Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രളയബാധിതർക്കുള്ള 10000 രൂപസഹായധനം ഉടൻ നൽകണം; ദുരിതാശ്വാസത്തിന്റെ പേരിൽ അനധികൃത പിരിവ് കർശനമായി തടയണം; അവശ്യസാധനങ്ങൾക്ക് വിലകൂട്ടി വിൽക്കുന്നതിനെതിരെ ഉടൻ നടപടി വേണമെന്നും കലക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

പ്രളയബാധിതർക്കുള്ള 10000 രൂപസഹായധനം ഉടൻ നൽകണം; ദുരിതാശ്വാസത്തിന്റെ പേരിൽ അനധികൃത പിരിവ് കർശനമായി തടയണം; അവശ്യസാധനങ്ങൾക്ക് വിലകൂട്ടി വിൽക്കുന്നതിനെതിരെ ഉടൻ നടപടി വേണമെന്നും കലക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയബാധിതർക്കുള്ള സഹായധനം ഉടൻ നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. അടുത്ത ബാങ്ക് പ്രവൃത്തിദിനം മുതൽ തുക വിതരണം ചെയ്യുന്നതു തുടങ്ങണമെന്നാണ് കലക്ടർമാർക്കു നിർദ്ദേശം.ക്യാമ്പിൽനിന്നു മടങ്ങുന്നവരുടെ അക്കൗണ്ടിലേക്കു 10,000 രൂപ നൽകുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. അർഹർ വിശദാംശങ്ങൾ റവന്യു അധികൃതരെ അറിയിക്കണമെന്നും മടങ്ങിയവർക്കും സഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കിണറുകൾ മലിനമായ സ്ഥലങ്ങളിലും കുടിവെള്ളം വിതരണം മുടങ്ങിയ സ്ഥലങ്ങളിലും വാട്ടർ അഥോറിറ്റി വെള്ളം വിതരണം ചെയ്യുന്നുണ്ടെന്ന് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിച്ചു. കുട്ടനാട്, ചെങ്ങന്നൂർ മേഖലകളിൽ വാട്ടർ കിയോസ്‌കുകൾ സ്ഥാപിക്കുന്നു. ഇതിനുപുറമെ വീടുകളിലും വെള്ളം വിതരണം ചെയ്യുന്നുണ്ട്. വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കുന്ന പ്രവൃത്തി വേഗത്തിൽ നടക്കുന്നു. ഇനി 56,000 ഉപഭോക്താക്കൾക്ക് മാത്രമാണ് കണക്ഷൻ പുനഃസ്ഥാപിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

താൽക്കാലിക ആശ്വാസം എന്ന നിലയ്ക്കാണ് പതിനായിരം രൂപ ക്യാമ്പിൽ കഴിയേണ്ടി വന്നവർക്ക് നൽകുന്നത്. തുടർച്ചയായ ബാങ്ക് അവധി കാരണം ഈ തുക കൈമാറാൻ കഴിഞ്ഞിട്ടില്ല. അടുത്ത ദിവസം തന്നെ തുക എല്ലാവർക്കും ലഭ്യമാക്കണം. ചത്ത മൃഗങ്ങളുടെ ശവങ്ങൾ ഇനിയും എവിടെയെങ്കിലും ബാക്കി കിടക്കുന്നുണ്ടെങ്കിൽ പെട്ടെന്ന് ശാസ്ത്രീയമായി സംസ്‌കരിക്കണം.

വീട് ശുചീകരണം നല്ല നിലയിൽ നടക്കുന്നുണ്ട്. പകർച്ചവ്യാധികൾ തടയണമെങ്കിലും ശുചീകരണം കാര്യക്ഷമമായി നടക്കണം. വെള്ളം കയറിയതുകാരണം വീടുകളിലെ മിക്ക സാധനങ്ങളും നശിച്ചിട്ടുണ്ടാകും. അവയിൽ മിക്കതും നന്നാക്കിയെടുക്കാനാകില്ല. നശിച്ചുപോയ സാധനങ്ങളിൽ വാഹനങ്ങളും ഉൾപ്പെടും. വാഹനങ്ങളുടെ കാര്യത്തിൽ ഇൻഷൂറൻസ് തുക വേഗം ലഭ്യമാകുന്നതിന് നടപടി വേണം. ഇൻഷൂറൻസ് കമ്പനികളുടെ പ്രതിനിധികളുമായി ഒരു വട്ടം സംസാരിച്ചിരുന്നു. വീണ്ടും ചീഫ് സെക്രട്ടറിതലത്തിൽ അവരുടെ യോഗം വിളിക്കുന്നുണ്ട്. നശിച്ചുപോയ കിടക്ക, ഇലക്ട്രോണിക് ഉപകരണങ്ങൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ ശേഖരിച്ച് പൊതുസ്ഥലത്ത് തൽക്കാലം സൂക്ഷിക്കേണ്ടതുണ്ട്. ഒരു പഞ്ചായത്തിൽ ഒന്നോ അതിലധികമോ സ്ഥലം ഇതിനുവേണ്ടി കണ്ടെത്തണം.

അഴുകുന്നതും അഴുകാത്തതുമായ സാധനങ്ങൾ വേർതിരിച്ചാണ് ശേഖരിക്കേണ്ടത്. അഴുകുന്ന മാലിന്യം പെട്ടെന്ന് സംസ്‌കരിക്കണം. പ്രാദേശിക സ്ഥാപനങ്ങൾ വഴിയാണ് ഈ പ്രവർത്തനം നടക്കുന്നത്. കലക്ടർമാർ അതിന് നേതൃത്വം നൽകണം. വീഴ്ച ശ്രദ്ധയിൽ പെട്ടാൽ ഇടപെട്ട് പരിഹരിക്കണം.വീടുകളിലേക്ക് തിരിച്ചുപോകാൻ സാഹചര്യമുള്ള മുഴുവൻ പേരും രണ്ടുദിവസം കൊണ്ട് തിരിച്ചുപോകും എന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ നല്ല ശ്രദ്ധ വേണം. വീടുകളിലേക്ക് ഇപ്പോൾ തിരിച്ചുപോകാൻ കഴിയാത്തവരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

തിരിച്ചുപോകുന്ന മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷണകിറ്റ് നൽകുന്നുണ്ട്. നേരത്തെ ക്യാമ്പ് വിട്ടുപോയവർക്കും കിറ്റ് ലഭ്യമാക്കണം.വീട് പൂർണ്ണമായി തകർന്നുപോയ ധാരാളം കുടുംബങ്ങളുണ്ട്. ധാരാളം വീടുകൾ താമസയോഗ്യമല്ലാതായി. ഓരോ ജില്ലയിലും ഓരോ പ്രദേശത്തും അങ്ങനെയുള്ള എത്ര കുടുംബങ്ങളുണ്ട് എന്നത് സംബന്ധിച്ച് ഉടനെ വിവരം ശേഖരിക്കണം. അതത് പ്രദേശങ്ങളിൽ അവർക്ക് താമസസൗകര്യം ഉണ്ടാക്കണം. സ്‌കൂളുകളല്ലാത്ത സ്ഥലം ഇതിനുവേണ്ടി കണ്ടെത്തണം. കല്യാണമണ്ഡപങ്ങളും പൊതുഹാളുകളും കിട്ടാൻ ശ്രമിക്കുന്നതോടൊപ്പം ആൾതാമസമില്ലാത്ത വലിയ വീടുകൾ ഈ ആവശ്യത്തിന് കിട്ടുമോ എന്നും നോക്കണം.

നാശനഷ്ടത്തിന്റെ കണക്ക് കൃത്യമായി ശേഖരിക്കണം. താമസംവിനാ ഈ നടപടി പൂർത്തിയാക്കണം. ഓരോ മേഖലയ്ക്കും വന്ന നഷ്ടം കൃത്യമായി തിട്ടപ്പെടുത്തണം.കന്നുകാലികൾക്ക് ആവശ്യമായ കാലിത്തീറ്റ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രദേശത്ത് കാലിത്തീറ്റ കിട്ടാൻ പ്രയാസമുണ്ടെങ്കിൽ അത് പരിഹരിക്കണം.ഓഗസ്റ്റ് 29-ന് സ്‌കൂൾ തുറക്കുന്നതുകൊണ്ട് സ്‌കൂളുകൾ വൃത്തിയാക്കുന്ന പ്രവൃത്തി നല്ല നിലയിൽ നടക്കുന്നുണ്ട്. ക്യാമ്പുകൾ പ്രവർത്തിച്ച സ്‌കൂളുകൾ വൃത്തിയാക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണം. വിദ്യാർത്ഥികൾക്ക് ഒരു തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും വരാതിരിക്കാനുള്ള മുൻകരുതൽ ഉണ്ടാകണം.

കുടിവെള്ളം എത്തിക്കുന്നത് അതീവ ഗൗരവമായി കാണണം. രോഗപ്രതിരോധത്തിനുള്ള പ്രധാന നടപടിയാണ് ശുദ്ധജലം ലഭ്യമാക്കൽ. പ്രളയബാധിത പ്രദേശങ്ങളിലെ കിണറുകൾ മിക്കവാറും മലിനമായിട്ടുണ്ട്. കിണർ ശുചീകരിക്കുന്നതിന് അടിയന്തിര പ്രാധാന്യം നൽകണം. കിണർ ശുചിയാക്കുന്നതുവരെ കുടിവെള്ളം വീടുകളിൽ എത്തിക്കണം. നല്ല ജാഗ്രത പുലർത്തുകയും മുൻകരുതൽ എടുക്കുകയും ചെയ്തില്ലെങ്കിൽ പകർച്ചവ്യാധികൾ വരാൻ സാധ്യതയുണ്ട്. ഇത്രയും വലിയ പ്രളയമുണ്ടായിട്ടും ഒരു പകർച്ചവ്യാധിയും പടർന്നുപിടിക്കാതെ നോക്കുകയാണെങ്കിൽ അത് സംസ്ഥാനത്തിന് അഭിമാനിക്കാനുള്ള വക നൽകും. രോഗം ബാധിച്ചവർക്ക് ചികിത്സ ലഭ്യമാക്കുന്നതിനും ശ്രദ്ധ വേണം.

ദുരിതാശ്വാസത്തിന് സംഭാവന വലിയ തോതിൽ പ്രവഹിക്കുന്നുണ്ട്. എന്നാൽ ചില സ്ഥലങ്ങളിൽ അനധികൃത പണപ്പിരിവ് നടക്കുന്നതായി പരാതികൾ വരുന്നുണ്ട്. സർക്കാരിന് ദുരിതാശ്വാസ ഫണ്ട് നൽകരുതെന്നും ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയും പൊലീസുമായി ബന്ധപ്പെട്ട് നടപടിയെടുക്കുകയും വേണം.ശുചീകരണ പ്രവർത്തനത്തിന് എല്ലാ വാർഡുകളിലും വളണ്ടിയർമാർ പ്രവർത്തിക്കുന്നുണ്ട്. അവരോടൊപ്പം വാർഡ് മെമ്പറും ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

ദുരന്തം ചിലരുടെയെങ്കിലും മാനസികനിലയെ ബാധിച്ചിട്ടുണ്ടാകും. അങ്ങനെയുള്ളവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് കൗൺസലിങ്ങ് നൽകാൻ നടപടി സ്വീകരിക്കണം.ക്യാമ്പുകളിൽ നിന്ന് തിരിച്ചുപോകുന്നവരിൽ ഒരു പങ്ക് അങ്ങേയറ്റം പാവപ്പെട്ടവരാണ്. ഓരോ പ്രദേശത്തും അത്തരം കുറച്ച് കുടുംബങ്ങളുണ്ടാകും. വീടുകളിൽ തിരിച്ചെത്തിയാലും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത കുടുംബങ്ങൾ. സാമ്പത്തികശേഷിയുള്ള വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും പാവപ്പെട്ട കുടുംബങ്ങൾക്ക് വീടുകൾ സ്‌പോൺസർ ചെയ്യാൻ തയ്യാറാകും. അത്തരം സ്‌പോൺസർഷിപ്പ് ലഭ്യമാക്കാനുള്ള ശ്രമവും നടത്തണം.

മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസപ്രവർത്തനത്തിലും പങ്കെടുത്ത ധാരാളം സന്നദ്ധ പ്രവർത്തകരുണ്ട്. അവരെ സർക്കാരിന്റെ നന്ദി അറിയിക്കുന്നതിന് ഉചിതമായ പരിപാടികൾ സംഘടിപ്പിക്കണം.ദുരന്തമോർത്ത് വിലപിച്ചിരിക്കാതെ പുതിയ കേരളം കെട്ടിപ്പടുക്കുക എന്ന ദൗത്യമാണ് നമ്മുടെ മുന്നിലുള്ളത്. അതിനാവശ്യമായ ആസൂത്രണവും വിഭവസമാഹരണവും നടത്തേണ്ടതുണ്ട്. ആസൂത്രണം ഓരോ പ്രദേശത്തും ഉണ്ടാകണം. ജനങ്ങളെയാകെ ഒന്നിച്ച് നിർത്തുകയും ഈ പ്രവർത്തനത്തിൽ പങ്കാളികളാക്കുകയും വേണം.

നഷ്ടപ്പെട്ടുപോയ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. സപ്തംബർ 3 ആകുമ്പോഴേക്കും അതിനുള്ള നടപടികൾ ആരംഭിക്കണം.ൃദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അത്യാവശ്യ സാധനങ്ങൾക്ക് വില കൂട്ടി വിൽക്കുന്ന ചില സ്ഥലങ്ങളിൽ പ്രവണതയുണ്ട്. ഇതിനെതിരെ കലകടർമാർ ശക്തിയായി ഇടപെടണം.കടകൾ മുഴുവൻ അടഞ്ഞുകിടക്കുന്ന പ്രദേശങ്ങളിൽ പൊതുവിതരണ സംവിധാനത്തിലൂടെ ജനങ്ങൾക്ക് ബദൽ സൗകര്യം ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP