Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

പിണറായി മന്ത്രിസഭ ആദ്യം പരിഗണിച്ചതു ജിഷ കേസ്; അന്വേഷണത്തിനു ബി സന്ധ്യയുടെ നേതൃത്വത്തിൽ പുതിയ ടീം: മുഖ്യമന്ത്രിയായ ശേഷം പിണറായിയുടെ ആദ്യ വാർത്താസമ്മേളനത്തിൽ ചർച്ചാവിഷയം ജിഷയുടെ കൊലപാതകം

പിണറായി മന്ത്രിസഭ ആദ്യം പരിഗണിച്ചതു ജിഷ കേസ്; അന്വേഷണത്തിനു ബി സന്ധ്യയുടെ നേതൃത്വത്തിൽ പുതിയ ടീം: മുഖ്യമന്ത്രിയായ ശേഷം പിണറായിയുടെ ആദ്യ വാർത്താസമ്മേളനത്തിൽ ചർച്ചാവിഷയം ജിഷയുടെ കൊലപാതകം

തിരുവനന്തപുരം: അധികാരമേറ്റ പിണറായി വിജയൻ മന്ത്രിസഭ ആദ്യം പരിഗണിച്ചത് ജിഷ കേസ്. അന്വേഷണ സംവിധാനത്തിൽ മാറ്റം വരുത്തുമെന്നു മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞു. നിയമനനിരോധനം, മുൻസർക്കാരിന്റെ വിവാദ ഉത്തരവുകൾ എന്നിവയിൽ ഉടൻ ആവശ്യമായ ഇടപെടൽ നടത്താനും ഇടതുപക്ഷ സർക്കാരിന്റെ ആദ്യ കാബിനറ്റ് യോഗം തീരുമാനിച്ചതായും പിണറായി അറിയിച്ചു.

ആദ്യ മന്ത്രിസഭായോഗത്തിനുശേഷമായിരുന്നു പിണറായിയുടെ വാർത്താസമ്മേളനം. ജിഷയുടെ കൊലപാതകം വനിതാ എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്നും പിണറായി പറഞ്ഞു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

45 ദിവസത്തിനകം ജിഷയുടെ വീട് സർക്കാർ പൂർത്തിയാക്കും. ഇതിൽ ജില്ലാകളക്ടർ മേൽനോട്ടം വഹിക്കും. ജിഷയുടെ അമ്മയ്ക്കു പ്രതിമാസം 5000 രൂപ വീതം നൽകും. ജിഷയുടെ സഹോദരിക്ക് ഉടൻ ജോലി നൽകുമെന്നും പിണറായി പറഞ്ഞു.

വിലക്കയറ്റം പിടിച്ചു നിർത്താൻ അടിയന്തര നടപടി സ്വീകരിക്കും. വിലക്കയറ്റം പിടിച്ച് നിർത്താൻ സിവിൽസപ്‌ളൈസ് കോർപറേഷന്റെ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തും. ഇതിനായുള്ള തുക 75 കോടിയിൽനിന്ന് 150 കോടിയായി ഉയർത്തും. സിവിൽസപ്‌ളൈസ് കോർപറേഷന്റെ പ്രവർത്തനം കുറ്റമറ്റതാക്കാൻ നടപടിയെടുക്കും.

നിലവിലുള്ള അപ്രഖ്യാപിത നിയമന നിരോധനത്തിന് അറുതി വരുത്തും. വിവിധ വകുപ്പുകളിലുള്ള ഒഴിവുകൾ പി എസ് സിക്ക് 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും. ഇതിൻെർ പുരോഗതി ചീഫ് സെക്രട്ടറി വിലയിരുത്തും. പിഎസ്‌സി ലിസ്റ്റ് ഇല്ലാത്ത വകുപ്പുകളിൽ എത്ര ഒഴിവുകളുണ്ടെന്നും പരിശോധിക്കും. മറ്റ് പ്രായോഗിക പ്രശ്‌നങ്ങൾ പിഎസ്‌സിയുമായി ചർച്ചചെയ്‌രത് പരിഹരിക്കും.

ക്ഷേമപെൻഷനുകൾ 1000 രൂപയായി വർധിപ്പിച്ചു. ക്ഷേമ പെൻഷനുകളിലെ കുടിശിക കൊടുത്തുതീർക്കും. ബജറ്റിൽ ഇതിന്റെ വിശദാംശങ്ങൾ പ്രഖ്യാപിക്കും. വീടുകളിൽ പെൻഷൻ എത്തിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

കേരളത്തിൽ പഞ്ചവത്സര പദ്ധതി തുടരും. 13ാം പഞ്ചവൽസര പദ്ധതിക്കായി രൂപരേഖ തയാറാക്കും. ഇതിന് സർക്കാരും തദ്ദേശഭരണ സമിതികളും ഒരുമിച്ചു പ്രവർത്തിക്കും. കേരളത്തിൽ പ്‌ളാനിങ് ബോർഡ് വേണമെന്നാണ് സർക്കാർ തീരുമാനമെന്ന് പിണറായി പറഞ്ഞു.മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കും. 27നു രാവിലെ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചുചേർക്കും.

കഴിഞ്ഞ ജനുവരി 1 മുതൽ ഒട്ടേറെ വിവാദ തീരുമാനങ്ങൾ സർക്കാർതലത്തിൽ എടുത്തിരുന്നു. അത്തരം നിയമവിരുദ്ധ വിവാദ തീരുമാനങ്ങൾ പരിശോധിക്കും. അതിനായി എ കെ ബാലൻ കൺവീനറായി മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. തോമസ് ഐസക്, വി എസ് സുനിൽ കുമാർ, ഘടകകക്ഷികളിലെ മറ്റെല്ലാമന്ത്രിമാരും ഈ ഉപസമിതിയിൽ അംഗങ്ങളാണ്.

നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഗവർണറുടെ സൗകര്യം കൂടി കണക്കിലെടുത്തു നടത്തും. മന്ത്രിമാർക്കു സ്വീകരണം നൽകുന്ന പരിപാടികളിൽ കുട്ടികളെകൊണ്ടു നിർത്തുന്നതും സ്ത്രീകളുടെ താലപ്പൊലി ഏർപ്പെടുത്തുന്നതും ഒഴിവാക്കണമെന്നും പിണറായി അഭ്യർത്ഥിച്ചു.

28ന് ഡൽഹിയിലേക്കുള്ള യാത്രയിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ധനകാര്യമന്ത്രി, സംസ്ഥാനങ്ങളുടെ ചുമതലയുള്ള മന്ത്രി എന്നിവരെ കാണുമെന്നും പിണറായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP