Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ ഒരു വർഷം തികച്ചതിൽ പ്രതിപക്ഷത്തിന് അസ്വസ്ഥതയെന്ന് പിണറായി വിജയൻ; എന്തു വന്നാലും ഏൽപ്പിച്ച ജോലിയും കർമ്മവും നിറവേറ്റും; യുഡിഎഫ് ഭരണത്തിൽ മോന്തായവും അറുപത്തിനാലും വളഞ്ഞുവെന്നും മുഖ്യമന്ത്രി; ഇടതു സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങൾക്ക് നിറപ്പകിട്ടോടെ തുടക്കം; വീഡിയോ കാണാം

സർക്കാർ ഒരു വർഷം തികച്ചതിൽ പ്രതിപക്ഷത്തിന് അസ്വസ്ഥതയെന്ന് പിണറായി വിജയൻ; എന്തു വന്നാലും ഏൽപ്പിച്ച ജോലിയും കർമ്മവും നിറവേറ്റും; യുഡിഎഫ് ഭരണത്തിൽ മോന്തായവും അറുപത്തിനാലും വളഞ്ഞുവെന്നും മുഖ്യമന്ത്രി; ഇടതു സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങൾക്ക് നിറപ്പകിട്ടോടെ തുടക്കം; വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ ചടങ്ങുകൾ തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയിൽ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സർക്കാർ ഒരു വർഷം തികച്ചതിൽ പ്രതിപക്ഷത്തിന് അസ്വസ്ഥതയാണെന്ന് പിണറായി വിജയൻ പറഞ്ഞു. ആരോഗ്യകരമായ വിമർശനങ്ങളെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നശീകരണവാസനയോടെ സമീപിച്ചാൽ തളരില്ല.

 

'സർക്കാർ ജനനന്മയ്ക്കായി ചെയ്യുന്ന കാര്യങ്ങളിൽ ആക്ഷേപവും അപഹാസ്യവും ചൊരിയുവാണ് ചിലർ. ആരോഗ്യപരമായ വിമർശനങ്ങൾ കൂടുതൽ കർമോത്സുകരാകാനാണ് ഞങ്ങളെ സഹായിക്കുക. എന്നാൽ നശീകരണ വാസനയോടെ സമീപിക്കുന്നവരോട് ഒന്നേ ഉള്ളൂ മറുപടി. തങ്ങളെ ഏൽപ്പിച്ച ജോലി, കർമ്മം ഞങ്ങൾ എന്ത് തന്നെ വന്നാലും ചെയ്യും.'-മുഖ്യമന്ത്രി പറയുന്നു.

'കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വഴിവിട്ട നീക്കങ്ങളാൽ ഇവിടെ ഉണ്ടായിരുന്ന ഒരു സിസ്റ്റം തകർന്നു. എണ്ണിയാലൊടുങ്ങാത്ത വഴിവിട്ട നീക്കങ്ങളായിരുന്നു ഇതിന് പിന്നിൽ. ഒരു സർക്കാരിനെ, സർക്കാരിന്റെ സംവിധാനങ്ങളെ ഉപയോഗിച്ച് ഇത്തരം വഴിവിട്ട നീക്കങ്ങൾ നടത്തിയവരെ എങ്ങനെയെല്ലാം സംരക്ഷിക്കാമെന്നാണ് ശ്രമിച്ചത്. അത് ചെയ്തവർ എത്ര ഉന്നതാരാണെന്ന് ഇവിടെ എല്ലാവർക്കും അറിയാം. മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും എന്ന ഒരു നാടൻ ചൊല്ലുണ്ട് അവിടാണ് കാര്യങ്ങൾ എത്തിയത്.'-മുഖ്യമന്ത്രി പറയുന്നു.

തീരദേശപാതയും മലയോരഹൈവേയും സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയജലപാത കേരളത്തിന്റെ സ്വപ്നമാണെന്നും അത് സാധ്യമാക്കാനുള്ള നടപടികൾ ഉണ്ടാവുമെന്നും അദേഹം പറഞ്ഞു. ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.

നെയ്യാറിൽനിന്ന് യുദ്ധകാലാടിസ്ഥാനത്തിൽ അരുവിക്കരയിൽ വെള്ളമെത്തിച്ച് തലസ്ഥാന നഗരിയുടെ ജലക്ഷാമം പരിഹരിച്ച വാട്ടർ അഥോറിറ്റി ജീവനക്കാരെയും തൊഴിലാളികളെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് ബാലഭാസ്‌കർ, മട്ടന്നൂർ ശങ്കരൻകുട്ടി, രഞ്ജിത്ത് ബാരോട്ട്, ഫസൽ ഖുറേഷി എന്നിവരുടെ ബിഗ്‌ബാൻഡ് നടക്കും.

വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് സ്ത്രീകളും കുട്ടികളും വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖരും ചേർന്ന് 1000 മൺചെരാതുകൊളുത്തി. മന്ത്രിമാർ, മേയർ, വിവിധ കക്ഷിനേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം മുൻ മുഖ്യമന്ത്രിയും മുതിർന്ന സഖാവുമായ വി എസ്. അച്യുതാന്ദൻ ചടങ്ങിൽ പങ്കെടുത്തില്ല. ഔദ്യോഗിക ക്ഷണം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് വി എസ് പങ്കെടുക്കാതിരിക്കുന്നത്. എംഎൽഎമാർക്കുള്ള പാസ് ആണ് അദ്ദേഹത്തിനു നല്കിയത്. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ച് ചെന്നിത്തല അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ചടങ്ങിൽനിന്നു വിട്ടുനിന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP