Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎപിഎ സാധാരണ കേസുകളിൽ പ്രയോഗിക്കേണ്ട നിയമമല്ല; രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ കരിനിയമങ്ങൾ ചുമത്തുന്നതിനോട് യോജിപ്പുമില്ല; തീവ്രവാദക്കേസുകളിൽ എൻഐഎ യുഎപിഎ ചുമത്തുന്നതിന് സർക്കാർ ഉത്തരവാദിയല്ല; പാർട്ടിയുടെ തിരുത്തിന് വഴങ്ങി മുഖ്യമന്ത്രി പിണറായി; പിന്നാലെ കേസെടുക്കുന്നതിന് കർശന നിർദേശങ്ങളുമായി ഡിജിപിയുടെ സർക്കുലർ

യുഎപിഎ സാധാരണ കേസുകളിൽ പ്രയോഗിക്കേണ്ട നിയമമല്ല; രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ കരിനിയമങ്ങൾ ചുമത്തുന്നതിനോട് യോജിപ്പുമില്ല; തീവ്രവാദക്കേസുകളിൽ എൻഐഎ യുഎപിഎ ചുമത്തുന്നതിന് സർക്കാർ ഉത്തരവാദിയല്ല; പാർട്ടിയുടെ തിരുത്തിന് വഴങ്ങി മുഖ്യമന്ത്രി പിണറായി; പിന്നാലെ കേസെടുക്കുന്നതിന് കർശന നിർദേശങ്ങളുമായി ഡിജിപിയുടെ സർക്കുലർ

ദുബായ്/തിരുവനന്തപുരം: അനാവശ്യമായി യുഎപിഎ നിയമം പൗരന്മാർക്കെതിരെ പ്രയോഗിച്ചതിന്റെ പേരിൽ കർശന വിമർശനം കേൾക്കേണ്ടി വന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒടുവിൽ വിഷയത്തിൽ അഭിപ്രായം പറഞ്ഞു രംഗത്തെത്തി. സാധാരണ കേസുകളിൽ പ്രയോഗിക്കേണ്ട നിയമമല്ല യുഎപിഎ എന്ന് പിണറായി വിജയന് യുഎഇയിൽ വ്യക്തമാക്കി. രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ കരിനിയമങ്ങൾ ചുമത്തുന്നതിനോട് യോജിപ്പില്ലെന്നും തീവ്രവാദക്കേസുകളിൽ എൻഐഎ യുഎപിഎ ചുമത്തുന്നതിന് സർക്കാർ ഉത്തരവാദിയല്ലെന്നും പിണറായി പറഞ്ഞു.

തീവ്രവാദക്കേസുകളിൽ യുഎപിഎ സ്വാഭാവികമാണ്. ഇക്കാര്യം കേരള സർക്കാരിന് മാത്രമായി തീരുമാനിക്കാൻ കഴിയില്ലെന്നും പിണറായി പറഞ്ഞു. യുഎപിഎ നിയമത്തോടുള്ള വിയോജിപ്പ് ഞങ്ങൾ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യാവകാശങ്ങൾ നിഷേധിക്കാൻ പാടില്ലെന്നാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, വി എസ് അച്യുതാനന്ദൻ, എം.എ ബേബി എന്നിവർ നേരത്തെ പൊലീസ് നടപടിയെ വിമർശിച്ചും പാർട്ടിനയം പരോക്ഷമായി പിണറായിയെ ഓർമ്മിപ്പിച്ചും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി തിരുത്തുമായി രംഗത്തെത്തിയത്.

അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെ യുഎപിഎ കേസുകൾ ചുമത്തുമ്പോൾ വേണ്ട നടപടികൾചൂണ്ടിക്കാട്ടി ഡിജിപി ലോകനാഥ് ബെഹ്‌റ പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ കുടുതൽ ശ്രദ്ധയും ഉയർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടവും ഉറപ്പുവരുത്താനാണ് അദ്ദേഹം നിർദേശിച്ചത്. മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ ഉൾപ്പെടെ ഈയിടെ രജിസ്റ്റർ ചെയ്ത ചില കേസുകളും എഫ്.ഐ.ആറുകളും പരിശോധിച്ചപ്പോൾ സെക്ഷനുകൾ ചുമത്തുന്നതിലും മറ്റും വേണ്ടത്ര അവധാനത പുലർത്തിയിട്ടില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഈ നിർദ്ദേശം നൽകിയത്.

സിഐ, ഡി.വൈ.എസ്‌പി., എസ്‌പി., ജില്ലാ പൊലീസ് മേധാവി തുടങ്ങിയവരിൽ നിന്ന് ആവശ്യമായ ഉപദേശ നിർദേശങ്ങൾ സ്വീകരിക്കാതെ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റു നടത്തുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച വിവിധ സർക്കുലറുകൾ കാലാകാലങ്ങളിൽ പുറപ്പെടുവിച്ചിട്ടുണ്ട്, ഇതു സംബന്ധിച്ച സുപ്രീം കോടതി മാർഗനിർദേശങ്ങളും നിലവിലുണ്ട്. ഇക്കാര്യങ്ങൾ പൂർണമായും പാലിച്ചാവണം കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റ് നടത്തേണ്ടത്. ഇക്കാര്യത്തിൽ ഉയർന്ന ഉദ്യേഗസ്ഥരുടെ ശരിയായ മേൽനോട്ടമുണ്ടാകണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു.

സർക്കിൾ ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തേണ്ട കേസുകളിൾ എഫ്.ഐ.ആർ തയ്യാറാക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട സിഐയുമായി ആലോചിച്ചാകണം സെക്ഷനുകളും വകുപ്പുകളും നിശ്ചയിക്കേണ്ടത്. അതുപോലെ ഡിവൈ.എസ്‌പി. റാങ്കിൽ കുറയാത്ത അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്ന കേസുകളിൽ എഫ്.ഐ.ആർ തയ്യാറാക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട ഡിവൈ.എസ്‌പി.യുമായി ആലോചിച്ച് സെക്ഷനുകളും വകുപ്പുകളും നിശ്ചയിക്കണം.

മനുഷ്യക്കടത്ത് കേസുകൾ പോലെ ചില പ്രത്യേക ഉദ്യോഗസ്ഥർക്ക് വിജ്ഞാപനപ്രകാരം അന്വേഷണച്ചുമതല നല്കുന്ന കേസുകളിൽ പ്രസ്തുത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമാകണം സെക്ഷനുകളും വകുപ്പുകളും നിശ്ചയിക്കേണ്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമായി ആലോചിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ തൊട്ടു മുകളിലുള്ള ഉദ്യോഗസ്ഥനുമായി ഇക്കാര്യം ആലോചിക്കണം. യുഎപിഎ, രാജ്യദ്രോഹകുറ്റം, എൻ.ഐ.എ ആക്ട് പ്രകാരമുള്ള ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങൾ എന്നിവയിൽ എഫ്.ഐ.ആർ തയ്യാറാക്കുന്നതിനു മുൻപ് ജില്ലാ പൊലീസ് മേധാവിയുടെ അനുമതി തേടിയിരിക്കണം. ഇത്തരം വകുപ്പുകൾ ചുമത്തുന്നതിന് ആവശ്യമായ ശക്തമായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ ഇവ ചുമത്താവൂ.

യുഎപിഎ, രാജ്യദ്രോഹക്കുറ്റം തുടങ്ങിയ വകുപ്പുകളിൽ ഡിവൈ.എസ്‌പി, എസ്‌പി. തല ഉദ്യോഗസ്ഥർക്ക് കൂടുതൽ അവബോധം നല്കുന്നതിനുള്ള നടപടികൾ റേഞ്ച് ഐ.ജി.മാർ കൈക്കൊള്ളണം. ഇതിനായി സംസ്ഥാനതലത്തിൽ ശില്പശാല സംഘടിപ്പിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന അറസ്റ്റിലും, യുഎപിഎ ചുമത്തുന്നതിലും, പൊലീസിന്റെ ക്രൂരമർദ്ദനങ്ങൾക്കും എതിരെയായിരുന്നു ഇവർ ആഭ്യന്തരവകുപ്പിനെതിരെ വിമർശനം ഉന്നയിച്ചത്. ഇതിന് പിന്നാലെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ആനത്തലവട്ടം ആനന്ദൻ കൂടി മുഖ്യമന്ത്രിക്കെതിരായ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഭരണത്തിലെ വീഴ്ചകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സിപിഐഎമ്മിനകത്തും പുറത്തും ഇതോടെ കർശന വിമർശനങ്ങളാണ് ഉയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP