോടോൻ ഉത്തമന്റെ ശവകുടീരത്തിന് സമീപത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ശവസംസ്‌കാരം. രമിത്തിന്റെ മൃതദേഹം പിണറായിയിലെ വീട്ടിലെത്തിച്ചപ്പോൾ സഹോദരി രമിഷ ബോധരഹിതയായി. അമ്മ നാരായണിയെ സാന്ത്വനിപ്പിക്കാനാവാതെ കൂടിനിന്നവർ വിങ്ങിപ്പൊട്ടി. കൂത്തുപറമ്പിലും കരേറ്റയിലും പൊതുദർശനത്തിനുവച്ചശേഷം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ചാവശ്ശേരി ആവട്ടിയിൽ മൃതദേഹം സംസ്‌കരിച്ചത്. 

രാവിലെഎട്ടരക്ക് പോസ്റ്റ്‌മോർട്ടത്തിനു ശേഷം രമിത്തിന്റെ ഭൗതിക ദേഹം ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് സംഘ വിവിധക്ഷേത്ര സംഘടനകളുടെ സംസ്ഥാനതല നേതാക്കൾ ഏറ്റുവാങ്ങി. ആർഎസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലൻകുട്ടി മാസ്റ്റർ, പ്രാന്തപ്രചാരക് പി.എൻ. ഹരികൃഷ്ണകുമാർ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവർ പട്ടു പുതപ്പിച്ചു.

തുടർന്ന് വിലാപയാത്രയായി തലശ്ശേരി, പിണറായി, തൊക്കിലങ്ങാടി, കരേറ്റ എന്നിവിടങ്ങളിൽ പൊതുദർശനത്തിനു വച്ചു. പിണറായിയിലെ വീട്ടിലെത്തിച്ച രമിത്തിന്റെ മൃതദേഹം കണ്ട അമ്മ, സഹോദരി, ബന്ധുക്കൾ തുടങ്ങിയവരുടെ ദുഃഖം ഹൃദയഭേദകമായിരുന്നു. പിതാവിന്റെ ജന്മനാടായ ചാവശ്ശേരി ആവട്ടിയിൽ എത്തിച്ചു. അവിടെ ആയിരങ്ങളാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. പിതാവ് ഉത്തമൻ അന്ത്യവിശ്രമം കൊള്ളുന്ന തറവാട്ട് ശ്മശാനത്തിൽ രമിത്തിന്റെ മൃതദേഹവും സംസ്‌കരിച്ചു. പിതാവിന്റെ മരുമകൻ റിനേഷ്, മാതാവിന്റെ ജ്യേഷ്ഠ പുത്രൻ ജിത്തു എന്നിവർ ചേർന്ന് ചിതക്ക് തീ കൊളുത്തി.

മംഗളൂരു എംപി. നളിൻകുമാർ കട്ടീൽ, ബിജെപി. ദേശീയസമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, മുൻ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ, സംസ്ഥാന നേതാക്കളായ എ.എൻ.രാധാകൃഷ്ണൻ, പി.സുധീർ, കെ.പി.ശ്രീശൻ, എൻ.ഗണേശ്, ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, പട്ടികമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള നായ്ക്, ആർഎസ്എസ്. പ്രാന്തസഹസംഘചാലക് കെ.കെ.ബാലറാം, പ്രാന്തകാര്യകാരി വി.ഗോപാലൻകുട്ടി, പ്രാന്തപ്രചാരക് പ്രമുഖ് പി.എൻ.ഹരികൃഷ്ണകുമാർ, പ്രാന്തകാര്യകാര്യസദസ്യൻ വത്സൻ തില്ലങ്കേരി, പ്രാന്തീയ സമ്പർക്ക് പ്രമുഖ് പി.പി.സുരേഷ്ബാബു, നേതാക്കളായ പി.പി.രാമചന്ദ്രൻ, കെ.പി.പ്രകാശ്ബാബു, ബിജു ഏളക്കുഴി, എ.പി.പ്രഫുൽകൃഷ്ണ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

കൊലപാതക രാഷ്ട്രീയത്തിൽ നാരായണിക്ക് ഭർത്താവിന് പിന്നാലെ മകനേയും നഷ്ടപ്പെട്ടു. ഇനിയുള്ളത് ഗർഭിണിയായ മകൾ മാത്രം. നാരായാണിയും രമിഷയും പറയുന്നത് കണ്ണൂർ രാഷ്ട്രീയത്തിലെ കണ്ണീരന്റെ കഥയാണ്. ഭർത്താവ് ഉത്തമനെ കൊലപ്പെടുത്തിയ പ്രതികാരം പതിനഞ്ചു വർഷത്തിനു ശേഷം അതേവഴിയിൽ കാത്തുനിന്നു മകൻ രമിത്തിനെയും കൊണ്ടുപോയി. ആർഎസ്എസ് പ്രവർത്തകനായിരുന്ന അച്ഛൻ ഉത്തമനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുമ്പോൾ രമിത്തിനു 14 വയസ്സാണു പ്രായം. കുടുംബത്തിന്റെ അവസാന ആശ്രയമായ മകനെ ഏറെ പ്രതീക്ഷയോടെയാണു നാരായണി വളർത്തിയത്. ഇടക്കാലത്തു ഗൾഫിൽ പോയി തിരിച്ചുവന്ന ശേഷം സുഹൃത്തുമായി ചേർന്നു ലോറിയെടുത്തു ഡ്രൈവറായി കുടുംബം പുലർത്തുകയായിരുന്നു രമിത്. തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിൽ പിണറായിയിലെ സിപിഐ(എം) പ്രവർത്തകൻ രവീന്ദ്രൻ കൊല്ലപ്പെട്ടതിനെത്തുടർന്നു രമിത്തിന്റെ വീടിനുനേരെ ആക്രമണങ്ങളുണ്ടായി. ഇടക്കാലത്തു വീട്ടിൽ നിന്നു മാറി നിന്നെങ്കിലും സഹോദരി രമിഷ ഗർഭിണി ആയതിനെ തുടർന്നാണ് ഇവർ വീണ്ടും പിണറായിയിൽ എത്തിയത്.

സഹോദരിക്കു മരുന്നു വാങ്ങാൻ ഇറങ്ങിയ രമിത്തിന്റെ നിലവിളികേട്ട് അമ്മയും സഹോദരി രമിഷയും ഓടിയെത്തുമ്പോൾ വെട്ടേറ്റുപിളർന്ന രമിത്തിന്റെ ശരീരമാണു കണ്ടത്. വിറങ്ങലിച്ച അമ്മയേയും ബോധരഹിതയായ സഹോദരിയേയും സമീപത്തെ പെട്രോൾ പമ്പിലെ ജീവനക്കാരാണു വീട്ടിലാക്കിയത്. 2002 മെയ് 21ന് രാത്രി 7.30നായിരുന്നു രമിത്തിന്റെ അച്ഛൻ ബസ് ഡ്രൈവറും ആർഎസ്എസ് പ്രവർത്തകനുമായ ചാവശ്ശേരിയിലെ ഉത്തമനെ (48) ബസിൽ നിന്നു വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്കു പോകുന്ന ബസിന്റെ ഡ്രൈവറായിരുന്നു ഉത്തമൻ. നേരത്തേ ബസിൽ കയറിയ അക്രമികൾ ബസ് കീഴൂരിൽ എത്തിയതോടെ ബോംബെറിഞ്ഞു ഭീതിപരത്തി. തുടർന്ന് ബസിൽ നിന്നു വലിച്ചിറക്കി ഉത്തമനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് ഉത്തമന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന സംഘത്തിനു നേരെ ബോംബാക്രമണം ഉണ്ടായി. തില്ലങ്കേരിയിലുള്ള 70 വയസുള്ള കുനിയിൽ അമ്മു അമ്മയേയും ജീപ്പ് ഡ്രൈവർ ശിഹാബും (25) ഈ അതിക്രമത്തിൽ കൊല്ലപ്പെട്ടു. തലശ്ശേരി കോടതിയിലുള്ള ഈ കേസിൽ പ്രതികളെ ഒരുമാസം മുൻപ് വിട്ടയച്ചു.

ഗർഭിണിയായ സഹോദരിക്ക് മരുന്ന് വാങ്ങാൻ തലശ്ശേരിയിലേക്ക് പോകാനിറങ്ങിയതാണ് രമിത്ത്. രമിത്തിനെ പെട്രോൾ പമ്പിന് സമീപം മാരകായുധങ്ങളുമായി സംഘടിച്ചുനിന്ന സിപിഐ(എം) സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അമ്മയും സംഭവം നേരിൽ കണ്ട് ബോധം കെട്ട് വീണു. കഴുത്തിനും വയറിനും മാരകമായി പരിക്കേറ്റ രമിത്തിനെ ഉടൻ തന്നെ എക്‌സൈസ് വാഹനത്തിൽ തലശ്ശേരി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്ത് ഏതാണ്ട് പൂർണ്ണമായും അറുത്തുമാറ്റപ്പെട്ട നിലയിലായിരുന്നു. രമിത്തിനെ അപായപ്പെടുത്താനുള്ള തയ്യാറെടുപ്പുമായി രാത്രി തന്നെ സിപിഐ(എം) സംഘം വൻ ആയുധസന്നാഹവുമായി വീടിന് സമീപമുണ്ടായിരുന്നുവെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP