Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളും കേന്ദ്രം വിറ്റുതുലയ്ക്കുന്നു; രാജ്യത്തെ തകർക്കുന്ന ഈ നയത്തിന്റെ മകുടോദാഹരണമാണ് ലൈഫ് ഇൻഷുറൻസിന്റെ ഓഹരികളുടെ വിൽപ്പന; കേരളം ബദൽ നയങ്ങൾ ഉയർത്തുന്നു; കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളും കേന്ദ്രം വിറ്റുതുലയ്ക്കുന്നു; രാജ്യത്തെ തകർക്കുന്ന ഈ നയത്തിന്റെ മകുടോദാഹരണമാണ് ലൈഫ് ഇൻഷുറൻസിന്റെ ഓഹരികളുടെ വിൽപ്പന; കേരളം ബദൽ നയങ്ങൾ ഉയർത്തുന്നു; കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കെ രാജന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കമ്പോളങ്ങളിൽ ഉൾപ്പെടെ ഇടപെടുന്നതിനും സേവനപ്രധാനമായ മേഖലയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നതിനും ഇത്തരം സ്ഥാപനങ്ങൾക്ക് കഴിയുന്നുണ്ട്. രാജ്യത്തിന്റെ ഖജനാവിനും നികുതിയിനത്തിനും ലാഭത്തിന്റെ അടിസ്ഥാനത്തിലും വലിയ തുക ഇത്തരം സ്ഥാപനങ്ങൾ നൽകുന്നുണ്ട്.

നമ്മുടെ അഭിമാനങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുന്ന സമീപനം ആഗോളവത്ക്കരണ നയങ്ങളുടെ ഭാഗമായി ഉയർന്നുവന്നതുമാണ്. മുൻകാലത്ത് നഷ്ടത്തിന്റെ പേരു പറഞ്ഞ് അവയുടെ സേവനം കണക്കിലെടുക്കാതെ ഓഹരികൾ വിറ്റുതുലയ്ക്കുകയായിരുന്നു ചെയ്തത്. ഇപ്പോഴാവട്ടെ ലാഭത്തിൽ പ്രവർത്തിക്കുന്നവയും തന്ത്രപ്രധാനമായ മേഖലയിലുള്ളവയും യാതൊരു തത്വദീക്ഷയും ഇല്ലാതെ വിറ്റഴിക്കുന്ന സ്ഥിതിയും നിലനിൽക്കുകയാണ്.

രാജ്യത്തെ തകർക്കുന്ന ഈ നയത്തിന്റെ മകുടോദാഹരണമാണ് ലൈഫ് ഇൻഷുറൻസിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത്. ഇൻഷ്വറൻസ് മേഖല സ്വകാര്യ വിദേശ കമ്പനികൾക്ക് തുറന്നുകൊടുക്കുന്നതിനുള്ള തീവ്രമായ പരിശ്രമങ്ങൾ നേരത്തേ രാജ്യത്ത് ഉയർന്നുവന്നിരുന്നു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളും ഈ മേഖലയിൽ വളർന്നുവന്നു. എന്നാൽ അതിനെയെല്ലാം തൃണവത്ഗണിച്ചുകൊണ്ടുള്ള നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.

32 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള എൽ.ഐ.സിക്ക് 29 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണുള്ളത്. 2018-19 ൽ മാത്രം എൽ.ഐ.സി ലാഭവിഹിതമായി കേന്ദ്ര സർക്കാരിന് നൽകിയത് 2400 കോടിയിലധികം രൂപയാണ്. ആറുപതിറ്റാണ്ടോളമായി ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഊർജ്ജം പകർന്ന ഈ സ്ഥാപനം രാജ്യത്തിന്റെ വികസനത്തിന് നിസീമമായ പങ്കാണ് നിർവഹിച്ചിട്ടുള്ളത്. സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിനും രാഷ്ട്ര പുനർനിർമ്മാണത്തിനും എൽ.ഐ.സി വഹിക്കുന്ന പങ്ക് നിഷേധിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഇതിന്റെ ഓഹരി വിൽപ്പന നമ്മുടെ വികസന പ്രവർത്തനത്തെയും ബാധിക്കുമെന്ന് തിരിച്ചറിയേണ്ടതുണ്ട്.

രാജ്യത്തിലെ തന്ത്രപ്രധാനമായ ഏയർഇന്ത്യയുടെ മുഴുവൻ ഓഹരിയും വിറ്റുതുലയ്ക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നുണ്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എൽ വിറ്റഴിക്കാൻ ശ്രമങ്ങൾ നടക്കുന്നു. ഓഹരി മാത്രമല്ല, ഇവയുടെ കോടിക്കണക്കിന് രൂപ വിലവരുന്ന ആസ്തികൾ ചുളുവിലക്ക് വിൽക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുകയാണ്.

കേന്ദ്ര സർക്കാർ തുടർന്നുവരുന്ന സ്വകാര്യവത്ക്കരണ നയത്തിനെതിരായ ബദൽ നയങ്ങൾ ഉയർത്തി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുകയാണ്. കേന്ദ്ര സർക്കാർ സ്വകാര്യവത്ക്കരിക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയാണ്. കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിന്റെ പാലക്കാട് യൂണിറ്റിനെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് തുടർനടപടികൾ സ്വീകരിക്കുകയാണ്. ഭെല്ലിന്റെ ഓഹരികൾ വിറ്റുതുലക്കാനുള്ള തീരുമാനത്തിനെതിരെ അവ ഏറ്റെടുത്തുകൊണ്ടുള്ള ഇടപെടലും സംസ്ഥാന സർക്കാർ നടത്തിയിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ചെറുക്കുന്നതിന്റെ ഭാഗമായി അവ ഏറ്റെടുക്കുന്നതിനുള്ള ഇടപെടലും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുന്ന നയം രാജ്യത്തിന്റെ ഭാവിക്കും വികസനത്തിനും ഏറെ തടസ്സമായിത്തീരും. കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്റെ വിവിധ മേഖലകൾ തുറന്നുകൊടുക്കുന്ന ആഗോളവത്ക്കരണ നയങ്ങളുടെ ചുവടുപിടിച്ചുള്ള ഇത്തരം നയങ്ങൾ തിരുത്തിക്കുന്നതിനുള്ള ഇടപെടൽ വിവിധ തരത്തിൽ ഉയർന്നുവരേണ്ടതുണ്ട് - മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP