Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൂടത്തായി കൂട്ടക്കൊലപാതകത്തിൽ ഷാജുവിനെ നാളെ വീണ്ടും ചോദ്യം ചെയ്യും; വടകര റൂറൽ എസ്‌പി ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകി; ഷാജുവിനെ കൂടാതെ പിതാവ് സക്കറിയ റോയിയുടെ സഹോദരനായ റോജോക്കും നോട്ടീസ്; രാജകുമാരിയിലെത്തി ജോളിയുടെ സഹോദരിയേയും ഭർത്താവ് ജോണിയേയും ചോദ്യം ചെയ്തു അന്വേഷണ സംഘം

കൂടത്തായി കൂട്ടക്കൊലപാതകത്തിൽ ഷാജുവിനെ നാളെ വീണ്ടും ചോദ്യം ചെയ്യും; വടകര റൂറൽ എസ്‌പി ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകി; ഷാജുവിനെ കൂടാതെ പിതാവ് സക്കറിയ റോയിയുടെ സഹോദരനായ റോജോക്കും നോട്ടീസ്; രാജകുമാരിയിലെത്തി ജോളിയുടെ സഹോദരിയേയും ഭർത്താവ് ജോണിയേയും ചോദ്യം ചെയ്തു അന്വേഷണ സംഘം

സ്വന്തം ലേഖകൻ

കോഴിക്കോട്: കൂടത്തായിയിലെ കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കേസിലെ പ്രതിയായ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ അന്വേഷണസംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച രാവിലെ വടകര റൂറൽ എസ്‌പി ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഷാജുവിന് നോട്ടീസ് നൽകി. ഷാജുവിനെ കൂടാതെ പിതാവ് സക്കറിയ, മരിച്ച റോയിയുടെ സഹോദരനും കേസിലെ പരാതിക്കാരനുമായ റോജോ എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനിടെ അന്വേഷണ സംഘം ഇടുക്കിയിലെ രാജകുമാരിയിലെത്തി ജോളിയുടെ സഹോദരിയേയും ഭർത്താവ് ജോണിയേയും ചോദ്യം ചെയ്തു. സിഐ വിനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് ജോണി വ്യക്തമാക്കി.

അതേസമയം കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പ്രാദേശിക ലീഗ് നേതാവ് വി.കെ. ഇമ്പിച്ചിമോയിയുടെ വീട്ടിൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. ഞായറാഴ്ച ഉച്ചക്ക് 12.30ഓടെയാണ് ജോളിയുടെ അയൽക്കാരനും മുസ്‌ലിം ലീഗ് കൂടത്തായി യൂനിറ്റ് പ്രസിഡന്റുമായ ഇമ്പിച്ചി മോയിയുടെ വീട്ടിൽ പൊലീസ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് ഒരുമണിക്കൂറോളം നീണ്ടു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി ഹരിദാസിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ കൊടുവള്ളി, കൊയിലാണ്ടി സിഐമാർ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. വീട്ടിൽ നടന്ന റെയ്ഡിൽ ഭൂനികുതി അടച്ച രസീതോ മറ്റു നിർണായക രേഖകളോ ഒന്നും തന്നെ പൊലീസിന് കണ്ടെത്താനായില്ല. എന്നാൽ, കൂടത്തായി അങ്ങാടിയിലെ മകന്റെ കടയിൽ നടത്തിയ റെയ്ഡിൽ ജോളിയുടെ പേരിലുള്ള റേഷൻകാർഡ് കണ്ടെടുത്തു.

തന്റെ വീട്ടിൽനടന്ന പരിശോധനയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് ഇമ്പിച്ചി മോയി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരോട് താൻതന്നെ പറഞ്ഞതു പ്രകാരമാണ് കടതുറന്ന് റേഷൻകാർഡ് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. മകന്റെ കടയുടെ തൊട്ടടുത്തമുറിയായ റേഷൻകടയിൽനിന്ന് ജോളിയുടെ മകനാണ് റേഷൻസാധനങ്ങൾ വാങ്ങാനെത്തുന്നതെന്നും അങ്ങനെയാണ് കടയിൽ കാർഡ് സൂക്ഷിച്ചതെന്നും ഇമ്പിച്ചിമോയി പറഞ്ഞു.

പൊലീസ് പിടിയിലാവുന്നതിനു മുമ്പ് ജോളി പലതവണ ഇമ്പിച്ചിമോയിയെ ഫോണിൽ വിളിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൂടാതെ ജോളിയിൽനിന്നു 50,000 രൂപ താൻ കടം വാങ്ങിയതായും ജോളിയുടെ ഭൂമിയുടെ നികുതി അടക്കാൻ ശ്രമിച്ചിരുന്നതായും ഇമ്പിച്ചി മോയി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ലീഗ് നേതാവിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയത്. കേസുമായി ബന്ധമുള്ള മറ്റുള്ളവരുടേയും വീടുകളിൽ വരും ദിവസങ്ങളിൽ സമാന രീതിയിൽ റെയ്ഡ് ഉണ്ടാവാനും സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP