Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളം മുഴുവൻ അപലപിച്ച പൊലീസിന്റെ കിരാത നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി; ബിജെപിക്കാരും എസ്‌യുസിഐക്കാരും തോക്കുസ്വാമിയും സമരത്തിലേക്കു തള്ളിക്കയറാൻ ശ്രമിച്ചപ്പോളാണു പൊലീസ് ഇടപെട്ടത്; ഐജിയുടെ റിപ്പോർട്ട് കിട്ടിയശേഷം തുടർ നടപടി സ്വീകരിക്കും; മഹിജയെ കാണാൻ പോകില്ലെന്നും പിണറായി വിജയൻ

കേരളം മുഴുവൻ അപലപിച്ച പൊലീസിന്റെ കിരാത നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി; ബിജെപിക്കാരും എസ്‌യുസിഐക്കാരും തോക്കുസ്വാമിയും സമരത്തിലേക്കു തള്ളിക്കയറാൻ ശ്രമിച്ചപ്പോളാണു പൊലീസ് ഇടപെട്ടത്; ഐജിയുടെ റിപ്പോർട്ട് കിട്ടിയശേഷം തുടർ നടപടി സ്വീകരിക്കും; മഹിജയെ കാണാൻ പോകില്ലെന്നും പിണറായി വിജയൻ

തിരുവനന്തപുരം: കേരളം മൊത്തം അപലപിക്കുന്ന പൊലീസിന്റെ കിരാത നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാമ്പാടി നെഹ്രു കോളജിൽ ജിഷ്ണു പ്രാണോയ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു സമരം നടത്താനെത്തിയ അമ്മ മഹിജയ്ക്കു നേർക്ക് പൊലീസ് നടത്തിയ അതിക്രമത്തെയാണ് പിണറായി ന്യായീകരിച്ചത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന സഖാവുമായ വി എസ്. അച്യുതാനന്ദൻ അടക്കമുള്ളവർ പൊലീസിനെ രൂക്ഷമായി വിമർശിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശങ്ങൾ ഉണ്ടായത്.

ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും മാത്രമല്ല സമരത്തിനെത്തിയതെന്ന് പിണറായി വിജയൻ പറഞ്ഞു. പുറത്തുനിന്ന് എത്തിയവർ സമരത്തിലേക്കു തള്ളിക്കയറാൻ ശ്രമിച്ചു. ഇവരെയാണു പൊലീസ് തടയാൻ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ബിജെപി പ്രവർത്തകരും എസ്‌യുസിഐ പ്രവർത്തകരും തോക്കു സ്വാമി( ഹിമവൽ ഭദ്രാനന്ദ)യും സമരത്തിലേക്കു തള്ളിക്കയറാൻ ശ്രമിച്ചു.

ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ നടപടിയിൽ ഐജി മനോജ് ഏബ്രഹാമിനോടു റിപ്പോർട്ട് തേടിയതായും മുഖ്യമന്ത്രി അറിയിച്ചു. റിപ്പോർട്ട് കിട്ടിയശേഷം തുടർ നടപടി സ്വീകരിക്കും. ഇതോടൊപ്പം പൊലീസ് നടപടിയെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയിരിക്കുന്ന മഹിജയെ കാണാൻ പോകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

പൊലീസ് ആസ്ഥാനത്തിനു മുൻപിൽ നടന്ന അക്രമ സംഭവങ്ങളിൽ പുറത്തുനിന്നുള്ളവർക്കു പങ്കുണ്ടെന്നാണു ഡിജിപി ലോക്നാഥ് ബെഹ്റയും നേരത്തേ പറഞ്ഞത്. രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഉടൻതന്നെ റിപ്പോർട്ട് സമർപ്പിക്കാൻ ഐജിയോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പേരൂർക്കട ആശുപത്രിയിൽ ജിഷ്ണുവിന്റെ അമ്മ മഹിജയെയും ബന്ധുക്കളെയും സന്ദർശിച്ചശേഷമാണു ബെഹ്റ മാധ്യമങ്ങളോടു സംസാരിച്ചത്.
തങ്ങളുടെ കൂടെവന്നതു കുറച്ചുപേരാണെന്നും ബാക്കിയുള്ളവരെ അറിയില്ലെന്നും ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് അറിയിച്ചതായി ബെഹ്റ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഇക്കാര്യം ആവർത്തിച്ചിരിക്കുന്നത്.

ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനുമെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ മാറ്റേണ്ട കാര്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. ഡിജിപിക്കെതിരെ നടപടി ആവശ്യമുണ്ടെന്ന് കരുതുന്നില്ല. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തും. ഇതിന് സർക്കാരിനും പാർട്ടിക്കും ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കും കുടുംബത്തിനുമെതിരെ പൊലീസെടുത്ത നടപടി സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളുമായി ചർച്ച ചെയ്യുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കി.

ജിഷ്ണു പ്രണോയ് മരിച്ച് എൺപത് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കുടുംബം ഇന്നുമുതൽ നിരാഹാരസമരം നടത്താനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്.എന്നാൽ അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന് വ്യക്തമാക്കി പൊലീസ് ജിഷ്ണുവിന്റെ ബന്ധുക്കൾക്കെതിരെ അതിക്രമം കാട്ടുകയായിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. ഇതിനിടെ മഹിജയുടെ നാഭിക്കു പൊലീസ് തൊഴിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്.

ജിഷ്ണുവിന്റെ ബന്ധുക്കളെ മർദ്ദിച്ച പൊലീസ് നടപടിയിൽ ഡിജിപിയെ ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ കൂടിയായ വി എസ്. അച്യുതാനന്ദൻ ശകാരിക്കുകയുണ്ടായി. ഫോണിൽ വിളിച്ചു രൂക്ഷമായ ഭാഷയിലാണ് വി എസ് ഡിജിപി ലോക്നാഥ് ബെഹ്റയെ ശകാരിച്ചത്. ജിഷ്ണുവിന്റെ ബന്ധുക്കളെ പൊലീസ് പീഡിപ്പിക്കുകയാണെന്നും വി എസ് പറഞ്ഞു.

ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയാൽ വീണ്ടും പ്രതിഷേധവുമായി ഡിജിപി ഓഫിസിന് മുമ്പിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ജിഷ്ണുവിന്റെ സഹോദരി ആര്യയും ഡിജിപി ഓഫിസിന് മുമ്പിൽ നിരാഹാര സമരം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ ഐജിയോട് ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP