Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത തസ്തികകളിൽ ഉടൻ നിയമനം നടത്തും; ഭിന്നശേഷിയുള്ള കുരുന്നുകൾക്കായി തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കണം; യാത്രാസൗജന്യത്തിന്റെ കാര്യത്തിലും പ്രത്യേക പരിഗണനയെന്നും മുഖ്യമന്ത്രി പിണറായി

ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത തസ്തികകളിൽ ഉടൻ നിയമനം നടത്തും; ഭിന്നശേഷിയുള്ള കുരുന്നുകൾക്കായി തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കണം; യാത്രാസൗജന്യത്തിന്റെ കാര്യത്തിലും പ്രത്യേക പരിഗണനയെന്നും മുഖ്യമന്ത്രി പിണറായി

കണ്ണൂർ: ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത തസ്തികകളിൽ ഉടൻ നിയമനം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭിന്നശേഷിയുള്ള കുരുന്നുകൾക്കായി തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കണം. ഭിന്നശേഷിക്കാരുടെ യാത്രാസൗജന്യത്തിന്റെ കാര്യത്തിലും പ്രത്യേക പരിഗണനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ധർമടം നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണവും ക്യാമ്പും ഉദ്ഘാടനം ചെയ്യവെയാണു മുഖ്യമന്ത്രിയുടെ പരാമർശം. ഭിന്നശേഷിക്കാരെ കണ്ടെത്താൻ തദ്ദേശസ്ഥാപന തലത്തിൽ വിവരശേഖരണം നടത്തണം. ഇങ്ങനെയുള്ളവരിൽ വിവിധ പ്രായ വിഭാഗത്തിലായി എത്ര പേരുണ്ടെന്ന് മനസ്സിലാക്കണമെന്നും പിണറായി പറഞ്ഞു.

ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്ക് സവിശേഷമായ കഴിവുകളുണ്ടാകും. ഇത് വളർത്തിയെടുക്കാൻ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കുടുംബത്തിലുള്ളവർക്കുപോലും ഇതിന് കഴിഞ്ഞെന്നുവരില്ല. വിദ്യാസമ്പന്നരായവ രക്ഷിതാക്കളിൽപ്പോലും ഇത്തരം കുഞ്ഞുങ്ങളുടെ കാര്യം പുറത്തറിയരുതെന്ന് ചിന്തിക്കുന്നവരുണ്ട്. ഈ സമീപനം കുഞ്ഞുങ്ങളുടെ സവിശേഷമായ കഴിവ് വളർത്തിയെടുക്കുന്നതിനും സ്വാഭാവിക വളർച്ചയ്ക്കുതന്നെയും വിഘാതമാകുന്ന സ്ഥിതിയുണ്ട്. പ്രത്യേക പരിശീലനം സിദ്ധിച്ച അദ്ധ്യാപകരുള്ള സ്‌കൂളുകളാണ് ആവശ്യം. ഇത്തരം കേന്ദ്രങ്ങൾ കൂടുതൽ വ്യാപകമാകണം. ഇങ്ങനെയുള്ള സ്‌കൂളുകൾക്ക് നേരത്തെ എയ്ഡഡ് പദവി നൽകിയിരുന്നു. ബാക്കിയുള്ളവക്ക് കൂടി ഈ പദവി ലഭിക്കണമെന്ന് തന്നെയാണ് സർകാരിന്റെ നിലപാട്.

ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ കുടുംബങ്ങളെല്ലാം കൂടി ഒരിടത്തേക്ക് വീടുകൾ മാറി താമസം തുടങ്ങിയ അനുഭവം കേരളത്തിലുണ്ട്. ഇത്തരം കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങൾ മാത്രമല്ല, ഇടപെടുന്ന മറ്റുള്ളവരും പ്രത്യേക പരിഗണന നൽകുന്ന മനോഭാവമുള്ളവരാകണം എന്ന കാഴ്ചപ്പാടിലാണ് അവർ ഇങ്ങനെ ചെയ്തത്.

ഭിന്നശേഷിക്കാർക്കുള്ള ജോലി സംവരണത്തിന്റെ കാര്യത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്. ഈ ഒഴിവുകളിൽ നിയമനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ഒഴിവുകൾ സമയബന്ധിതമായി നികത്താൻ വേഗത്തിൽ നടപടികൾ സ്വീകരിക്കും. ഭിന്നശേഷിക്കാരായവർക്ക് ഒരു അവഗണനയും ഉണ്ടാവാൻ പാടില്ല എന്നാണ് സർക്കാരിന്റെ നിലപാട്. ശതമാനം നിശ്ചയിച്ചു നൽകുന്നതിനുള്ള വൈദ്യപരിശോധന നടത്തുന്നതിൽ വല്ലാതെ കാലതാമസം ഉണ്ടാകുന്നുണ്ട്. ഇത് വേഗത്തിൽ തന്നെ ചെയ്യാനാകണം. കണ്ണൂർ ജില്ലയിൽ ഇതിനായി മൂന്നോ നാലോ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ സംഘങ്ങളെ സജ്ജമാക്കി പ്രത്യേക ക്യാമ്പ് നടത്തി സർട്ടിഫിക്കറ്റ് നൽകാൻ നടപടി സ്വീകരിച്ചതായി കലക്ടർ അറിയിച്ചിട്ടുണ്ട്.

ഈ മാതൃക എല്ലായിടത്തും സ്വീകരിച്ച് പ്രാവർത്തികമാക്കാൻ കഴിയണം. ഭിന്നശേഷി ശതമാനം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് തന്നെ യാത്രാ സൗജന്യത്തിനും ഉപയോഗിക്കന്നതിനുള്ള നടപടി ആലോചനയിലുണ്ടെന്നും പിണറായി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP