Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കശാപ്പുനിയന്ത്രണത്തിൽ കേന്ദ്രത്തിനെതിരെ നീങ്ങാൻ പിന്തുണ തേടി എല്ലാ മുഖ്യമന്ത്രിമാർക്കും കത്തയച്ച് പിണറായി; കാർഷികമേഖലയ്ക്ക് വൻ നഷ്ടമുണ്ടാക്കുന്ന തീരുമാനമെന്നും ലക്ഷങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നും വ്യക്തമാക്കി കേരള മുഖ്യമന്ത്രി; റംസാൻ മാസത്തിൽ ഈ ഉത്തരവ് പ്രഖ്യാപിച്ചത് നിഗൂഢമെന്ന് വ്യക്തമാക്കി മമത

കശാപ്പുനിയന്ത്രണത്തിൽ കേന്ദ്രത്തിനെതിരെ നീങ്ങാൻ പിന്തുണ തേടി എല്ലാ മുഖ്യമന്ത്രിമാർക്കും കത്തയച്ച് പിണറായി; കാർഷികമേഖലയ്ക്ക് വൻ നഷ്ടമുണ്ടാക്കുന്ന തീരുമാനമെന്നും ലക്ഷങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നും വ്യക്തമാക്കി കേരള മുഖ്യമന്ത്രി; റംസാൻ മാസത്തിൽ ഈ ഉത്തരവ് പ്രഖ്യാപിച്ചത് നിഗൂഢമെന്ന് വ്യക്തമാക്കി മമത

തിരുവനന്തപുരം: കശാപ്പു നിയന്ത്രണത്തിനെതിരെ എല്ലാ മുഖ്യമന്ത്രിമാരും ഒരുമിക്കണമെന്നും രാജ്യത്തെ കർഷകരേയും ലക്ഷക്കണക്കിന് ജനങ്ങളേയും ദോഷകരമായി ബാധിക്കുന്ന നിയന്ത്രണമാണ് കേന്ദ്രം അടിച്ചേൽപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാർക്കും കത്തയച്ചു. കേന്ദ്ര തീരുമാനത്തിനെതിരെ പിന്തുണ തേടി അയച്ച കത്തിൽ ഉത്തരവിനെതിരെ യോജിച്ചു നീങ്ങണമെന്ന അഭ്യർത്ഥനയാണ് ഉള്ളത്. അതേസമയം, രാജ്യത്തെ ജനങ്ങൾ എന്തുകഴിക്കണമെന്നു തീരുമാനിക്കുന്നതു കേന്ദ്ര സർക്കാരല്ലെന്നു വ്യക്തമാക്കി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രംഗത്തെത്തിയിട്ടുണ്ട്.

ലക്ഷണക്കണക്കിന് ആളുകളുെട ജീവിതത്തെ ബാധിക്കുന്നതാണു കേന്ദ്ര തീരുമാനം. കാർഷികമേഖലയ്ക്കു സാരമായ നഷ്ടമുണ്ടാക്കും. 1960 തൊട്ടു നിലവിലുള്ള നിയമത്തിൽ പൊടുന്നനേ ഭേദഗതി വരുത്തിയത് വിചിത്രമാണ്. ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണു ഈ നീക്കം. സംസ്ഥാനങ്ങളുടെ അധികാരത്തെ മറികടന്നാണ് കേന്ദ്രം ഉത്തരവിറക്കിയത്. മൃഗക്ഷേമം സംസ്ഥാന വിഷയത്തിൽപ്പെടുന്നതാണ്.

ഭരണഘടനയുടെ അടിസ്ഥാനതത്വത്തെയാണ് കേന്ദ്ര സർക്കാർ വെല്ലുവിളിക്കുന്നത്. പൗരന്മാരുടെ ഭക്ഷണ അവകാശത്തിന്മേലുള്ള കടന്നുകയറ്റം കൂടിയാണിത്. എന്തു കഴിക്കണമെന്നു തിരഞ്ഞെടുക്കേണ്ടത് ജനങ്ങളാണ്. ജനപ്രതിനിധികളുടെ അഭിപ്രായങ്ങളെ റദ്ദാക്കി, പൊതുസംവാദങ്ങളെ ഒഴിവാക്കാനാണു കേന്ദ്രം പ്രത്യേകാധികാരം ഉപയോഗിച്ചത്. എല്ലാ സംസ്ഥാനങ്ങളിലെയും ഗ്രാമീണ, കാർഷിക മേഖലയെ അപകടത്തിലേക്കു തള്ളിവിടുന്ന പ്രവൃത്തിയാണിത് - പിണറായി കത്തിൽ ചൂണ്ടിക്കാട്ടി.

റമസാൻ മാസത്തിൽ ഇത്തരമൊരു ഉത്തരവ് വന്നതു സംശയാസ്പദമാണെന്നും കേന്ദ്ര തീരുമാനം സംസ്ഥാനങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തെ അംഗീകരിക്കില്ലെന്നും കേന്ദ്ര ഉത്തരവിനെ നിയമമപരമായി നേരിടുമെന്നും വ്യക്തമാക്കി രംഗത്തെത്തിയ മമത രാജ്യത്തെ മതേതര രാഷ്ട്രീയപാർട്ടികൾ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടി.

കേന്ദ്ര തീരുമാനത്തിനെതിരെ എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ചുനിൽക്കേണ്ടതുണ്ടെന്നാണ് പിണറായി വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയും ഫെഡറലിസവും നശിക്കാതിരിക്കാൻ ഏവരും ഒരുമിച്ചു പോരാടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈയാവശ്യങ്ങൾ ഉന്നയിച്ചു മെയ്‌ 27ന് പ്രധാനമന്ത്രിക്ക് പിണറായി വിജയൻ അയച്ച കത്തിന്റെ പകർപ്പും ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP