Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്രാവുകൾക്കൊപ്പം നീന്താൻ ജേക്കബ് തോമസിനൊപ്പം നിന്ന കറന്റ് ബുക്‌സിനെയും വേട്ടയാടി ക്രൈംബ്രാഞ്ച്; സസ്‌പെൻഷനിലായ ഡിജിപി ജേക്കബ് തോമസിന്റെ ആത്മകഥ പ്രസീദ്ധീകരിച്ചതിന്റെ പേരിൽ പ്രസാധകരുടെ ഓഫീസിലും പൊലീസ് എത്തി; നടപടി പ്രസാധകരും എഴുത്തുകാരും തമ്മിലുള്ള സ്വകാര്യതയേയും വ്യക്തിസ്വാതന്ത്ര്യത്തേയും നിഷേധിക്കുന്നതെന്ന് കറന്റ് ബുക്‌സ്; സർക്കാർ നിലപാട് ലജ്ജാകരമെന്ന് സാറാ ജോസഫ്

സ്രാവുകൾക്കൊപ്പം നീന്താൻ ജേക്കബ് തോമസിനൊപ്പം നിന്ന കറന്റ് ബുക്‌സിനെയും വേട്ടയാടി ക്രൈംബ്രാഞ്ച്; സസ്‌പെൻഷനിലായ ഡിജിപി ജേക്കബ് തോമസിന്റെ ആത്മകഥ പ്രസീദ്ധീകരിച്ചതിന്റെ പേരിൽ പ്രസാധകരുടെ ഓഫീസിലും പൊലീസ് എത്തി; നടപടി പ്രസാധകരും എഴുത്തുകാരും തമ്മിലുള്ള സ്വകാര്യതയേയും വ്യക്തിസ്വാതന്ത്ര്യത്തേയും നിഷേധിക്കുന്നതെന്ന് കറന്റ് ബുക്‌സ്; സർക്കാർ നിലപാട് ലജ്ജാകരമെന്ന് സാറാ ജോസഫ്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: സസ്‌പെൻഷനിലായ ഡി.ജി.പി: ജേക്കബ് തോമസിന്റെ ആത്മകഥ പ്രസിദ്ധീകരിച്ച തൃശൂരിലെ കറന്റ് ബുക്‌സ് ഉടമകളെ ക്രൈംബ്രാഞ്ച് വേട്ടയാടുന്നു. ഔദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്തിയെന്ന പേരിൽ ജേക്കബ് തോമസിനെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് പുസ്തക പ്രസാധകരെ വിരട്ടുന്നത്.

പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ പുസ്തക പ്രസാധകർക്കു നേരെയുള്ള പൊലീസ് നടപടി പ്രസാധക രംഗത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ ഉള്ള കൈകടത്തലാണെന്ന് തൃശൂർ കറന്റ് ബുക്സ് പബ്ലിക്കേഷൻ മാനേജർ കെ.ജെ.ജോണി പറഞ്ഞു. സർവ്വീസ് ചട്ടലംഘനത്തിന്റെ പേരിൽ ജേക്കബ് തോമസിനെതിര സർക്കാർ എടുത്ത കേസ് പരിഗണനയിലിരിക്കെ, തങ്ങളുടെ ഓഫീസിൽ പൊലീസ് എത്തി അന്വേഷണം നടത്തുകയും രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണെന്നും സിആർപിസി 91 പ്രകാരം തങ്ങൾ ജേക്കബ് തോമസുമായി നടത്തിയ എല്ലാ കമ്മ്യൂണിക്കേഷൻ രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് തരികയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ കലാപത്തിന് വഴിവയ്ക്കുന്നതോ, മതസ്പർദ്ധ വളർത്തുന്നതോ ആയ യാതൊന്നും പുസ്തകത്തിൽ ഇല്ലെന്നാണ് പ്രസാധകരുടെ വാദം. പൊലീസ് നടപടികൾ പ്രസാധകരും എഴുത്തുകാരും തമ്മിലുള്ള സ്വകാര്യതയേയും വ്യക്തിസ്വാതന്ത്ര്യത്തേയും നിഷേധിക്കുന്നതാണെന്നും പുസ്തകപ്രസാധനം പ്രസാധകരുടെ ധർമ്മമാണെന്നും പുസ്തകം സർവ്വീസ് ചട്ടലംഘനത്തിൽ പെടുന്ന കാര്യമാണോ എന്ന് പരിശോധിക്കേണ്ടത് പ്രസാധകരല്ലെന്നും കറന്റ് ബുക്‌സ് പബ്ലിക്കേഷൻ ചൂണ്ടിക്കാട്ടുന്നു.

സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പേരിൽ ഡി.ജി.പി: ജേക്കബ് തോമസ് എഴുതിയ ആത്മകഥ പ്രസിദ്ധീകരിച്ചത് തൃശൂരിലെ കറന്റ് ബുക്‌സ് ആണ്. ഔദ്യോഗിക രഹസ്യങ്ങൾ ആത്മകഥയിലൂടെ ജേക്കബ് തോമസ് വെളിപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കേസ്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഇതിനിടെയാണ്, ക്രൈംബ്രാഞ്ച് സംഘം തൃശൂരിൽ എത്തി പുസ്തകപ്രസാധകരുടെ മൊഴിയെടുത്തത്. കറന്റ് ബുക്‌സ് ഓഫിസിൽ എത്തിയ ക്രൈംബ്രാഞ്ച് സംഘം ജീവനക്കാരുടെ വരെ മൊഴിയെടുത്തു. പുസ്തകം പ്രസിദ്ധീകരിച്ചവരെ പോലും വേട്ടയാടുന്നതിൽ സർക്കാർ നിലപാട് ലജ്ജാകരമെന്ന് എഴുത്തുകാരി സാറാ ജോസഫ് പ്രതികരിച്ചു. ക്രൈംബ്രാഞ്ച് നടപടിക്ക് എതിരെ എഴുത്തുകാരുടെ സംഗമം ഉൾപ്പെടെ ഉടൻ സംഘടിപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP