Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

സൗജന്യ വിതരണത്തിനുള്ള റേഷൻ അരി അരി വിറ്റത് കിലോ 22 രൂപയ്ക്ക്; കണക്കുകൾ ശരിയാക്കാനാകാതെ വന്നതോടെ ഉടമ തന്നെ തിരക്കഥ തയ്യാറാക്കിയത് മോഷണ നാടകത്തിനും; അതിബുദ്ധികാട്ടി പരാതി നൽകിയത് 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും കള്ളൻ കൊണ്ടുപോയെന്നും; കടയുടമ അഷറഫ് കുടുങ്ങിയത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവിൽ

സൗജന്യ വിതരണത്തിനുള്ള റേഷൻ അരി അരി വിറ്റത് കിലോ 22 രൂപയ്ക്ക്; കണക്കുകൾ ശരിയാക്കാനാകാതെ വന്നതോടെ ഉടമ തന്നെ തിരക്കഥ തയ്യാറാക്കിയത് മോഷണ നാടകത്തിനും; അതിബുദ്ധികാട്ടി പരാതി നൽകിയത് 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും കള്ളൻ കൊണ്ടുപോയെന്നും; കടയുടമ അഷറഫ് കുടുങ്ങിയത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: ഒടുവിൽ റേഷൻ കട ഉടമ നടത്തിയ മോഷണ നാടകം പൊളിഞ്ഞു. റേഷനരിയും ഗോതമ്പും കരിഞ്ചന്തയിൽ വിറ്റശേഷം കണക്ക് കൃത്യമാക്കുന്നതിന് വേണ്ടിയായിരുന്നു മക്കിയാട് മൊതക്കര റേഷൻകട ഉടമ അഷ്‌റഫ് അരിയും ഗോതമ്പും മോഷണം പോയതായി കഥയുണ്ടാക്കി പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിൽ കള്ളൻ ഉടമ തന്നെയെന്ന് കണ്ടെത്തുകയായിരുന്നു. ജനുവരി 22നാണ് റേഷൻ കടയിൽ നിന്ന് അരിയും ഗോതമ്പും മോഷണം പോയെന്ന് അഷ്റഫ് പരാതി നൽകിയത്. പൊലീസ് രണ്ടു തവണ കടയിൽ പരിശോധന നടത്തിയെങ്കിലും മോഷണം നടന്നതിന്റെ തെളിവുകൾ ഒന്നും ലഭിച്ചില്ല. ഇത്രയും ചാക്കുകൾ മോഷണം പോയെങ്കിലും അരിയോ മറ്റ് സാധനങ്ങളോ ഒന്നും നിലത്ത് വീണ് കിടന്നിരുന്നില്ല. കടയുടെ ലോഹപ്പൂട്ട് അറുത്ത് മാറ്റിയിരുന്നെങ്കിലും കാന്തം ഉപയോഗിച്ച് പോലും ലോഹപ്പൊടികൾ ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞില്ല.

ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണു പ്രതി വലയിലായത്. സംഭവം മോഷണമല്ലെന്ന സംശയം ആദ്യമേ തന്നെ അന്വേഷണസംഘത്തിനുണ്ടായിരുന്നെങ്കിലും എല്ലാം തെളിവുകളും കൃത്യമായി ശേഖരിച്ചശേഷം പഴുതടച്ചുവേണം പ്രതിയിലേക്കെത്താൻ എന്ന തീരുമാനത്തിലായിരുന്നു അവർ. തുടക്കം മുതലേ അഷ്‌റഫിന്റെ മൊഴികളിൽ പൊരുത്തക്കേടുകൾ പൊലീസ് കണ്ടെത്തിയിരുന്നു. 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും ഒറ്റയടിക്ക് അപ്രത്യക്ഷമായതാണ് ആദ്യം പൊലീസിന്റെ സംശയം ബലപ്പെടുത്തിയത്.

അഷ്റഫ് നൽകിയ പരാതിയനുസരിച്ച് 127 ക്വിന്റൽ അരി മോഷണം പോയിരുന്നു. എന്നാൽ, പരിസരവാസികളുടെ കണ്ണ് വെട്ടിച്ച് ഇത്ര വലിയ മോഷണം എങ്ങനെ നടന്നെന്നായിരുന്നു പൊലീസിനുണ്ടായ സംശയം. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അഷ്റഫിനെതിരെ പൊലീസ് കേസെടുത്തു. കൂടാതെ യഥാർത്ഥ പ്രതി ഒരാഴ്ചയോളം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ പിടിയിലായെന്നും പൊലീസ് അറിയിച്ചു.

കുറച്ച് അരി മോഷണം പോയെന്നായിരുന്നു പരാതിയെങ്കിൽ ഒരുപക്ഷേ യഥാർഥ പ്രതി ഇത്രയെളുപ്പത്തിൽ കുടുങ്ങില്ലായിരുന്നു. എന്നാൽ, കരിഞ്ചന്ത തട്ടിപ്പ് പുറത്തായാൽ നാണക്കേടാകുമെന്നതിനാൽ നിൽക്കക്കള്ളിയില്ലാതെയാണ് അഷ്‌റഫ് മോഷണക്കഥ മെനഞ്ഞുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. സ്റ്റോക്ക് മോഷണം പോയാൽ നടപടി കൂടിപ്പോയാൽ ലൈസൻസ് സസ്‌പെൻഷനിൽ ഒതുങ്ങുമെന്നും പിന്നീട് ലൈസൻസ് തിരിച്ചെടുക്കാമെന്നും പ്രതി കണക്കുകൂട്ടി.

ഡിസംബർ 18ന് അവസാനമായി റേഷൻ കടയിൽ പരിശോധന നടത്തിയപ്പോൾ തന്നെ 80 ചാക്ക് അരി കുറവുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. അന്ന് ഉദ്യോഗസ്ഥനെ അട്ടി എണ്ണി മൊത്തം ചാക്ക് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. വലിയ ഗോഡൗണായതിനാൽ മുന്നിലെ നിര മാത്രം എണ്ണി സ്റ്റോക്ക് നിർണയിക്കാനേ ഉദ്യോഗസ്ഥർക്കു സാധിക്കൂ. മുന്നിൽ അരിച്ചാക്കുകളും ഗോതമ്പുചാക്കുകളും നിരത്തിവച്ചാണ് ഇയാൾ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചത്.

മുന്നിലെ ചാക്കുകൾ എണ്ണി അതിന് ആനുപാതികമായ എണ്ണം സ്റ്റോക്ക് പിന്നിലുമുണ്ടെന്ന് ഉദ്യോഗസ്ഥരും കണക്കുകൂട്ടിയിരിക്കണം. സ്റ്റോക്ക് റൂമിൽ വലിയ തടി സ്‌ക്രീനുകൾ സ്ഥാപിച്ചും തട്ടിപ്പിനു കളമൊരുക്കി. സ്‌ക്രീനിന്റെ ഒരു വശത്തെ സ്റ്റോക്ക് അതേടപടി അപ്പുറത്തുമുണ്ടെന്ന് ഇയാൾ വരുത്തിത്തീർത്തു. എന്നാൽ, വീണ്ടും വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കു വരാൻ സമയമായതിനാൽ വന്ന സ്റ്റോക്ക് കുറവിൽ പിടിച്ച് നിൽക്കാൻ പ്രയാസം തോന്നിയപ്പോഴാണു മോഷണക്കഥയുണ്ടാക്കാമെന്ന തീരുമാനത്തിലേക്ക് പ്രതിയെത്തുന്നത്. അധികൃതരെ വെട്ടിച്ച് ആർക്കും പിടികൊടുക്കാതെ ഇത്രയും കാലം കടയുമടയ്ക്ക് ഒറ്റയ്ക്കു തട്ടിപ്പ് നടത്താൻ കഴിഞ്ഞതെങ്ങനെയെന്ന സംശയത്തിൽ ചില ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളുന്നതായാണു സൂചന.

സൗജന്യമായി നൽകേണ്ടിയിരുന്ന അരി വിറ്റത് 22 രൂപയ്ക്ക്

ഒരു കിലോ അരി മൊതക്കര റേഷൻ കടയിൽനിന്നു കരിഞ്ചന്തയ്ക്കു വിറ്റത് 22 രൂപ നിരക്കിലായിരുന്നു. ചോദിക്കുന്നവർക്കെല്ലാം ഇവിടെനിന്നു കാർഡ് ഇല്ലെങ്കിലും അരി ലഭിക്കുമായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ആദിവാസികളടക്കമുള്ള പാവപ്പെട്ടവർക്കു നൽകാനായി സൗജന്യമായും 2 രൂപയ്ക്കുമെല്ലാം കിട്ടുന്ന അരിയാണ് ഇയാൾ വൻതുകയക്കു മറിച്ചു വിറ്റ് ലാഭം കൊയ്തത്. മണ്ണെണ്ണ, പഞ്ചസാര തുടങ്ങി മറ്റ് റേഷൻ സാധനങ്ങൾ മാത്രം വാങ്ങിക്കുന്ന കാർഡ് ഉടമകളുടെ അരി എടുത്തും കരിഞ്ചന്തയിൽ വിറ്റു.

ഇങ്ങനെ ഏറെ മാസങ്ങളായി കരിഞ്ചന്ത വിൽപന നടത്തിയപ്പോഴാണ് സ്റ്റോക്കിൽ കുറവുവന്നത്. എല്ലാ പഴുതുകളും അടച്ചുള്ള അന്വഷണമാണ് പൊലീസ് നടത്തുന്നതെന്നും, കൃത്യമായ തെളിവ് ലഭിക്കുന്നതനുസരിച്ച് പ്രതിയെ ഇന്നോ നാളെയോ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞേക്കുമെന്നും സിഐ എം.എ.സന്തോഷ് പറഞ്ഞു. എസ്‌ഐ എം.ഇ. വർഗീസ്, സീനിയർ സിപിഒമാരായ ജിമ്മി ജോർജ്, അബ്ദുൽ അസീസ്, ബിജു വർഗീസ്, സിപിഒ മനു അഗസ്റ്റിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP