Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശിവസേനാ ആക്രമണത്തെക്കുറിച്ച് ഇന്റലിജൻസ് മുൻകൂർ വിവരം നല്കിയിട്ടും തടയാനുള്ള നടപടികൾ എടുത്തില്ല; കേട്ടാലറയ്ക്കുന്ന വാക്കുകൾ പറഞ്ഞ് ദമ്പതികളടക്കമുള്ളവരെ ചൂരലിന് അടിച്ചോടിക്കാൻ ഒത്താശ ചെയ്തതു പൊലീസ്; സംഭവം വിവാദമായപ്പോൾ അന്വേഷണം പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനും ശ്രമം

ശിവസേനാ ആക്രമണത്തെക്കുറിച്ച് ഇന്റലിജൻസ് മുൻകൂർ വിവരം നല്കിയിട്ടും തടയാനുള്ള നടപടികൾ എടുത്തില്ല; കേട്ടാലറയ്ക്കുന്ന വാക്കുകൾ പറഞ്ഞ് ദമ്പതികളടക്കമുള്ളവരെ ചൂരലിന് അടിച്ചോടിക്കാൻ ഒത്താശ ചെയ്തതു പൊലീസ്; സംഭവം വിവാദമായപ്പോൾ അന്വേഷണം പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനും ശ്രമം

കൊച്ചി: പൊലീസ് നോക്കി നിൽക്കേയാണ് വിരലിലെണ്ണാവുന്ന ശിവസേനക്കാർ കൊച്ചി മറൈൻ ഡ്രൈവിൽ സദാചാര ഗുണ്ടായിസം അഴിച്ചുവിട്ടത്. ചൂരൽക്കൊണ്ട് ദമ്പതികൾ അടക്കമുള്ളവരെ സദാചാര വക്താക്കൾ അടിച്ചോടിച്ചപ്പോൾ വേണ്ട ഒത്താശ ചെയ്തുകൊടുത്തതല്ലാതെ ഒരുവിധത്തിലുള്ള നിയമപാലനവും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. എല്ലാം അവസാനിച്ചപ്പോൾ ഏതാനും ശിവസേന പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാനുള്ള നീക്കങ്ങളാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ആറുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മൊത്തം ഇരുപതു പേർക്കെതിരേ ജാമ്യമിമില്ലാ വകുപ്പുകൾ ചുമത്തി കേസും എടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസിനുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സ്‌പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല.

ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് കേരളമനസാക്ഷിയെ ഞെട്ടിച്ച സംഭവം കൊച്ചിയിലെ പ്രധാന വിശ്രമകേന്ദ്രമായ മറീൻ ഡ്രൈവ് വാക് വേയിൽ അരങ്ങേറിയത്. മുദ്രാവാക്യം വിളിച്ച് പ്രകടനമായി എത്തിയ ഏതാനും ശിവസേന പ്രവർത്തകർ കൈയിലിരുന്ന ചൂരലുകൊണ്ട് കണ്ണിൽകണ്ടവരെയൊക്കെ അടിച്ചോടിക്കുകയായിരുന്നു. പൊലീസുകാർ നിയമ ലംഘനത്തിന് കൂട്ടുനിന്നപ്പോൾ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തർ സംഭവം ചിത്രീകരിക്കാൻ വെമ്പൽകൊള്ളുകയായിരുന്നു.

ക്രമസമാധാനം ഉറപ്പുവരുത്തേണ്ട പൊലീസുകാരോ, പൊതുജന മനസാക്ഷിയുടെ കാവലാളായ മാധ്യമപ്രവർത്തകരോ കൺമുന്നിൽ നടന്ന അനീതിയിൽ ഒരുവിധ ഇടപെടലുകളും നടത്താതിരുന്നത് ഞെട്ടിക്കുന്ന കാര്യം തന്നെയാണ്. എന്ത് അനീതി മുന്നിൽ നടന്നാലും അത് ഏങ്ങനെയും കാമറയിലാക്കുക മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്വം എന്നു ധരിച്ചുവശായ മാധ്യമപ്രവർത്തകരുടെ നടപടികൾക്ക് കേരളം മുമ്പും സാക്ഷിയായിട്ടുള്ളതാണ്. പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ച സംഭവസ്ഥലത്തുവച്ച് ചൂണ്ടിക്കാണിക്കാൻ പോലും ഒരു മാധ്യമപ്രവർത്തകനും തയാറായില്ലെന്നതാണ് സത്യം.

മറൈൻ ഡ്രൈവിലെ കുടചൂടി പ്രേമം നിർത്തലാക്കുക എന്ന ബാനറുമായെത്തി ഇരുപതോളം ശിവസേനാ പ്രവർത്തകരാണു മറൈൻ ഡ്രൈവ് നടപ്പാതയിൽ സദാചാര ഗൂണ്ടായിസം നടത്തിയത്. മറൈൻ ഡ്രൈവിൽ ശിവസേനയുടെ പ്രകടനം നടക്കാമെന്നും പ്രശ്‌നങ്ങൾക്കു സാധ്യതയുണ്ടെന്നും സംസ്ഥാന ഇന്റലിജൻസ് മുന്നറിയിപ്പു നല്കിയിരുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എന്നിട്ടും നിയമം കയ്യിലെടുക്കുന്നത് തടയാൻ പൊലീസിന്റെ ഭാഗത്തുനിന്ന് എന്തുകൊണ്ട് നടപടികൾ ഉണ്ടായില്ലെന്നത് പ്രധാന ചോദ്യമാണ്.

കേരളത്തിൽ അരങ്ങേറുന്ന സദാചാര ഗുണ്ടായിസം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ടു നിർദ്ദേശം നല്കിയിരിക്കുന്ന സാഹചര്യത്തിൽക്കൂടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്. നേരത്തേ ചുംബന സമരം അരങ്ങേറിയപ്പോഴും ചൂരൽ പ്രയോഗം നടത്തിയ കൊച്ചിയിലെ ശിവസേനാ യൂണിറ്റ് തന്നെയാണ് ഇന്നും അക്രമം നടത്തിയത്. പ്രകടനത്തിനു പിന്നാലെ അക്രമ സംഭവം ഉണ്ടാകാമെന്ന് സംസ്ഥാന ഇന്റലിജൻസും മുന്നറിയിപ്പു നല്കുകയുണ്ടായി. എന്നിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ പൊലീസ് മുതിർന്നില്ലെന്നാണ് വ്യക്തമാകുന്നത്. മാധ്യമങ്ങളെയടക്കം വിവരമറിയിച്ചശേഷമായിരുന്നു ശിവസേനയുടെ പ്രകടനം. കയ്യിൽ ചൂരലും പിടിച്ചു പ്രകടനം വരുന്നതു കണ്ടിട്ടും പൊലീസ് ഇടപെട്ടില്ല.

മറൈൻഡ്രൈവിൽ ഇരിക്കുകയായിരുന്ന യുവതീയുവാക്കളെ പ്രവർത്തകർ ചൂരൽ ഉപയോഗിച്ച് അടിച്ചോടിക്കുകയായിരുന്നു. വാക്ക് വേയിൽ ഇരിക്കുന്ന ആളുകളെ തെരെഞ്ഞുപിടിച്ചായിരുന്നു ചൂരലടിയും ഭീഷണിയും. 'ഓടടാ'എന്നാക്രോശിച്ച് കൊണ്ട് പാഞ്ഞടുത്തശേഷമായിരുന്നു അടി. അടി കൊണ്ട് ഓടുന്നവരോട് 'മേലിൽ ഇവിടെ കണ്ട് പോകരുത്' എന്നു ഭീഷണി മുഴക്കുകയും ചെയ്തു. ദമ്പതികൾ വരെ ആക്രമണത്തിന് ഇരയായെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ ഉപയോഗിച്ചായിരുന്നു ശിവസേനാ പ്രവർത്തകരുടെ ഭീഷണി മുഴക്കൽ. ഇതെല്ലാം കൺമുന്നിൽ നടന്നിട്ടും പൊലീസ് ഇടപെടാതിരുന്നത് എന്തുകൊണ്ടാണെന്നാണ് കേരള സമൂഹം ചോദിക്കുന്നത്.

സംഭവത്തിൽ ആറു ശിവസേനാ പ്രവർത്തകരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ടി. ആർ. ദേവൻ, കെ.വൈ. കുഞ്ഞുമോൻ, കെ.യു. രതീഷ്, എ.വി. വിനീഷ്, ടി.ആർ. ലെനിൻ, കെ.കെ. ബിജു എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, യുവതീയുവാക്കളെ ഭീഷണിപ്പെടുത്തി, അനുമതിയില്ലാതെ പ്രകടനം നടത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. തങ്ങളെ മർദിച്ചതായി ആരും പരാതി നൽകിയിട്ടില്ലെന്നാണ് സെൻട്രൽ അസി. കമ്മിഷണർ കെ. ലാൽജി പറഞ്ഞത്.

എറണാകുളം സെൻട്രൽ സ്റ്റേഷൻ എസ്‌ഐ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ സാക്ഷിയാക്കിയാണ് കേരളത്തിന് മൊത്തം അപമാനകരമായ രീതയിൽ ശിവസേനാ പ്രവർത്തകർ നിയമം കയ്യിലെടുത്ത് സദാചാര ഗുണ്ടായിസം അഴിച്ചുവിട്ടത്. ശിവസേനാ പ്രവർത്തകരുടെ മർദനം കേരള സമൂഹം മുഴുവൻ ടെലിവിഷനിലൂടെ കണ്ടതാണ്. എന്നിട്ടും തങ്ങളെ മർദിച്ചതായി ആരോപിച്ച് ആരും പരാതിപ്പെട്ടിട്ടില്ലെന്നാണ് അസി. കമ്മീഷണർ പറയുന്നത്. പൊലിസും മാധ്യമപ്രവർത്തകരും നേരിട്ടു കാണുകയും കേരള സമൂഹം ചാനലുകളിലെയും ഓൺലൈൻ മാധ്യമങ്ങളിലെയും വീഡിയോ ദൃശ്യങ്ങളിലൂടെയും സാക്ഷികളായ സംഭവത്തിൽ ആരെങ്കിലും മർദിച്ചതായി പ്രത്യേകം പരാതിപ്പെടേണ്ടതുണ്ടോയെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നു. സംഭവത്തിലുടനീളം പൊലീസിന്റെ ഭാഗത്തുനിന്ന് അക്രമം തടയാനുള്ള ഒരുവിധ നടപടിയും ഉണ്ടായില്ലെന്നത് വീഡിയോ ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നുണ്ട്. എന്നിട്ടും പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തിയിരിക്കുന്നത് തികച്ചും പരിഹാസ്യമല്ലേയെന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നു. സംഭവത്തിൽ തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് പൊലീസ് സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്‌പെഷൽ ബ്രാഞ്ച് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നതും.

ഇതിനു മുമ്പ് കേരളത്തിൽ സദാചാര ഗുണ്ടായിസം റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരത്ത്. പ്രതിസ്ഥാനത്ത് കേരള പൊലീസും. തിരുവനന്തപുരത്തെ പ്രധാന വിശ്രമകേന്ദ്രമായ മ്യൂസിയം വളപ്പിൽ ഒന്നിച്ചിരുന്ന യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തങ്ങളെ എന്തിന് കസ്റ്റഡിയിൽ എടുക്കുന്നുവെന്ന യുവതീയുവാക്കളുടെ ചോദ്യത്തിനു പൊലീസിനു മറുപടി ഉണ്ടായിരുന്നില്ല. ഇതിനിടെ യുവാവ് കയ്യിലുണ്ടായിരുന്ന മൊബൈൽ ഉപോയിഗിച്ച് യുവാവ് സംഭവം ഫേസ്‌ബുക്കിൽ ലൈവ് ആയി നല്കുകയും ചെയ്തു. പൊലീസ് യുവതീ-യുവാക്കളെ സ്റ്റേഷനിലെത്തിച്ചു ബന്ധുക്കളെ വിവരമറിയിച്ചു. എന്നാൽ സ്റ്റേഷനിലെത്തിയ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ നിലപാട് പൊലീസിനെ പ്രതിരോധത്തിലാക്കി. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും സ്വന്തം കാര്യം തീരുമാനിക്കാൻ അവൾക്കു കഴിവുണ്ടെന്നും രക്ഷിതാക്കൾ നിലപാട് എടുത്തതോടെ പൊലീസ് വെട്ടിലാകുകയായിരുന്നു. തുടർന്ന് ഇവരെ വിട്ടയയ്‌ക്കേണ്ട ഗതികേടിലായി പൊലീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP