Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പൊലീസ് പരിശോധനക്കിടെ അമ്മയെ മറന്ന് വണ്ടിയുമെടുത്ത് പോയ മകൻ; പൊറോട്ട തിന്നാൻ കൊതിച്ച് പുറത്തിറങ്ങിയ വയോധികൻ; പൊലീസിന്റെ കയ്യിൽ നിന്നും കുടിവെള്ള കുപ്പി വാങ്ങി പെട്രോൾ വാങ്ങാനെത്തിയ കുട്ടികൾ; കൊറോണക്കാലത്തെ പൊലീസ് അനുഭവങ്ങൾ ഇങ്ങനെ

പൊലീസ് പരിശോധനക്കിടെ അമ്മയെ മറന്ന് വണ്ടിയുമെടുത്ത് പോയ മകൻ; പൊറോട്ട തിന്നാൻ കൊതിച്ച് പുറത്തിറങ്ങിയ വയോധികൻ; പൊലീസിന്റെ കയ്യിൽ നിന്നും കുടിവെള്ള കുപ്പി വാങ്ങി പെട്രോൾ വാങ്ങാനെത്തിയ കുട്ടികൾ; കൊറോണക്കാലത്തെ പൊലീസ് അനുഭവങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ലോക് ഡൗൺ കാലത്തും വിശ്രമമില്ലാത്ത സേവനമുഖത്താണ് പൊലീസുകാർ. സമരമങ്ങളും അ​ക്രമങ്ങളും മന്ത്രിമാർക്ക് വഴിയൊരുക്കലുകളും എല്ലാം കുറഞ്ഞിട്ടും ലോക് ഡൗൺ ലംഘിക്കുന്നോ എന്ന പരിശോധനയുമായി രാപകൽ വ്യത്യാസമില്ലാതെ പൊലീസുകാരുണ്ട്. പരിശോധനകൾക്കിടയിൽ രസകരമായ സംഭവങ്ങൾക്കും പൊലീസുകാർ സാക്ഷികളാകാറുണ്ട്. വീട്ടിലിരുന്ന് മടുത്തപ്പോൾ ഒന്ന് കവല വരെ പോയി വരാം എന്ന് കരുതുന്നവർ മുതൽ അത്യാവശ്യകാര്യങ്ങൾക്കായി റോഡിൽ ഇറങ്ങുന്നവരെ വരെ ഓരോ ദിവസവും റോഡിൽ പരിശോധിക്കുകയാണ് പൊലീസ്. അതിനിടയിൽ ഉണ്ടാകുന്ന ചില രസകരമായ സംഭവങ്ങൾ ഇങ്ങനെ..

മുണ്ടക്കയത്തെ റോഡിൽ പൊലീസിന്റെ വാഹനപരിശോധന നടക്കുന്നതിനിടെ 70 വയസ്സു തോന്നിക്കുന്നയാൾ തിടുക്കത്തിൽ നടന്നുനീങ്ങുന്നു. വെള്ളിനര കയറിയ കുറ്റിത്താടിയിൽ നിന്നു വിയർപ്പ് ഇറ്റുവീഴുന്നുണ്ട്. ‘എവിടേക്കാണു യാത്ര’ എന്ന ചോദ്യത്തിന് വയോധികന്റെ മറുപടി: ‘‘വീട്ടിൽ ഇരുന്നു മടുത്തു. കടകൾ തുറന്നെന്നു കേട്ടു, ഒരു പൊറോട്ട തിന്നിട്ട് ഒരുപാടു നാളായി. രണ്ടെണ്ണം കിട്ടുമോ എന്ന് അറിയാൻ വന്നതാണ്. അപ്പൊ, ദേ ഹോട്ടൽ തുറന്നിട്ടുമില്ല.’’ മറുപടിക്കു കാത്തുനിൽക്കാതെ വയോധികൻ നടന്നുനീങ്ങി.

ഇല്ലിക്കൽ കവലയിൽ 14 വയസ്സുള്ള 2 കുട്ടികൾ മാസ്ക് ധരിക്കാതെ പോകുന്നതു കണ്ട് പൊലീസ് ഇവരെ അടുത്തേക്കു വിളിച്ചു. എവിടെ പോകുകയാണെന്നു ചോദിച്ചപ്പോൾ മൊബൈൽ കടയിൽ പോകുകയാണ് എന്നു മറുപടി. മൊബൈൽ കട തുറന്നിട്ടില്ല എന്നു പറഞ്ഞപ്പോൾ കുട്ടികൾ തിരികെ പോയി. അൽപം കഴിഞ്ഞപ്പോൾ വീണ്ടും വന്നു. വീണ്ടും പൊലീസിന്റെ ചോദ്യം, ‘എങ്ങോട്ടാ?’ പെട്രോൾ വാങ്ങാൻ പോകുകയാണ് എന്നു പുതിയ മറുപടി. അതിനു കയ്യിൽ കുപ്പി ഇല്ലല്ലോ എന്ന ചോദ്യത്തിനും കുട്ടികളുടെ പക്കൽ മറുപടി റെഡി. ‘പൊലീസുകാർക്കു നൽകിയ വെള്ളക്കുപ്പികളിൽ ഒന്നു എടുത്തു കൊണ്ടുപോകാനാണു വന്നത്’.

ജില്ലാ അതിർത്തിയായ നീർപ്പാറയിൽ പൊലീസിന്റെ പരിശോധനക്കിടെ ബൈക്കിലെത്തിയ അമ്മയെയും മകനെയും പൊലീസ് തടഞ്ഞു. കൊടുങ്ങല്ലൂരിൽ നിന്നു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി വന്നതാണെന്നു പരിശോധനയിൽ ബോധ്യപ്പെട്ടു. ജില്ല കടക്കുന്നതിന് ആവശ്യമായ രേഖകൾ പരിശോധിച്ചു മടക്കി നൽകിയ ഉടൻ യുവാവു ബൈക്കോടിച്ചു പോയി. പിൻസീറ്റിലിരുന്ന അമ്മ പരിശോധനയ്ക്കിടെ താഴെയിറങ്ങിയ കാര്യം ഇയാൾ ശ്രദ്ധിച്ചിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഫോൺ വിളിക്കുമ്പോഴേക്കും യുവാവ് 2 കിലോമീറ്റർ പിന്നിട്ടിരുന്നു. ഉടൻ തിരികെയെത്തിയ ഇയാൾ പിന്നീട് അമ്മയുമായി പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP