Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയ ആദിവാസികളെ നാട്ടുകാരുടെ മുമ്പിൽ വച്ച് തുണിപറിച്ചു ആക്ഷേപിച്ച് പൊലീസ്; മുഖ്യമന്ത്രിയെ കാണും മുമ്പ് വലിച്ചിഴച്ച് പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു

മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയ ആദിവാസികളെ നാട്ടുകാരുടെ മുമ്പിൽ വച്ച് തുണിപറിച്ചു ആക്ഷേപിച്ച് പൊലീസ്; മുഖ്യമന്ത്രിയെ കാണും മുമ്പ് വലിച്ചിഴച്ച് പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു

വടക്കഞ്ചേരി: കേരളത്തിലെ പൊലീസിന്റെ നടപടികളിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവിധ കോണുകളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. യുഎപിഎ ചുമത്തി പൗരന്മാരെ തുറുങ്കിലടയ്ക്കുകയും കൂടാതെ കടൽക്കരയിൽ കാറ്റുകൊണ്ടിരിന്നവരെ മർദ്ദിക്കുകയും ചെയ്ത പൊലീസ് നടപടിയുമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇപ്പോഴിതാ മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ എത്തിയ ആദിവാസികളെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്ത പൊലീസ് നടപടിയും വിവാദത്തിലാകുന്നു. ഗദ്ദിക നാടൻകലാമേളയുടെ ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയ ആദിവാസികളെയാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്തു.

ഒളകര കോളനിയിൽനിന്നുള്ള പി.കെ. രതീഷ്, മുതലമടയിൽനിന്നുള്ള വി. രാജു, കൊല്ലങ്കോട്ടുനിന്നുള്ള പി. മണികണ്ഠൻ എന്നിവരെയാണ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ആദിവാസികളുൾപ്പെടുന്ന പട്ടികവർഗവിഭാഗങ്ങൾക്കും പട്ടികജാതി വിഭാഗങ്ങൾക്കുമായി നടത്തുന്ന ഗദ്ദിക കലാമേള തിങ്കളാഴ്ചയാണ് തുടങ്ങിയത്. കോളനികളിലെ വിവിധ ആവശ്യങ്ങൾ കാണിച്ച് നിവേദനം നൽകുന്നതിനായാണ് രതീഷും രാജുവും മണികണ്ഠനുമെത്തിയത്. കടപ്പാറയിൽ ഭൂമിക്കായി സമരം നടത്തുന്ന ആദിവാസികളും ഇവർക്കൊപ്പമുണ്ടായിരുന്നു.

പിണറായി വിജയന് നിവേദനം നൽകാനായി വേദിക്കുസമീപം കാത്തുനിൽക്കുന്നതിനിടെ തങ്ങൾ മൂന്നുപേരെയും പൊലീസ് ബലമായി പിടിച്ച് ആദ്യം സമീപത്തേക്ക് മാറ്റിനിർത്തുകയായിരുന്നു. നാട്ടുകാർ നോക്കിനിൽക്കേ ഉടുത്തിരുന്ന മുണ്ടുൾപ്പെടെ അഴിപ്പിച്ച് പരിശോധിച്ചതായും രതീഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ സമീപത്തേക്ക് പോകാൻ അനുവദിച്ചില്ലെന്ന് മാത്രമല്ല, ഇതിന്റെ പേരിൽ പൊലീസ് സ്‌റ്റേഷനിൻ കൊണ്ടു പോകുകയും ചെയ്തു എന്നതാണ് വിവാദത്തിന് ഇടയാക്കിയത്.

ഇവരെ വടക്കഞ്ചേരി സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇവരുടെ പക്കലുണ്ടായിരുന്ന ബാഗിൽനിന്ന് ആദിവാസികൾ നടത്തുന്ന സമരങ്ങൾക്ക് പിന്തുണ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസുകൾ പൊലീസ് കണ്ടെടുത്തു. ഇവ പരിപാടിക്കിടെ വിതരണംചെയ്യുമോയെന്ന ആശങ്കയും കരിങ്കൊടി കാണിക്കുമോയെന്ന സംശയവുംമൂലം മുൻകരുതലായാണ് ഇവരെ പിടികൂടിയതെന്ന് ആലത്തൂർ ഡിവൈ.എസ്‌പി. വി എസ്. മുഹമ്മദ് കാസിം പറഞ്ഞു.

ഒപ്പമുണ്ടായിരുന്നവരെ പൊലീസ് പിടിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന കടപ്പാറ കോളനി മൂപ്പൻ വേലായുധന്റെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സ്റ്റേഷനിലെത്തി പുറത്ത് കുത്തിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി പോയശേഷം രാത്രി ഒമ്പതുമണിയോടെയാണ് പിടികൂടിയവരെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചത്. സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പൊലീസ് ഭീകരതയുടെ മറ്റൊരു രൂപമാണ് ഇതെന്ന ആക്ഷേപം ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP