Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദളിത് യുവതിയുടെ ആത്മഹത്യാശ്രമത്തിൽ ഷംസീറിനും ദിവ്യയ്ക്കുമെതിരെ പൊലീസ് കേസ്; ആരുടെയും പേരുകൾ യുവതിയുടെ മൊഴയിൽ ഇല്ലെന്ന് പട്ടികജാതി-പട്ടികവർഗ കമ്മീഷൻ; ആത്മഹത്യാശ്രമത്തിന് അഞ്ജുനയ്‌ക്കെതിരെയും കേസെടുത്തു

ദളിത് യുവതിയുടെ ആത്മഹത്യാശ്രമത്തിൽ ഷംസീറിനും ദിവ്യയ്ക്കുമെതിരെ പൊലീസ്  കേസ്; ആരുടെയും പേരുകൾ യുവതിയുടെ മൊഴയിൽ ഇല്ലെന്ന് പട്ടികജാതി-പട്ടികവർഗ കമ്മീഷൻ; ആത്മഹത്യാശ്രമത്തിന് അഞ്ജുനയ്‌ക്കെതിരെയും കേസെടുത്തു

കണ്ണൂർ: കുട്ടിമാക്കൂലിൽ ദളിത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ സിപിഐ(എം) നേതാവും എംഎൽഎയുമായ എ.എൻ ഷംസീർ, ഡിവൈഎഫ്‌ഐ നേതാവ് പി പി ദിവ്യ എന്നിവർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി തലശ്ശേരി പൊലീസ് കേസെടുത്തു. യുവതികളുടെ അറസ്റ്റിനെതുടർന്ന് നടന്ന ചാനൽ ചർച്ചകളിലും മറ്റും ഇവരുടെ പ്രതികരണങ്ങളും മോശം പരാമർശങ്ങളും യുവതിയുടെ ആത്മഹത്യാശ്രമത്തിന് കാരണമായി എന്ന് ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ്. ജീവനൊടുക്കാൻ ശ്രമിച്ചതിന് യുവതിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അതേസമയം, ഇരുവരുടെയും പേരുകൾ ആത്മഹത്യക്ക് ശ്രമിച്ച അഞ്ജുന പൊലീസിനു നൽകിയ മൊഴിയിൽ പറഞ്ഞെങ്കിലും വിഷയത്തിൽ തെളിവെടുക്കാനെത്തിയ സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മീഷന് ഇതിന് വിരുദ്ധമായ മൊഴിയാണ് നൽകിയിരിക്കുന്നത്. സിപിഐഎം നേതാക്കൾക്കെതിരെ മൊഴിയില്ലെന്നും ജയിലിൽ പോകേണ്ടി വന്നതിന്റെ മാനസിക സംഘർഷത്തിലാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്നും ഇതേത്തുടർന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. നേതാക്കൾക്കെതിരെ കേസെടുത്തെങ്കിലും കമ്മീഷനു നൽകിയ മൊഴിയും പരിശോധിച്ച ശേഷമാകും പൊലീസിന്റെ തുടർനടപടികൾ.

യുവതി സിപിഐഎമ്മിനെതിരെയോ, നേതാക്കൾക്ക് എതിരെയോ മൊഴി നൽകിയിട്ടില്ലെന്നും കമ്മീഷൻ ചെയർമാൻ പി.എം വിജയകുമാർ പറഞ്ഞു. ഒരാളുടെയും പേര് എടുത്ത് പറയുകയോ, പ്രേരണകുറ്റം ആരോപിക്കുകയോ അവർ ചെയ്തിട്ടില്ല. മൊഴി എഴുതി എടുക്കുകയും റെക്കോഡ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐഎമ്മുകാരുടെ ജാതിയധിക്ഷേപം നേരിട്ടതിന് ഓഫിസ് അക്രമിച്ചെന്ന പരാതിയിലാണ് കുട്ടിമാക്കൂലിലെ ഐഎൻടിയുസി നേതാവ് രാജന്റെ മക്കളായ അഖിലയേയും അഞ്ജുനയേയും കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റുചെയ്തത്. ഇതേത്തുടർന്ന് കോടതിയിൽ ഹാജരാക്കപ്പെട്ട ഇവർ റിമാൻഡിലാവുകയും ചെയ്തിരുന്നു. ഒന്നരവയസ്സുള്ള കുഞ്ഞിനൊപ്പം ഇവർ ജയിലിൽപോയതോടെ സംഭവം വിവാദമായി. ഇതേത്തുടർന്ന് വിഷയം ചാനലുകളിലും സോഷ്യൽ മീഡിയയിലും ചർച്ചയാവുകയും ചെയ്തു. പിറ്റേന്ന് ജാമ്യംലഭിച്ച് യുവതികൾ ജയിലിനു പുറത്തിറങ്ങിയതിന് പിന്നാലെ അഞ്ജുന ഗുളികകൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ചാനൽ ചർച്ചകളിലും മറ്റും യുവതികൾക്കെതിരെ സിപിഐ(എം) നേതാക്കളായ ഷംസീറും ദിവ്യയും അപവാദപ്രചരണം നടത്തിയെന്നും ഇതിൽ മനംനൊന്താണ് അഞ്ജുന ആത്മഹത്യക്ക് ശ്രമിച്ചതെന്നും പിതാവ് രാജൻ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ മൊഴിയെടുത്ത പൊലീസ് നേതാക്കൾക്കെതിരെയും ആത്മഹത്യക്ക് ശ്രമിച്ചതിന് യുവതിക്കെതിരെയും കേസെടുത്തത്. എന്നാൽ പട്ടികജാതി പട്ടികവർഗ കമ്മീഷന് അ്ഞ്ജുന വിരുദ്ധമായ മൊഴി നൽകിയ സാഹചര്യത്തിൽ കേസ് നിലനിൽക്കുമോ എന്നും പൊലീസ് പരിശോധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP